എകിടികെയ്‌ക്കായി ലിവർപൂൾ , എംബ്യൂമോ യുണൈറ്റഡിലേക്ക്

ഹ്യൂഗോ എകിടികെ

Sports Desk
Published on Jul 19, 2025, 04:33 AM | 1 min read
ലണ്ടൻ
ഫ്രഞ്ച് താരം ഹ്യൂഗോ എകിടികെയ്‌ക്കായി ലിവർപൂൾ രംഗത്ത്. ഈയാഴ്‌ചക്കുള്ളിൽ കരാറാകുമെന്നാണ് സൂചന. നിലവിൽ ജർമൻ ക്ലബ് ഐൻട്രാക്‌റ്റ് ഫ്രാങ്ക്‌ഫുർട്ടിന് വേണ്ടിയാണ് മുന്നേറ്റക്കാരൻ കളിക്കുന്നത്. ഏകദേശം 800 കോടി രൂപയ്‌ക്കായിരിക്കും കരാർ.
അടുത്ത സീസണിൽ പ്രധാന സ്‌ട്രൈക്കർക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാർ. ന്യൂകാസിൽ യുണൈറ്റഡിന്റെ അലെക്‌സാണ്ടർ ഇസാക്കായിരുന്നു ആദ്യ ലക്ഷ്യം. എന്നാൽ, സ്വിറ്റ്‌സർലൻഡുകാരനായി വൻ തുകയാണ് ന്യൂകാസിൽ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് എകിടികെയ്‌ക്കായി ലിവർപൂൾ വലവിരിച്ചത്.
താരകൈമാറ്റ ജാലകത്തിൽ മൂന്ന് പ്രധാന കളിക്കാരെ ഇതിനകം ഇംഗ്ലീഷ് വമ്പൻമാർ സ്വന്തമാക്കി. ജർമൻ മധ്യനിര താരം ഫ്‌ളോറിയാൻ വിറ്റ്‌സാണ് അതിൽ പ്രധാനി. ഫുൾ ബാക്കുകളായ മിലോസ് കെർകെസിനെയും ജെറെമി ഫ്രിംപോങ്ങിനെയും കരാറാക്കി.
ന്യൂകാസിലായിരുന്നു എകിടികെയ്‌ക്കായി ആദ്യം രംഗത്തെത്തിയത്. എന്നാൽ, ഐൻട്രാക്‌റ്റ് വിസമ്മതം അറിയിച്ചു. ബ്രെന്റ്ഫോർഡ് സ്‌ട്രൈക്കർ യൊവാനെ വിസ്സയ്‌ക്കായുള്ള ശ്രമത്തിലാണ് ഇപ്പോൾ ന്യൂകാസിൽ. അതേസമയം, ബ്രെന്റ്‌ഫോർഡ് മുന്നേറ്റക്കാരൻ ബ്രയാൻ എംബ്യൂമോ മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ ഭാഗമാകും. രണ്ട് തവണ കാമറൂണുകാരന് വേണ്ടി യുണൈറ്റഡ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിൽ 753 കോടി രൂപയുടെ കരാറിനാണ് ബ്രെന്റ്‌ഫോർഡ് സമ്മതം മൂളിയത്. ഈ താരകൈമാറ്റ ജാലകത്തിൽ യുണൈറ്റഡിൽ എത്തുന്ന മൂന്നാമത്തെ കളിക്കാരനാണ് എംബ്യൂമോ.









0 comments