യമാലിന് പത്താം നമ്പർ ; ബാഴ്സലോണയുടെ വിഖ്യാത കുപ്പായം


Sports Desk
Published on Jul 18, 2025, 12:00 AM | 1 min read
ബാഴ്‌സലോണ
ബാഴ്‌സലോണയുടെ പത്താം നമ്പർ കുപ്പായം ഇനിമുതൽ ലമീൻ യമാൽ അണിയും. ദ്യോഗോ മറഡോണയും റൊണാൾഡീന്യോയും ലയണൽ മെസിയും ബാഴ്‌സയിൽ പത്താം നമ്പറിലാണ് കളിച്ചത്. പതിനെട്ട് വയസ് പൂർത്തിയായ യമാലിന് 2031വരെ കരാറുണ്ട്. കഴിഞ്ഞ സീസണിൽ 19–-ാം നമ്പർ കുപ്പായമായിരുന്നു.
2021ൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയപ്പോൾ യുവതാരം അൻസു ഫാറ്റിയാണ് പത്താം നമ്പർ കുപ്പായമിട്ടത്. എന്നാൽ, നിരന്തര പരിക്ക് കാരണം മികവ് നിലനിർത്താൻ കഴിയാതെപോയ ഫാറ്റിക്ക് ടീമിൽ അവസരങ്ങൾ കുറഞ്ഞു. മൊണാകോയിൽ വായ്‌പാടിസ്ഥാനത്തിലാണ് സ്‌പാനിഷുകാരൻ ഇപ്പോൾ കളിക്കുന്നത്.
യമാൽ കഴിഞ്ഞ സീസണിൽ ബാഴ്‌സയ്‌ക്കും സ്‌പാനിഷ് ദേശീയ ടീമിനുമായി മിന്നുന്ന പ്രകടനം പുറത്തെടുത്തു. കറ്റാലൻമാർക്കായി 106 മത്സരങ്ങളിൽ ഇറങ്ങി. 25 ഗോൾ നേടി. രണ്ട് സ്‌പാനിഷ് ലീഗ്, കിങ്‌സ് കപ്പ്, സ്‌പാനിഷ് സൂപ്പർ കപ്പ് എന്നിവ സ്വന്തമാക്കി. യൂറോ കപ്പ് നേടിയ സ്‌പാനിഷ് ടീമിലും അംഗമായി.ചാമ്പ്യൻസ് ലീഗും ലോകകപ്പുമാണ് അടുത്ത ലക്ഷ്യമെന്ന് യമാൽ പറഞ്ഞു.









0 comments