തുടർച്ചയായ മൂന്നാംതോൽവി ; ലിവർപൂൾ തളരുന്നു

Liverpool Fc
avatar
Sports Desk

Published on Oct 06, 2025, 12:00 AM | 1 min read


ലണ്ടൻ

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ ചാമ്പ്യൻമാരായ ലിവർപൂളിന്‌ അടിതെറ്റുന്നു. ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ ആർണെ സ്ലോട്ടിന്റെ സംഘത്തിന്‌ ഒന്നാം സ്ഥാനം നഷ്ടമായി. ചാമ്പ്യൻസ്‌ ലീഗിലേത്‌ ഉൾപ്പെടെ മൂന്ന്‌ തുടർതോൽവികളായി.

ലീഗിൽ ചെൽസിയോട്‌ 2–1ന്‌ തോറ്റു. ബ്രസീൽ ക‍ൗമാരക്കാരൻ എസ്‌റ്റെവായോ പരിക്കുസമയത്ത്‌ നേടിയ ഗോളിലായിരുന്നു ചെൽസിയുടെ ജയം.


സ്‌റ്റാംഫോർഡ് ബ്രിഡ്‌ജിൽ കളി തുടങ്ങി കാൽമണിക്കൂറിൽ ചെൽസി ലീഡ്‌ നേടി. മോയ്‌സെസ്‌ കയ്‌സെദോയുടെ തകർപ്പൻ ലോങ്‌റേഞ്ചറിൽ മുന്നിലെത്തുകയായിരുന്നു. ഇടവേളയ്‌ക്കുശേഷം കോഡി ഗാക്‌പോ ഒന്ന്‌ മടക്കിയതോടെ ലിവർപൂൾ സമനില പ്രതീക്ഷിച്ചു. എന്നാൽ പരിക്കുസമയത്തിന്റെ അഞ്ചാം മിനിറ്റിൽ എസ്‌റ്റെവായോ ഞെട്ടിച്ചു. മാർക്‌ കുകുറെല്ലയുടെ ക്രോസിൽ പതിനെട്ടുകാരൻ തലവയ്‌ക്കുകയായിരുന്നു.


11 പോയിന്റുമായി ചെൽസി ആറാമതാണ്‌. ലിവർപൂൾ രണ്ടാം പടിയിലേക്കിറങ്ങി. അവസാന മത്സരത്തിൽ ക്രിസ്‌റ്റൽ പാലസിനോടായിരുന്നു സ്ലോട്ടും സംഘവും തോറ്റത്‌. ആദ്യ അഞ്ച്‌ കളിയിലും ജയമായിരുന്നു. ചാമ്പ്യൻസ്‌ ലീഗിൽ തുർക്കി ക്ലബ്‌ ഗലറ്റസാറിയോടായിരുന്നു തോൽവി.


വെസ്‌റ്റ്‌ഹാമിനെ രണ്ട്‌ ഗോളിന്‌ കീഴടക്കി അഴ്‌സണൽ ഒന്നാമതെത്തി. സണ്ടർലൻഡിനെതിരായ രണ്ട്‌ ഗോൾ ജയം മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ പരിശീലകൻ റുബെൻ അമോറിമിന്‌ ആശ്വാസം പകർന്നു. മാഞ്ചസ്റ്റർ സിറ്റി ഒരു ഗോളിന് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചു. എർലിങ് ഹാലണ്ടാണ് വിജയഗോൾനേടിയത്.




deshabhimani section

Related News

View More
0 comments
Sort by

Home