എഐഎഫ്‌എഫ് കലണ്ടറിലില്ല , എഫ്‌ഡിഎസ്‌എൽ കരാർ പുതുക്കിയില്ല
ഐഎസ്‌എൽ ഉണ്ടോ? ഇല്ലേ


Sports Desk
Published on Jun 20, 2025, 12:00 AM | 1 min read
ന്യൂഡൽഹി
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സംശയത്തിൽ. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) കലണ്ടറിൽ ഈ സീസൺ ഐഎസ്‌എൽ ഉൾപ്പെട്ടില്ല. ഇതോടെയാണ് രാജ്യത്തെ ഏറ്റവും പ്രധാന ഫുട്‌ബോൾ ലീഗായ ഐഎസ്‌എൽ മുടങ്ങുമോയെന്ന ആശങ്ക ഉയർന്നത്. സെപ്‌തംബർ 14ന് തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. കലണ്ടറിൽ ഐഎസ്‌എൽ ഇല്ലാത്തതോടെ ക്ലബ്ബുകളുടെ താരകൈമാറ്റങ്ങളും അവതാളത്തിലായി.
ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്‌ഡിഎസ്‌എൽ)ആണ് ഐഎസ്‌എൽ നടത്തുന്നത്. 2014ൽ തുടങ്ങിയ ലീഗ് 2019ലായിരുന്നു രാജ്യത്തെ പ്രധാന ഫുട്ബോൾ ലീഗായി മാറുന്നത്. ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷനുമായുള്ള (എഐഎഫ്‌എഫ്) മീഡിയ അവകാശ കരാർ (എംആർഎ) ഡിസംബറിൽ അവസാനിക്കുകയാണ്. ഇതുവരെ കരാർ പുതുക്കിയിട്ടില്ല. സാമ്പത്തിക പരാധീനതകൾക്കൊപ്പം ലീഗിനോടുള്ള കാണികളുടെ താൽപ്പര്യക്കുറവും തിരിച്ചടിയാണ്.
കഴിഞ്ഞ സീസണിൽ കാഴ്‌ചക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. 2014മുതൽ 2025വരെയുള്ള ഐഎസ്‌എല്ലിന്റെ പ്രവർത്തന ചെലവായി എഫ്‌ഡിഎസ്‌എല്ലിന് 5000 കോടി രൂപ നഷ്ടം സംഭവിച്ചതായാണ് കണക്ക്.ജൂലൈ 15ന് ഡ്യൂറൻഡ് കപ്പോടെയാണ് സീസണിന് തുടക്കം. സെപ്‌തംബറിൽ സൂപ്പർ കപ്പിന് തുടക്കമാകും. തുടർന്നായിരുന്നു ഐഎസ്‌എൽ ആരംഭിക്കേണ്ടിയിരിക്കുന്നത്. സന്തോഷ് ട്രോഫിക്ക് ഡിംസബർ 15നാണ് തുടക്കം. ഫൈനൽ റൗണ്ട് അടുത്ത വർഷം ജനുവരിയിലാണ്.









0 comments