വീണ്ടും ഇരട്ടഗോളുമായി മെസി; റെഡ് ബുൾസിനെ തകർത്ത് മയാമി

messi
വെബ് ഡെസ്ക്

Published on Jul 20, 2025, 10:34 AM | 1 min read

മയാമി: മേജർ ലീഗ്‌ സോക്കറിൽ വീണ്ടും മെസി മാജിക്. ഇരട്ട​ഗോളും ഒരു അസിസ്റ്റുമായി ലയണൽ മെസി വീണ്ടും തിളങ്ങിയതോടെ ന്യൂയോർക്ക് റെഡ് ബുൾസിനെ 5-1നാണ് ഇൻ്റർ മയാമി പരാജയപ്പെടുത്തിയത്. ഒരു ​ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മയാമി റെഡ്ബുൾസിനെ ​ഗോളിൽ മുക്കിയത്. കഴിഞ്ഞ മത്സരത്തിൽ സിൻസിനാറ്റിയോട് 3-0ന് തോറ്റതിന് പിന്നാലെയാണ് ടീമിന്റെ തിരിച്ചുവരവ്.



കളിയുടെ 14-ാം മിനിറ്റിൽ ഹാക്കിൻ്റെ ഗോളിലൂടെ റെഡ് ബുൾസ് മുന്നിലെത്തി. എന്നാൽ 24-ാം മിനിറ്റിൽ മയാമി സമനില പിടിച്ചു. ബോക്സിനകത്തേക്ക് മെസി നൽകിയ പാസിൽ നിന്ന് ജോർഡി ആൽബയാണ് ടീമിനായി ​ഗോൾ നേടിയത്. പിന്നാലെ കളിയുടെ നിയന്ത്രണം മുഴുവൻ മയാമിയുടെ കൈകളിലായി. 27-ാം മിനിറ്റിൽ സെഗോവിയ ടീമിനായി ലീഡ് നേടി. ജോർഡി ആൽബയാണ് ഇത്തവണ ​ഗോളിന് വഴിയൊരുക്കിയത്. ആദ്യപകുതി അവസാനിക്കാനിരിക്കെ രണ്ടാം ​ഗോളുമായി സെഗോവിയ ടീമിനെ മുന്നോട്ട് നയിച്ചു.



കളിയുടെ രണ്ടാം പകുതിയിലും റെഡ് ബുൾസിനെ കാഴ്ചക്കാരാക്കി മയാമി മുന്നേറ്റം തുടർന്നു. 60-ാം മിനിറ്റിലായിരുന്നു മെസി ​ടീമിനായി ഗോൾ കണ്ടെത്തിയത്. സെർജിയോ ബുസ്കെറ്റ്സിന്റെ മനോഹരമായ പാസ് മെസി ​ഗോളാക്കി മാറ്റുകയായിരുന്നു. പ്രതിരോധ താരങ്ങളെ മറികടന്ന് ലഭിച്ച പന്ത് ​ഗോളിയെ കബളിപ്പിച്ച് അനായാസം ​ഗോളാക്കി. 75-ാം മിനിറ്റിൽ സുവാരസ് നൽകിയ ക്രോസിൽ നിന്നായിരുന്നു മുപ്പത്തെട്ടുകാരന്റെ രണ്ടാം ഗോൾ. ഇതോടെ സീസണിൽ 18 കളിയിൽ 18 ഗോളായി. ഏഴെണ്ണത്തിന്‌ അവസരവുമൊരുക്കി. മയാമിയിൽ 68 കളിയിൽ 57 ഗോളായി. കളിജീവിതത്തിൽ ആകെ 874 എണ്ണം. ലീ​ഗിൽ 21 കളിയിൽ 41 പോയിന്റുമായി അഞ്ചാമതാണ്‌ മയാമി.






deshabhimani section

Related News

View More
0 comments
Sort by

Home