ആദ്യ വെല്ലുവിളി കാഫ നേഷൻസ് കപ്പ്
ഖാലിദ് 2027 വരെ ; പ്രകടനം മികച്ചതെങ്കിൽ തുടരാം

ന്യൂഡൽഹി
ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പുതിയ പരിശീലകൻ ഖാലിദ് ജമീലിന്റെ കരാർ വ്യവസ്ഥകളായി. 2027വരെ മുൻ ഇന്ത്യൻ താരം തുടരും. പ്രകടനം കണക്കിലെടുത്ത് ഒരുവർഷത്തേക്കുകൂടി നീട്ടാനുള്ള ഉപാധിയുമുണ്ട്.
മുഴുവൻസമയ ചുമതലയാണ് നാൽപ്പത്തെട്ടുകാരൻ വഹിക്കുക. ഇതോടെ ഐഎസ്‌എൽ ക്ലബ് ജംഷഡ്‌പുർ എഫ്‌സിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞു. 29ന് തജിക്കിസ്ഥാനിൽ തുടങ്ങുന്ന കാഫ നേഷൻസ് കപ്പിലാണ് അരങ്ങേറ്റം. ഇതിനായുള്ള ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പ് ബംഗളൂരുവിലെ ദ്രാവിഡ്–പദുകോൺ സ്‌പോർട്‌സ് എക്‌സലൻസിൽ നാളെ തുടങ്ങും. സാധ്യതാ ടീമിനെ ഇന്ന് പ്രഖ്യാപിക്കും.
മനോലോ മാർക്വസിന് പകരക്കാരനായാണ് ഇന്ത്യയുടെ മുൻ മധ്യനിരക്കാരൻ കോച്ചായി എത്തുന്നത്. 13 വർഷത്തിനുശേഷമാണ് ദേശീയ ടീമിന് ഇന്ത്യൻ പരിശീലകൻ. 2012ൽ സാവിയോ മെദെയ്‌റയാണ് അവസാനമായി ഇൗ സ്ഥാനത്തിരുന്നത്. ഐ ലീഗിലും ഐഎസ്‌എല്ലിലും മികച്ച നേട്ടമുള്ള ഖാലിദ് രണ്ടുവർഷമായി ജംഷഡ്‌പുരിലാണ്. ഇപ്പോൾ നടക്കുന്ന ഡ്യുറന്റ് കപ്പിൽ ടീമിനെ ക്വാർട്ടറിലുമെത്തിച്ചു. 17ന് ഡയമണ്ട് ഹാർബർ എഫ്‌സിയെ നേരിടാനൊരുങ്ങവെയാണ് സ്ഥാനമൊഴിഞ്ഞത്.
കാഫ നേഷൻസ് കപ്പിൽ 29ന് താജിക്കിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ കളി. സെപ്‌തംബർ ഒന്നിന് ഇറാനെയും നാലിന് അഫ്‌ഗാനിസ്ഥാനെയും നേരിടും. ഒക്‌ടോബറിൽ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ സിംഗപ്പുരുമായി രണ്ട് കളിയും കാത്തിരിക്കുന്നുണ്ട്.
സ്റ്റീവൻ ഡയസിന് താൽക്കാലിക ചുമതല
ജംഷഡ്പുർ
ഖാലിദ് ജമീൽ സ്ഥാനമൊഴിഞ്ഞതോടെ ജംഷഡ്‌പുർ എഫ്‌സിയുടെ ഇടക്കാല കോച്ചായി സ്റ്റീവൻ ഡയസിനെ നിയമിച്ചു. ഡ്യുറന്റ് കപ്പ് ക്വാർട്ടറിൽ ഡയസിന് കീഴിലാണ് ടീം ഇറങ്ങുക. ഇന്ത്യൻ മുൻ താരം നിലവിൽ ജംഷഡ്‌പുരിന്റെ സഹപരിശീലകനാണ്. സ്ഥിരം പരിശീലകനെ സൂപ്പർ കപ്പിന് മുമ്പ് പ്രഖ്യാപിക്കും.
ചെന്നൈയിൻ എഫ്‌സി വിട്ട ഓവെൻ കോയ്‌ലിനാണ് സാധ്യത. സ്‌കോട്ടിഷുകാരൻ 2020മുതൽ 2022വരെ ജംഷഡ്‌പുരിന്റെ കോച്ചായിരുന്നു. ടീമിനെ ഷീൽഡ് ജേതാക്കളുമാക്കി.









0 comments