ഒടുവിൽ ഇന്ത്യൻ കോച്ച്; ഖാലിദ് ജമീൽ ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകനാവും

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചു. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) വെള്ളിയാഴ്ചയാണ് ഇക്കാര്യമറയിച്ചത്. എഐഎഫ്എഫ് എക്സിക്യുട്ടീവ് കമ്മിറ്റി യോഗമാണ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്. ഐഎസ്‌എൽ ക്ലബായ ജംഷഡ്‌പുർ എഫ്‌സി കോച്ചായ ഖാലിദ് ജമീലിന്റെ പേരാണ് ഐ എം വിജയന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കൽ കമ്മിറ്റി ശുപാർശ ചെയ്‌തത്.
20 വർഷത്തിനുശേഷം ദേശീയനിരയുടെ മുഴുവൻസമയ പരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരനാണ്. 2005ൽ സുഖ്‌വിന്ദർ സിങ്ങാണ് അവസാനമായി ഈ സ്ഥാനം വഹിച്ചത്. 2011–12 സീസണിൽ അർമാൻഡോ കൊളാസോയും സാവിയോ മെദയ്‌റെയും ഇടക്കാല ചുമതല വഹിച്ചിരുന്നു.നാൽപ്പത്തെട്ടുകാരനായ ഖാലിദ് ഇന്ത്യയുടെ മുൻ മധ്യനിര കളിക്കാരനാണ്. ആഭ്യന്തര ഫുട്‌ബോളിൽ മികച്ച റെക്കോഡാണ് ഈ പരിശീലകന്. ശരാശരി ടീമുമായി മികച്ച പ്രകടനം നടത്തി ശ്രദ്ധേയനായി.
2017ൽ ഐസ്വാൾ എഫ്‌സിയെ ഐ ലീഗ് ജേതാക്കളാക്കിയത് നേട്ടമായി. ഐഎസ്‌എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും ജംഷഡ്‌പുരിനെയും സെമിയിലെത്തിച്ചു. പരിശീലകരാകാൻ 170 പേരാണ് അപേക്ഷിച്ചത്. അന്തിമപട്ടികയിൽ ഖാലിദ് ജമീലിനെകൂടാതെ ഇംഗ്ലീഷുകാരൻ സ്റ്റീഫൻ കോൺസ്റ്റന്റൈയ്‌നും സ്ലൊവാക്യയുടെ സ്‌റ്റെഫാൻ തർകോവിച്ചുമാണ് ഉണ്ടായിരുന്നത്.
മനോലോ മാർക്വസ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ത്യ പുതിയ കോച്ചിനെ തേടിയത്. സമീപകാലത്ത് ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. ഏഷ്യൻ കപ്പിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലും തകർന്നടിഞ്ഞു. ഇതോടെ ക്രൊയേഷ്യക്കാരനായ ഇഗർ സ്റ്റിമച്ചിനെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കി. പിൻഗാമിയായാണ് എഫ്‌സി ഗോവയുടെ ചുമതലയുള്ള മനോലോയെ നിയമിച്ചത്. എന്നാൽ സ്‌പാനിഷുകാരനും ടീമിനെ ഉണർത്താനായില്ല. എട്ട് കളിയിൽ ഒറ്റ ജയം മാത്രമാണ് സമ്മാനിക്കാനായത്. ഫിഫ റാങ്കിങ്ങിൽ 133-ാം സ്ഥാനത്തേക്ക് വീഴുകയും ചെയ്‌തു.









0 comments