2026 ഫുട്‌ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ രാജ്യമായി ജപ്പാൻ

PHOTO: Facebook
ടോക്യോ: 2026ലെ ഫുട്‌ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ രാജ്യമായി ജപ്പാൻ. യോഗ്യതാ മത്സരത്തിൽ ബഹ്‌റൈനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് ജപ്പാൻ ലോകകപ്പിന് സീറ്റുറപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം പാദത്തിലാണ് ജപ്പാൻ ഇരുഗോളുകളും നേടിയത്. ക്രിസ്റ്റൽ പാലസിന്റെ ഡെയ്‌ചി കമാഡയും റയൽ സോസിഡാഡിന്റെ തക്കേഫുസോ കൂബോയുമാണ് ജപ്പാന് വേണ്ടി ലക്ഷ്യം കണ്ടത്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന യുഎസ്, മെക്‌സിക്കോ, ക്യാനഡ രാജ്യങ്ങൾ നേരത്തെ തന്നെ ടൂർണമെന്റിന് യോഗ്യത നേടിയിരുന്നു. ഇപ്പോൾ യോഗ്യതാ റൗണ്ട് കളിച്ച് ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ജപ്പാൻ. ലോകകപ്പിലേക്കുള്ള ഏഷ്യൻ യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിൽ മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ജപ്പാന്റെ മുന്നേറ്റം.
48 ടീമുകൾ പങ്കെടുക്കുന്ന ഏഷ്യൻ യോഗ്യതാ മത്സരങ്ങളിൽ നിന്ന് എട്ട് ടീമുകൾക്കാണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക. ഇന്റർ കോണ്ടിനെന്റൽ മത്സരങ്ങളിലൂടെയും ഏഷ്യയിൽ നിന്നുള്ള ടീമുകൾക്ക് യോഗ്യത നേടാം. യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ട് എത്തിയപ്പോൾ 18 ടീമുകളാണ് നിലവിൽ ലോകകപ്പ് കളിക്കുന്നതിനായി പോരാടുന്നത്.
കഴിഞ്ഞ ലോകകപ്പിൽ അവസാന 16ൽ എത്തിയ ജപ്പാൻ ക്രൊയേഷ്യയോട് പെനാൽറ്റിയിൽ പുറത്താവുകയായിരുന്നു. ബഹ്‌റൈനെതിരായ ജയത്തോടെ തുടർച്ചയായ എട്ടാമത്തെ ലോകകപ്പിനാണ് ജപ്പാൻ തയ്യാറെടുക്കുന്നത്.









0 comments