ലോകകപ്പ് യോഗ്യത ; ഇറ്റലി വിജയവഴിയിൽ

റോം
ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇറ്റലി വിജയവഴിയിൽ. ആദ്യ കളിയിൽ നോർവേയോട് മൂന്ന് ഗോളിന് തകർന്നടിഞ്ഞ മുൻ ലോക ചാമ്പ്യൻമാർ മൾഡോവയെ രണ്ട് ഗോളിന് കീഴടക്കിയാണ് പ്രതീക്ഷ കാത്തത്. എർലിങ് ഹാലണ്ടിന്റെ ഗോളിൽ എസ്‌റ്റോണിയയെ ഒരു ഗോളിന് തോൽപ്പിച്ച നോർവേ തുടർച്ചയായ നാലാം ജയത്തോടെ സാധ്യത സജീവമാക്കി. ബൽജിയം 4–-3ന് വെയ്‌ൽസിനെ മറികടന്നു. ക്രൊയേഷ്യ 5–-1ന് ചെക്കിനെ തകർത്തു.
പരിശീലകൻ ലൂസിയാനോ സപ്‌ല്ലേറ്റിയുടെ അവസാന മത്സരമായിരുന്നു ഇത്. നോർവേയോടുള്ള കനത്ത തോൽവിയോടെയാണ് കോച്ചിന്റെ പുറത്താക്കൽ ഉറപ്പായത്. ദുർബലരായ മൾഡോവയ്‌ക്കെതിരെ ജിയാകോമോ റാസ്‌പദോറി, ആൻഡ്രിയ കാംബിയാസോ എന്നിവർ ഇറ്റലിക്കായി ലക്ഷ്യം കണ്ടു. രണ്ട് കളിയിൽ മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഐയിൽ മൂന്നാമതാണ് ഇറ്റലി. ഒന്നാമതുള്ള നോർവേയെക്കാൾ ഒമ്പത് പോയിന്റ് പിന്നിലാണ് ഇറ്റലി. രണ്ട് മത്സരം കുറവുള്ളതാണ് ആശ്വാസം. ഗ്രൂപ്പ് ചാമ്പ്യൻമാർക്കാണ് നേരിട്ട് യോഗ്യത. അതിനാൽ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ഇറ്റലിക്ക് നിർണായകമാണ്. സെപ്‌തംബറിലാണ് അടുത്ത മത്സരം. എസ്‌റ്റോണിയയുമായി കളിക്കും.
കഴിഞ്ഞ രണ്ട് ലോകകപ്പിലും ഇറ്റലിക്ക് യോഗ്യത കിട്ടിയിരുന്നില്ല. ഗോളടിച്ച് കൂട്ടിയാണ് നോർവേയുടെ കുതിപ്പ്. നാല് കളിയിൽ 13 ഗോളടിച്ചു. വഴങ്ങിയത് രണ്ടെണ്ണം മാത്രം.
ഗ്രൂപ്പ് ജെയിൽ ബൽജിയത്തെ കെവിൻ ഡി ബ്രയ്‌ന്റെ മിടുക്കാണ് കാത്തത്. കളി തീരാൻ രണ്ടുമിനിറ്റ് മാത്രം ശേഷിക്കെ ഡി ബ്രയ്‌ൻ വിജയഗോൾ നേടുകയായിരുന്നു. ആദ്യ അരമണിക്കൂറിൽ മൂന്ന് ഗോളടിച്ചാണ് ബൽജിയം തുടങ്ങിയത്. റൊമേലു ലുക്കാക്കു, യൂറി ടിയലെമാൻസ്, ജെറെമി ഡോക്കു എന്നിവരാണ് ഗോളടിച്ചത്. പെനൽറ്റിയിലൂടെ ലക്ഷ്യം കണ്ട ലുക്കാക്കുവിന് രാജ്യാന്തര ഫുട്‌ബോളിൽ 89 ഗോളായി.
ഇടവേളയ്‌ക്ക് തൊട്ടുമുമ്പ് ഹാരി വിൽസന്റെ പെനൽറ്റി ഗോളിൽ വെയ്‌ൽസ് തിരിച്ചുവന്നു. രണ്ടാംപകുതിയുടെ തുടക്കത്തിൽ സോർബ തോമസും പിന്നാലെ ബ്രന്നൻ ജോൺസണും ലക്ഷ്യം കണ്ടതോടെ കളി മാറി. ബൽജിയം വിയർത്തു. തുടർച്ചയായ രണ്ടാം സമനിലയിലേക്ക് നീങ്ങിയ ബൽജിയത്തിന് ഡി ബ്രയ്‌ന്റെ ഗോൾ ജീവൻ നൽകി. ടിയെലമാൻസാണ് അവസരമൊരുക്കിയത്.
നാല് പോയിന്റുമായി മൂന്നാമതാണ് ബൽജിയം. കസാക്കിസ്ഥാനെ തോൽപ്പിച്ച് വടക്കൻ മാസിഡോണിയ ഒന്നാമതെത്തി. വെയ്‌ൽസ് രണ്ടാമതാണ്.
ഗ്രൂപ്പ് എല്ലിൽ തുടർച്ചയായ രണ്ടാം കളിയിലും ക്രൊയേഷ്യ ഗോളടിച്ചുകൂട്ടി. ചെക്കിനെ 5–-1ന് തകർത്തപ്പോൾ ഒരെണ്ണം പെനൽറ്റിയിലൂടെ ക്യാപ്‌റ്റൻ ലൂക്കാ മോഡ്രിച്ച് നേടി. രണ്ടാംജയത്തോടെ രണ്ടാമതാണ് ക്രൊയേഷ്യ. ചെക്ക് ഒന്നാമത് നിൽക്കുന്നു. ക്രൊയേഷ്യക്ക് രണ്ട് മത്സരം കുറവാണ്.









0 comments