ബ്ലാസ്റ്റേഴ്സിന്റെ ക്ലബ് ലൈസൻസ് റദ്ദാക്കി എഐഎഫ്എഫ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ് ലൈസൻസ് നഷ്ടമായി. ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് നടപടി. ലൈസൻസ് ലഭിക്കാത്ത കാര്യം കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.
ബ്ലാസ്റ്റേഴ്സ് അടക്കം ഏഴ് ടീമുകൾക്കാണ് ലൈസൻസ് നഷ്ടമായത്. ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ക്ലബുകൾക്ക് എഎഫ്സി ക്ലബ് മത്സരങ്ങളിലും ഐഎസ്എല്ലിലും പങ്കെടുക്കാനാകൂ. ലൈസൻസ് ലഭിച്ചില്ലെങ്കിലും അപ്പീൽ പോകാനും ക്ലബ്ബ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഇളവ് തേടാനും ഫ്രാഞ്ചൈസികൾക്കു സാധിക്കും.
ബ്ലാസ്റ്റേഴ്സിന് പുറമെ ഹൈദരാബാദ് എഫ്സി, ഒഡിഷ എഫ്സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സി, മുഹമ്മദൻ സ്പോർട്ടിങ്, ചർച്ചിൽ ബ്രദേഴ്സ്, ഇൻ്റർ കാശി ക്ലബുകൾക്കാണ് പ്രീമിയർ വൺ ലൈസൻസ് നഷ്ടമായത്. മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതിനാണ് ക്ലബുകൾക്ക് ലൈസൻസ് നിഷേധിച്ചതെന്ന് എഐഎഫ്എഫ് പത്രക്കുറിപ്പിൽ അറിയിച്ചു.
പഞ്ചാബ് എഫ്സിക്ക് മാത്രമാണ് ഒരു ഉപാധികളുമില്ലാതെ ലൈസൻസ് ലഭിച്ചത്. മോഹൻ ബഗാൻ സൂപ്പർ ജയൻറ് എഫ്സി, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, ബംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, ജംഷദ്‌പൂർ എഫ്സി, മുംബൈ സിറ്റി എഫ്സി എന്നീ ക്ലബുകൾക്കും ഉപാധികളോടെയാണ് ലൈസൻസ് ലഭിച്ചത്.









0 comments