ബഗാൻ ഞെട്ടി ; ഐഎസ്‌എൽ ആദ്യപാദ സെമിയിൽ ജംഷഡ്‌പുരിന് 2-1 ജയം

ജംഷഡ്‌പുർ : നിലവിലെ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ ഞെട്ടിച്ച് ജംഷഡ്‌പുർ എഫ്‌സി. ഐഎസ്‌എൽ ഫുട്‌ബോൾ രണ്ടാംസെമിയുടെ ആദ്യപാദത്തിൽ 2–-1നാണ് ഖാലിദ് ജമാലിന്റെ സംഘത്തിന്റെ ജയം. പരിക്കുസമയത്ത് ഹാവി ഹെർണാണ്ടസ് ജംഷഡ്‌പുരിന്റെ വിജയഗോൾ നേടി. ഹാവിയെർ സിവേറിയോയിലൂടെയായിരുന്നു തുടക്കം. ജാസൺ കമ്മിങ്‌സിന്റെ തകർപ്പൻ ഫ്രീകിക്ക് ഗോളിലാണ് ബഗാൻ പിടിച്ചുനിന്നത്. രണ്ടാംപാദം ബഗാൻ തട്ടകത്തിൽ ഏഴിന് നടക്കും.
വമ്പൻമാരെ തകർത്ത് മുന്നേറിയ ജംഷഡ്‌പുർ ബഗാനെതിരെയും ആത്മവിശ്വാസത്തോടെ പന്തുതട്ടി. ആദ്യനിമിഷങ്ങളിൽ ഇരുഭാഗവും ആക്രമണ നീക്കങ്ങൾ നടത്തി. അരമണിക്കൂർ തികയുംമുമ്പ് ജംഷഡ്‌പുർ ലീഡ് നേടി. ഇടതുഭാഗത്തുനിന്നുള്ള മുഹമ്മദ് ഉവൈസിന്റെ ലോങ് ത്രോ ബഗാൻ ബോക്‌സിലേക്ക് പതിച്ചു. മറ്റൊരു പ്രതിരോധക്കാരൻ സ്‌റ്റീഫൻ ഇസെയുടെ തലയിൽ തട്ടി പന്ത് ഉയർന്നു. വലതുമൂലയിൽ ഒറ്റപ്പെട്ടുനിൽക്കുകയായിരുന്ന സിവേറിയോ കിട്ടിയ തക്കത്തിൽ തലവച്ചു. ചിതറിനിന്ന ബഗാൻ പ്രതിരോധത്തിന് സിവേറിയോയുടെ നീക്കം മനസ്സിലായില്ല. ഗോൾ കീപ്പർ വിശാൽ കെയ്‌ത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുംമുമ്പ് പന്ത് വലതൊട്ടു.
മിനിറ്റുകൾക്കുള്ളിൽ ബഗാൻ ഒന്നാന്തരം നീക്കം നടത്തി. ഗ്രെഗ് സ്‌റ്റുവർട്ടിന്റെ ഫ്രീകിക്ക് ആൽബെർട്ടോ റോഡ്രിഗസ് വല ലക്ഷ്യമാക്കി തൊടുത്തെങ്കിലും പന്ത് പോസ്‌റ്റിൽ തട്ടിവീണു. ഉടൻ ഗോൾ കീപ്പർ ആൽബിനോ ഗോമസ് അത് പിടിച്ചെടുക്കുകയും ചെയ്‌തു. എന്നാൽ മറ്റൊരു ഫ്രീകിക്കിൽ ബഗാൻ ലക്ഷ്യം നേടി. കമ്മിങ്‌സിന്റെ തകര്‍പ്പൻ ഷോട്ടിൽ കൈതൊടാൻപോലും ഗോമസിന് കഴിഞ്ഞില്ല.
രണ്ടാംപകുതിയിൽ ബഗാൻ പൊരുതിക്കയറാൻ ശ്രമിച്ചു. പക്ഷേ, ജംഷഡ്‌പുർ വിട്ടുകൊടുത്തില്ല. ഇരുടീമുകളും സമനിലയിൽ ആശ്വസിക്കാനുള്ള തോന്നലുണ്ടാക്കിയെങ്കിലും അവസാന നിമിഷത്തിലെ മിന്നൽഗോളിൽ ജംഷഡ്‌പുർ ജയം പിടിച്ചു. റിത്വിക് ദാസിന്റെ ക്രോസ് ഹെർണാണ്ടസ് മനോഹരമായി ബഗാന്റെ വലയിലാക്കി.









0 comments