യൂറോപ്പിൽ റെക്കോഡിട്ട് ഇംഗ്ലീഷ് ക്ലബ് , ലക്ഷ്യം മുഴുവൻ ട്രോഫികളും
ആറ് കളിക്കാർക്ക് 5263 കോടി രൂപ ; പണമെറിഞ്ഞ് ലിവർപൂൾ

അലെക്സാണ്ടർ ഇസാക്

Sports Desk
Published on Sep 03, 2025, 12:00 AM | 1 min read
ലണ്ടൻ
ലിവർപൂളിന് എന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ചാമ്പ്യൻമാർ കളിക്കാരെ ചാക്കിലാക്കാൻ മുമ്പെങ്ങും കാണാത്ത വിധത്തിൽ പണം ഇറക്കുന്നു. പുതിയ സീസണിൽ കളിക്കാരെ എത്തിക്കാൻ ചെലവഴിച്ചത് റെക്കോഡ് തുകയാണ്. ആറുപേർക്ക് 5263 കോടി രൂപ. കൈമാറ്റ തുകയും പ്രതിഫലവും ഉൾപ്പെടെയാണിത്. യൂറോപ്യൻ ഫുട്‌ബോളിൽ ഒരു സീസണിൽ ആദ്യമായാണ് ഒരു ക്ലബ് ഇത്രയും പണം താരകൈമാറ്റജാലകത്തിൽ ചെലവിട്ടത്. 2023ൽ ചെൽസി 4711 കോടി രൂപയ്‌ക്ക് കളിക്കാരെ സ്വന്തമാക്കിയിരുന്നു.
പുതിയ സീസണിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ എല്ലാ ട്രോഫികളും ലക്ഷ്യമിട്ടാണ് ആർണെ സ്ലോട്ട് പരിശീലിപ്പിക്കുന്ന ലിവർപൂൾ തയ്യാറെടുക്കുന്നത്. എല്ലാ നിരയിലും പ്രധാന യുവതാരങ്ങളെയാണ് എത്തിച്ചത്. ബയേർ ലെവർകൂസനിൽനിന്ന് ജർമൻ മധ്യനിരക്കാരൻ ഫ്ലോറിയൻ വിറ്റ്‌സിനെയും (1366 കോടി രൂപ), ഡച്ച് പ്രതിരോധക്കാരൻ ജെറെമി ഫ്രിംപോങ്ങിനെയുമാണ് (341 കോടി രൂപ) ആദ്യം കൊണ്ടുവന്നത്.
പിന്നാലെ ബോണിമൗത്തിൽനിന്ന് ഹംഗേറിയൻ പ്രതിരോധ താരം മിലോസ് കെർകെസ് (471 കോടി രൂപ), പാർമയിൽനിന്ന് ഇറ്റലി പ്രതിരോധക്കാരൻ ജിയോവാനി ലിയോനി (306 കോടി രൂപ), ഐൻട്രാക്‌ട് ഫ്രാങ്ക്‌ഫുർട്ടിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരൻ ഹ്യൂഗോ എകിടികെ (813 കോടി രൂപ) എന്നിവരെയും എത്തിച്ചു. ഏറ്റവും ഒടുവിലായി ന്യൂകാസിൽ യുണൈറ്റഡിൽനിന്ന് പ്രീമിയർ ലീഗിലെ റെക്കോഡ് തുകയ്‌ക്ക് അലെക്‌സാണ്ടർ ഇസാക് ടീമിലെത്തി. സ്വീഡൻകാരന് കൈമാറ്റ തുകയായിമാത്രം നൽകിയത് 1491 കോടി രൂപയാണ്.
പണം വാരിയെറിയാൻ ലിവർപൂളിനെ സഹായിച്ചത് നിലവിലുള്ള കളിക്കാരെ കൈമാറിയതിനാൽകൂടിയാണ്. ലൂയിസ് ഡയസ്, ഡാർവിൻ ന്യൂനെസ്, ജാറെൽ ഖുവാൻഷ്, ട്രെന്റ് അലെക്‌സാണ്ടർ ആർണോൾഡ് തുടങ്ങിയവരെ മറ്റ് ക്ലബ്ബുകൾക്ക് വിറ്റതുവഴി 2360 കോടി രൂപ സമ്പാദിച്ചത് ഗുണകരമായി.









0 comments