തജികിസ്ഥാനെതിരായ ജയം 17 വർഷത്തിനുശേഷം , കാഫ നേഷൻസ് കപ്പിൽ നാളെ ഇറാനോട്
വിജയത്തിലെ ഖാലിദ് സ്‌പർശം ; ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ വിജയവഴിയിലെത്തിച്ചു


Sports Desk
Published on Aug 31, 2025, 03:59 AM | 1 min read
ഹിസോർ (തജികിസ്ഥാൻ)
ഏറ്റവും മോശം കാലഘട്ടങ്ങളിലൊന്നിൽ ഇന്ത്യൻ ഫുട്‌ബോളിന് ആശ്വാസമായൊരു ജയം. കടപ്പാട് പുതിയ പരിശീലകൻ ഖാലിദ് ജമീലിനോടാണ്. പ്രതിസന്ധികളെ തരണംചെയ്‌ത് കാഫ നേഷൻസ് കപ്പിൽ തജികിസ്ഥാനെതിരെ ജയംകുറിച്ചപ്പോൾ ഖാലിദിനാണ് കൈയടികൾ. സീനിയർ -ഫുട്‌ബോളിൽ സമീപകാലത്തൊന്നും ഇത്രയും ശക്തമായി ഇന്ത്യ കളിച്ചിട്ടില്ല. റാങ്കിങ് പട്ടികയിൽ 17 പടി മുന്നിൽ നിൽക്കുന്ന തജിക്കിനോട് അവരുടെ തട്ടകത്തിൽവച്ച് നേടിയ ജയത്തിന് മാറ്റേറെയാണ്. ദേശീയ പരിശീലക കുപ്പായത്തിൽ ഖാലിദിന്റെ അരങ്ങേറ്റവും അവിസ്‌മരണീയമായി. നാളെ രണ്ടാംമത്സരത്തിൽ കരുത്തരായ ഇറാനെ നേരിടണം.
സ്‌പാനിഷുകാരൻ മനോലോ മാർക്വസ് പരിശീലക സ്ഥാനമൊഴിഞ്ഞ് പോകുമ്പോൾ ഇന്ത്യൻ ടീം ആത്മവിശ്വാസംചോർന്ന നിലയിലായിരുന്നു. ഖാലിദ് പുതിയൊരു സംഘത്തെ തേടി. മാർക്വസ് തിരിച്ചുവിളിച്ച വിരമിച്ച മുൻ ക്യാപ്‌റ്റൻ സുനിൽ ഛേത്രിയെ തന്റെ പദ്ധതികളിൽ ഉൾപ്പെടുത്തിയില്ല. ക്ലബ്ബുകളിലെ പരിശീലനകാലത്ത് അടുത്തറിഞ്ഞ കളിക്കാരെ ചേർത്തുപിടിച്ചു. മലയാളിതാരം മുഹമ്മദ് ഉവൈസ് ഉൾപ്പെടെ കോച്ചിന്റെ പട്ടികയിലായി.
പതിമൂന്ന് ദിവസം മാത്രമാണ് പരിശീലനത്തിനായി കിട്ടിയത്. മോഹൻ ബഗാൻ സൂപ്പർ ജയന്റ് കളിക്കാരെ വിട്ടുകൊടുത്തില്ല. കൃത്യമായ പ്രീ സീസൺ മത്സരങ്ങളുണ്ടായില്ല. എങ്കിലും ഹിസോർ സ്‌റ്റേഡിയത്തിൽ കണ്ടത് ഒത്തിണക്കത്തോടെ പന്ത് തട്ടുന്ന ടീമിനെയായിരുന്നു.
അൻവർ അലിയും സന്ദേശ് ജിങ്കനും പ്രതിരോധക്കോട്ട വിട്ടിറങ്ങി ഗോൾ നേടി. തജിക്കിന്റെ ലോങ് ബോൾ തന്ത്രങ്ങൾക്ക് പ്രതിരോധത്തിൽ മറുതന്ത്രമൊരുക്കാനായി. ജിങ്കനും രാഹുൽ ബെക്കെയും അൻവറും ഉവൈസുമെല്ലാം മിന്നി. ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പ്രകടനമായിരുന്നു ശ്രദ്ധേയം. പെനൽറ്റി ഉൾപ്പെടെ തടഞ്ഞ് കോട്ട കാത്തത് സന്ധുവായിരുന്നു.
വിദേശമണ്ണിൽ രണ്ടരവർഷത്തിനുശേഷമാണ് ഇന്ത്യ ഒരുജയം നേടുന്നത്. 17 വർഷത്തിനുശേഷമാണ് തജികിസ്ഥാനെതിരെയുള്ള വിജയം.









0 comments