print edition ബഗാൻ ‘കട പൂട്ടുന്നു’; ഐഎസ്‌എൽ വീണ്ടും പ്രതിസന്ധിയിൽ

isl
വെബ് ഡെസ്ക്

Published on Nov 09, 2025, 01:12 AM | 2 min read

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്‌എൽ) ഭാവി സംബന്ധിച്ച പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും നിർത്തുകയാണെന്ന്‌ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌. ഐഎസ്‌എൽ നടത്തിപ്പുകാർക്കുള്ള ടെൻഡർ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഒരു കന്പനിപ്പോലും മുന്നോട്ടുവരാൻ തയ്യാറായില്ല. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്‌) ഡിസംബറിലാണ്‌ ഐഎസ്‌എൽ നടത്താൻ ഉദ്ദേശിച്ചിരുന്നത്‌.


പുതിയ സാഹചര്യത്തിൽ ഇ‍ൗ സീസണിൽ ടൂർണമെന്റ്‌ നടത്താൻ സാധ്യതയില്ല. 24 ലീഗ്‌ മത്സരങ്ങൾ നിശ്‌ചിത സമയം കൊണ്ട്‌ നടത്തിതീർക്കാമെന്ന്‌ ഫെഡറേഷന്‌ പോലും ഉറപ്പില്ല. ഇതിനിടെ ക്രിക്കറ്റ്‌ ബോർഡായ ബിസിസിഐയോട്‌ സാന്പത്തിക സഹായം അഭ്യർഥിച്ച്‌ ഇ‍ൗസ്‌റ്റ്‌ ബംഗാൾ രംഗത്തുവന്നു. കഴിഞ്ഞ പന്ത്രണ്ട്‌ വർഷമായി ഫുട്‌ബോൾ സ്‌പോർട്‌സ്‌ ഡെവലപ്‌മെന്റ്‌ ലിമിറ്റഡ്‌ (എഫ്‌എസ്‌ഡിഎൽ) ആണ്‌ ഐഎസ്‌എല്ലിന്റെ നടത്തിപ്പുകാർ. ഡിസംബറിൽ കരാർ അവസാനിക്കും. ഇ‍ൗ സാഹചര്യത്തിലാണ്‌ ഐഎസ്‌എൽ പുതിയ സ്‌പോൺസർമാരെ തേടിയത്‌. ആദ്യ ഘട്ടത്തിൽ എഫ്‌എസ്‌ഡിഎൽ ഉൾപ്പെട്ട കന്പനികൾ രംഗത്തുണ്ടായിരുന്നെങ്കിലും അവസാന സമയമാകുന്പോഴേക്കും പിന്മാറി. സെപ്‌തബറിലായിരുന്നു ലീഗ്‌ തുടങ്ങേണ്ടിയിരുന്നത്‌.


വൈകിയതോടെ പല ക്ലബുകളും അവരുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിയിരുന്നു. ലീഗ്‌ ഉടൻ ആരംഭിക്കണമെന്ന ആവശ്യവുമായി ക്ലബുകൾ സുപ്രീം കോടതിക്ക്‌ കത്തെഴുതുകയും ചെയ്‌തു. ഇതിനുള്ള മറുപടിയായാണ്‌ ഐഎസ്‌എൽ ഡിസംബറിൽ തുടങ്ങുമെന്ന്‌ ഫെഡറേഷൻ വ്യക്തമാക്കിയത്‌. എന്നാൽ ടെൻഡർ നൽകാനുള്ള കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചതോടെ ഫെഡറേഷനും ഉത്തരമില്ലാതായി. കളിക്കാരുടെയും മറ്റംഗങ്ങളുടെയും കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുമെന്ന്‌ ബഗാൻ വ്യക്തമാക്കി. കളിക്കാരുടെ ക്യാന്പ്‌ അടുത്ത ദിവസം തീരുമാനിച്ചിരുന്നു. ഇപ്പോഴത്‌ അനിശ്‌ചിത കാലത്തേക്ക്‌ ഒഴിവാക്കിയിരിക്കുകയാണ്‌.


നിലവിൽ കളിക്കാരുടെ ശന്പളം തടയില്ലെന്ന്‌ ബഗാൻ മാനേജ്‌മെന്റ്‌ പറഞ്ഞു. അതേസമയം, സൂപ്പർ കപ്പിന്റെ സെമിയിലെത്തിയ ഇ‍ൗസ്‌റ്റ്‌ ബംഗാൾ പരിശീലനവുമായി മുന്നോട്ടുപോകുകയാണ്‌. ഡിസംബർ നാലിനാണ്‌ സെമി. പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കാൻ ഉദ്ദേശമില്ലെന്ന്‌ ഇ‍ൗസ്‌റ്റ്‌ ബംഗാൾ വ്യക്തമാക്കി. അതിനിടെ ഇന്ത്യൻ ഫുട്‌ബോളിന്റെ പ്രതിസന്ധി ഘട്ടത്തിൽ ലോക ക്രിക്കറ്റിലെ ഏറ്റവും സന്പന്നമായ ബിസിസിഐ ഇടപടണമെന്ന്‌ ഇ‍ൗസ്‌റ്റ്‌ ബംഗാൾ സീനിയർ എക്‌സിക്യൂട്ടീവ്‌ സമിതി അംഗം ദേബബ്രത സർക്കാർ ആവശ്യപ്പെട്ടു. നാലോ അഞ്ചോ വർഷത്തേക്ക്‌ സ്‌പോൺസറാകാൻ ബിസിസിഐ രംഗത്തുവരണമെന്നും ദേബബ്രത പറഞ്ഞു. അതേസമയം, ടെൻഡർ കാലാവധി ഇ‍ൗ മാസം ഏഴിന്‌ അവസാനിച്ച സാഹചര്യത്തിൽ 11ന്‌ പുതിയത്‌ വിളിക്കാനുള്ള ഒരുക്കത്തിലാണ്‌ ഫെഡറേഷൻ. വിരമിച്ച ജഡ്‌ജി നാഗേശ്വര റാവു അധ്യക്ഷനായ സമിതി രണ്ട്‌ ദിവസത്തിനുള്ളിൽ യോഗം ചേരും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home