ഖാലിദ് ജമീൽ
ഇന്ത്യൻ പാഠം ; വലിയ പ്രതീക്ഷയോടെ നിയമനം


Sports Desk
Published on Aug 02, 2025, 02:47 AM | 2 min read
ന്യൂഡൽഹി
ഇന്ത്യൻ ഫുട്ബോളിന്റെ മർമം അറിയുന്ന പരിശീലകനാണ് ഖാലിദ് ജമീൽ. കളിക്കാരനായും കോച്ചായും 28 വർഷമായി രംഗത്തുണ്ട്. തോൽവിയുടെ പടുകുഴിയിൽ വീണുകിടക്കുന്ന ടീമിനെ രക്ഷിക്കാൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) നാൽപ്പത്തെട്ടുകാരനെ ചുമതലപ്പെടുത്തിയത് യാദൃശ്ചികമല്ല.
പതിമൂന്ന് വർഷത്തിനുശേഷമാണ് ദേശീയടീമിന് ഇന്ത്യൻ പരിശീലകൻ എത്തുന്നത്. 2011–-12 സീസണിൽ സാവിയോ മെദയ്‌റെയായിരുന്നു അവസാന ഇന്ത്യക്കാരൻ. പിന്നീട് വന്നതെല്ലാം വിദേശ കോച്ചുമാർ.
ഐ എം വിജയന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കൽ കമ്മിറ്റിയാണ് പുതിയ പരിശീലകനെ ശുപാർശചെയ്‌തത്. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഷബീറലി, അംഗമായ ക്ലൈമാക്‌സ് ലോറൻസ്, ടെക്നിക്കൽ ഡയറക്ടർ സയ്ദ് ഷബീർ പാഷ അടക്കമുള്ളവർ ഇന്ത്യക്കാരനെ നിയമിക്കണമെന്ന നിലപാടായിരുന്നു. ഇത് ഫെഡറേഷൻ അംഗീകരിച്ചു.
കളത്തിലും പുറത്തും പ്രതിസന്ധി നേരിടുന്ന എഐഎഫ്‌എഫ് വിദേശ കോച്ചിനെ എത്തിച്ചാലുള്ള വലിയ സാമ്പത്തിക ബാധ്യതയും ഇതിലൂടെ ഒഴിവാക്കി. ഒപ്പം നിലവിലെ സാഹചര്യത്തിൽ പരിചയസമ്പന്നനായ നാട്ടുകാരനാകും ഉചിതമെന്ന പൊതുഅഭിപ്രായവും ഉയർന്നു. അന്തിമപട്ടികയിൽ ഖാലിദിനെകൂടാതെ സ്റ്റീഫൻ കോൺസ്റ്റന്റൈൻ (ബ്രിട്ടൻ), സ്‌റ്റെഫാൻ തർകോവിച്ച് (സ്ലൊവാക്യ) എന്നിവരുമുണ്ടായി. ആകെ 170 അപേക്ഷകൾ വന്നു.
സ്പാനിഷുകാരൻ മനോലോ മാർക്വസ് പടിയിറങ്ങിയതോടെയാണ് ഇന്ത്യ പുതിയ കോച്ചിനെ തേടിയത്. എട്ട് കളിയിൽ ഒറ്റ ജയംമാത്രമാണ് മനോലോയ്ക്കുകീഴിൽ. ഫിഫ റാങ്കിങ്ങിൽ 133–-ാം സ്ഥാനത്തേക്ക് വീണു.
കുവൈത്തിൽ ജനിച്ച ഖാലിദിന്റെ രക്ഷിതാക്കൾ പഞ്ചാബിൽനിന്നാണ്. കൗമാരകാലത്ത് ഇന്ത്യയിലെത്തി. 1997ൽ മഹീന്ദ്ര യുണൈറ്റഡിലൂടെ കളി തുടങ്ങിയ മധ്യനിരക്കാരൻ എയർ ഇന്ത്യ, മുംബൈ എഫ്സി ക്ലബ്ബുകൾക്കായും കുപ്പായമിട്ടു. ഇന്ത്യക്കായി 12 തവണയിറങ്ങി. 2009മുതൽ പരിശീലകനാണ്. എഎഫ്സി പ്രോ ലൈസൻസ് ഉടമ ഇതുവരെ ഏഴ് ക്ലബ്ബുകളുടെ ചുമതലവഹിച്ചു.
ഐ ലീഗിൽ 2017ൽ ഐസ്വാൾ എഫ്‌സിയെ ചാമ്പ്യൻമാരാക്കി ശ്രദ്ധിക്കപ്പെട്ടു. ശരാശരി ടീമിനെ മികച്ച സംഘമാക്കി മാറ്റാൻ മിടുക്കുണ്ട്. പുതിയ താരങ്ങളെ കണ്ടെത്തി വളർത്തുന്നതിൽ നിർണായക ഇടപെടൽ നടത്താറുണ്ട്.
നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിന്റെ ചുമതലയേറ്റതോടെ ഐഎസ്എല്ലിലെ ആദ്യ ഇന്ത്യൻ കോച്ചായി മാറി. രണ്ട് വർഷമായി ജംഷഡ്പുർ എഫ്സിയിലുണ്ട്. ഈ രണ്ട് ക്ലബുകളെയും ലീഗിന്റെ പ്ലേ ഓഫിൽ എത്തിച്ച് ചരിത്രമിട്ടു. രണ്ടുവട്ടം രാജ്യത്തെ മികച്ച പരിശീലകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
ഖാലിദ് ജമീൽ
വയസ്സ്: 48
കളിജീവിതം: 1997–2009
മധ്യനിരക്കാരൻ
ക്ലബുകൾ:
മഹീന്ദ്ര യുണെെറ്റഡ്
എയർ ഇന്ത്യ മുംബെെ എഫ്സി.
ഇന്ത്യ: 12 മത്സരങ്ങൾ (1998–2001).
പരിശീലകൻ
2009–15: മുംബെെ എഫ്സി
2016–17: ഐസ്വാൾ എഫ്സി
2017–18: ഈസ്റ്റ് ബംഗാൾ
2019: മോഹൻ ബഗാൻ
2019–22: നോർത്ത് ഈസ്റ്റ് യുണെെറ്റഡ്
2023: ബംഗളൂരു യുണെെറ്റഡ്
2023 മുതൽ ജംഷഡ്പുർ എഫ്സി.
നേട്ടങ്ങൾ
ഐസ്വാൾ എഫ്സിയെ ഐ ലീഗ് ചാമ്പ്യൻമാരാക്കി
ഐഎസ്എൽ മുഖ്യ പരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരൻ. നോർത്ത് ഈസ്റ്റ് യുണെെറ്റഡിനെയും ജംഷഡ്പുർ എഫ്സിയെയും സെമിയിൽ എത്തിച്ചു.
പ്രകടനം നന്നായാൽ തുടരാം
ഖാലിദ് ജമീലുമായുള്ള കരാർ വ്യവസ്ഥകൾ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ വെളിപ്പെടുത്തിയിട്ടില്ല. കാലാവധിയോ മറ്റ് നിബന്ധനകളോ ഒന്നുമറിയില്ല. സൂചനകൾ അനുസരിച്ച് ഒരുവർഷ കരാറാണ് നൽകിയിരിക്കുന്നതെന്നാണ് വിവരം. പ്രകടനം നന്നായാൽ തുടരാം എന്നാണ് ഉപാധി. ജംഷഡ്പുർ എഫ്സി കോച്ചായി ഖാലിദിന് തുടരാനാകില്ല. മുൻ കോച്ച് മനോലോ മാർക്വസ് ദേശീയ ടീമിനൊപ്പം എഫ്സി ഗോവയുടെ ചുമതലയും വഹിച്ചിരുന്നു.
അരങ്ങേറ്റം തജിക്കിസ്ഥാനെതിരെ
ആഗസ്ത് 29നാണ് ഇന്ത്യൻ കോച്ചായുള്ള ഖാലിദ് ജമീലിന്റെ അരങ്ങേറ്റം. എതിരാളി തജിക്കിസ്ഥാനാണ്. അവിടെ നടക്കുന്ന കാഫ (സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ) നേഷൻസ് കപ്പിലാണ് ഇന്ത്യ കളിക്കുന്നത്. കരുത്തരായ എതിരാളികളാണ്. സെപ്തംബർ ഒന്നിന് ഇറാനെയും നാലിന് അഫ്ഗാനിസ്ഥാനെയും നേരിടും.
ഇന്ത്യൻ@25
ദേശീയ ഫുട്ബോൾ ടീമിന്റെ കോച്ചാകുന്ന 25–ാമനാണ് ഖാലിദ്. 1948ൽ ബാലയ്ദാസ് ചാറ്റർജിയാണ് ആദ്യമായി ഇൗ സ്ഥാനം വഹിക്കുന്നത്. ഇതിഹാസ പരിശീലകൻ സയ്ദ് അബ്ദുൾ റഹീമിന് കീഴിലാണ് ഇന്ത്യ എക്കാലത്തെയും മികച്ച പ്രകടനം നടത്തിയത്. 1951മുതൽ 1962വരെ ടീമിനെ നയിച്ച ഹൈദരാബാദുകാരൻ രണ്ട് ഏഷ്യൻ ഗെയിംസിൽ സ്വർണം സമ്മാനിച്ചു. കഴിഞ്ഞ 25 വർഷത്തിനിടെ 10 പേർ ഇന്ത്യൻ കോച്ചിന്റെ ചുമതലവഹിച്ചിട്ടുണ്ട്.









0 comments