വീണ്ടും ഇരട്ടഗോൾ; മയാമിക്കായി ഗോളടി തുടർന്ന് മെസി

ഫിലാഡൽഫിയ: സൂപ്പർ താരം ലയണൽ മെസിയുടെ ചിറകിലേറി വിജയം തുടർന്ന് ഇന്റർ മയാമി. മേജർ സോക്കർ ലീഗിൽ ഇരട്ടഗോളുമായി മെസി തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് മയാമി ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെ തകർത്തത്. കളിയുടെ ആദ്യപകുതിയിൽ തന്നെ താരം ടീമിനായി ഗോളുകൾ നേടി. 27-ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ പ്രതിരോധ താരത്തിന്റെ പിഴവ് മുതലെടുത്ത് മെസി പന്ത് വലയിലെത്തിക്കുകയായിരുന്നു. 37-ാം മിനിറ്റിൽ മെസിയുടെ ഗോളിലൂടെ ടീം ആധിപത്യം ഉറപ്പിച്ചു. 80-ാം മിനിറ്റിൽ കാൾസ് ഗിൽ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനായി ആശ്വാസ ഗോൾ നേടി.
18 മത്സരങ്ങളിൽ നിന്ന് പത്ത് ജയവും മൂന്ന് തോൽവിയും അഞ്ച് സമനിലയുമടക്കം 35 പോയന്റാണ് ടീമിനുള്ളത്. മയാമിയുടെ അവസാന അഞ്ചു മത്സരങ്ങളിൽ നിന്ന് മെസി ഒമ്പതു ഗോളുകളാണ് നേടിയത്. തുടർച്ചയായ നാലാം മത്സരത്തിലാണ് മെസി ഇരട്ട ഗോളുകൾ നേടുന്നത്. ഇതോടെ മേജർ സോക്കർ ലീഗിൽ തുടർച്ചയായി ഇരട്ടഗോളുകള്‍ നേടുന്ന ആദ്യതാരമെന്ന് റെക്കോർഡും താരം സ്വന്തമാക്കി.









0 comments