ഐഎസ്‌എൽ ; ‘10 വർഷത്തേക്ക്‌ 
തരംതാഴ്‌ത്തൽ വേണ്ട’

isl
avatar
Sports Desk

Published on Jun 22, 2025, 12:00 AM | 1 min read


ന്യൂഡൽഹി

ഐഎസ്‌എൽ ഫുട്‌ബോളിൽ പുതിയ നിർദേശങ്ങളുമായി ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷ (എഐഐഎഫ്‌)ന്റെ വാണിജ്യ പങ്കാളിയായ ഫുട്‌ബോൾ സ്‌പോർട്‌സ്‌ ഡെവലപ്‌മെന്റ്‌ ലിമിറ്റഡ്‌ (എഫ്‌ഡിഎസ്‌എൽ). അടുത്ത പത്ത്‌ വർഷത്തേക്കുള്ള പദ്ധതിയാണ്‌ മുന്നിൽവച്ചത്‌. ഉടമസ്ഥാവകാശത്തിൽ മാറ്റംവരുത്താനാണ്‌ നീക്കം. നടത്തിപ്പിനായി എഫ്‌ഡിഎസ്എൽ, എഐഐഎഫ്‌, ഐഎസ്‌എൽ ക്ലബ്ബുകൾ എന്നിവയെ ഉൾപ്പെടുത്തി പുതിയ കമ്പനി രൂപീകരിക്കും. 60 ശതമാനം ഉടമസ്ഥാവകാശം ക്ലബ്ബുകൾക്കായിരിക്കും. എഫ്‌ഡിഎസ്‌എല്ലിന്‌ 26 ശതമാനം. എഐഐഎഫിന്‌ 14 ശതമാനവും.


പത്ത്‌ വർഷത്തേക്ക്‌ തരംതാഴ്‌ത്തൽ പാടില്ല എന്നാണ്‌ മറ്റൊരു പ്രധാന നിർദേശം. എന്നാൽ, ഇത്‌ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ (എഎഫ്‌എസി) താൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമാകും. 2010ൽ ആരംഭിച്ച ഐഎസ്‌എല്ലിൽ ഇതുവരെ തരംതാഴ്‌ത്തൽ നടന്നിട്ടില്ല. സ്ഥാനക്കയറ്റവും തരംതാഴ്‌ത്തലും നടത്തണമെന്നാണ്‌ എഎഫ്‌സിയുടെ ആവശ്യം.

സ്ഥാനക്കയറ്റത്തിലും മാനദണ്ഡമുണ്ട്‌. സാമ്പത്തിക, ലൈസൻസ്‌ മാനദണ്ഡങ്ങൾ പാലിക്കുകയും ഒരേ ഉടമസ്ഥതയിൽ അഞ്ച്‌ വർഷമെങ്കിലും കളിച്ച ടീമുകൾക്കുമാത്രമേ സ്ഥാനക്കയറ്റം നൽകാൻ പാടുള്ളൂവെന്നും നിർദേശങ്ങളിൽ പറയുന്നു.

എഫ്‌ഡിഎസ്‌എൽ കരാർ പുതുക്കാത്തതിനാൽ ഈ സീസൺ ഐഎസ്‌എൽ പ്രതിസന്ധിയിലാണ്‌. കരാർ ഈ വർഷം അവസാനിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home