ഇറ്റലിയെ ഞെട്ടിച്ച് നോർവെ

നോർവെയുടെ ഗോൾനേട്ടം ആഘോഷിക്കുന്ന ഒദെഗാർദും ഹാലണ്ടും

Sports Desk
Published on Jun 09, 2025, 12:00 AM | 2 min read
ഒസ്‌ലോ
ഫുട്‌ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മുൻ ചാമ്പ്യൻമാരായ ഇറ്റലിക്ക് ഒരിക്കൽക്കൂടി കാലിടറുന്നു. 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ കളിയിൽ ഇറ്റലി തോറ്റു. എർലിങ് ഹാലണ്ടിന്റെ നോർവെയോട് മൂന്ന് ഗോളിനാണ് തോൽവി. 2014നുശേഷം ഇറ്റലിക്ക് ലോകകപ്പ് കളിക്കാൻ കഴിഞ്ഞിട്ടില്ല.അതേസമയം, ഇംഗ്ലണ്ട്, നെതർലൻഡ്‌സ്, ഓസ്‌ട്രിയ, ക്രൊയേഷ്യ ടീമുകൾ ജയം സ്വന്തമാക്കി. ബൽജിയത്തിനെ വടക്കൻ മാസിഡോണിയ 1–-1ന് തളച്ചു.
ഗ്രൂപ്പ് ഐയിൽ നാലാമതാണ് ഇറ്റലി. മൂന്ന് കളിയും ജയിച്ച നോർവെ ഒന്നാമത് നിൽക്കുന്നു. ഓരോ ഗ്രൂപ്പിലെയും ജേതാക്കൾക്കാണ് നേരിട്ട് യോഗ്യത. നേഷൻസ് ലീഗിൽ കളിച്ചതിനാൽ ഇറ്റലിക്ക് നോർവെയെക്കാൾ രണ്ട് മത്സരം കുറവാണ്. മുന്നിലുള്ള മൂന്ന് ടീമുകളും മൂന്ന് വീതം മത്സരം പൂർത്തിയാക്കി. നാളെ മൊൾഡോവയുമായാണ് അടുത്ത കളി.
ഓസ്‌ലോയിൽ നോർവെയുടെ പ്രത്യാക്രമണങ്ങൾക്ക് മുന്നിൽ ഇറ്റലി വിറയ്‌ക്കുകയായിരുന്നു. ആദ്യപകുതിയിൽതന്നെ ഹാലണ്ടും സംഘവും മൂന്ന് ഗോളടിച്ചു.
അലെക്‌സാണ്ടർ സൊർലോത്, അന്റോണിയോ നുസ, ഹാലണ്ട് എന്നിവർ ലക്ഷ്യം കണ്ടു. രാജ്യാന്തര ഫുട്‌ബോളിൽ ഹാലണ്ടിന്റെ 41–-ാം ഗോളായിരുന്നുഇത്. ഇറ്റലിക്ക് ലക്ഷ്യത്തിലേക്ക് ഒരുതവണ മാത്രമാണ് ഷോട്ട് പായിക്കാനായത്. തോൽവിയോടെ പരിശീലകൻ ലൂസിയാനോ സ്‌പല്ലേറ്റിയുടെ നില പരുങ്ങലിലായി.
നാല് തവണ ജേതാക്കളായ ഇറ്റലിക്ക് കഴിഞ്ഞ രണ്ട് തവണയും യോഗ്യതാ നേടാനായിരുന്നില്ല. പരിതാപകരമായ പ്രകടനമായിരുന്നു ടീമിന്റേതെന്ന് ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മ പറഞ്ഞു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എസ്‌റ്റോണിയെ 3–-1ന് തോൽപ്പിച്ച് ഇസ്രയേൽ രണ്ടാംസ്ഥാനത്തേക്ക് കയറി. ഗ്രൂപ്പ് കെയിൽ അൻഡോറയ്‌ക്കെതിരെ ഒരു ഗോൾ ജയം നേടിയെങ്കിലും ഇംഗ്ലണ്ടിന് തുടക്കം മികച്ചതായില്ല. ഹാരി കെയ്‌നാണ് വിജയഗോൾ നേടിയത്. ഇംഗ്ലീഷ് മുന്നേറ്റനിര നിരാശപ്പെടുത്തി. ഗോൾ കീപ്പർ ഇകർ അൽവാരെസ് അൻഡോറയ്‌ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. നോനില മഡുവെക്കയുടെയും ജൂഡ് ബെല്ലിഹാമിന്റെയും ഗോൾ ശ്രമങ്ങൾ അൽവാരസ് തടഞ്ഞു.
ഗ്രൂപ്പിലെ മറ്റൊരു കളിയിൽ സെർബിയയും അൽബാനിയയും ഗോളടിക്കാതെ പിരിഞ്ഞു.
ഗ്രൂപ്പ് ജിയിൽ നെതർലൻഡ്‌സ് ആധികാരിക ജയം നേടി. ആദ്യ കളിയിൽ ഫിൻലൻഡിനെ രണ്ട് ഗോളിന് തോൽപ്പിച്ചു. മെംഫിസ് ഡിപെയും ഡെൻസിൽ ഡംഫ്രിസുമാണ് ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് എച്ചിൽ ഓസ്‌ട്രിയയും ജയത്തുടക്കം കുറിച്ചു. 2–-1ന് റൊമേനിയയെയാണ് തോൽപ്പിച്ചത്. ബൊസ്‌നിയ ആൻഡ് ഹെർസെഗൊവിന സാൻ മരീനോയെ ഒരു ഗോളിന് മറികടന്ന് ഗ്രൂപ്പിൽ ഒന്നാമതെത്തി. എഡിൻ സെക്കൊ ഗോളടിച്ചു. സെക്കൊയുടെ 68–-ാം രാജ്യാന്തര ഗോളായി ഇത്. ഗ്രൂപ്പ് എല്ലിൽ ക്രൊയേഷ്യ ഏഴ് ഗോളിന് ജിബ്രാൾട്ടറിനെ തകർത്തു.









0 comments