പരിഹാരത്തിന്‌ ഒരാഴ്‌ച ; ഐഎസ്‌എൽ പ്രതിസന്ധിയിൽ സുപ്രീംകോടതി

isl
avatar
Sports Desk

Published on Aug 23, 2025, 01:00 AM | 1 min read


​ന്യൂഡൽഹി

ഐഎസ്‌എൽ ഫുട്‌ബോൾ പ്രതിസന്ധിയിൽ ചർച്ച നടത്തി പരിഹാരം കണ്ടെത്താൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും (എഐഎഫ്‌എഫ്‌) സംഘാടകരായ ഫുട്ബോൾ സ്​പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡിനും (എഫ്എസ്ഡിഎൽ) ഒരാഴ്‌ച സമയം നൽകി സുപ്രീംകോടതി. കേസ്‌ വീണ്ടും പരിഗണിക്കുന്ന 28ന്‌ മുമ്പ്‌ ഐഎസ്‌എല്ലിന്റെ ഭരണപരമായ നടത്തിപ്പ്‌ ഉറപ്പാക്കുന്ന മാസ്‌റ്റേഴ്‌സ്‌ റൈറ്റ്‌ എഗ്രിമെന്റ്‌ (എംആർഎ) സംബന്ധിച്ച തർക്കങ്ങളിൽ പരിഹാരം കാണാനാണ്‌ ജസ്‌റ്റിസുമാരായ പി എസ്‌ നരസിംഹ, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ പ്രത്യേക ബെഞ്ച്‌ നിർദേശം നൽകിയത്‌.


നിലവിലുള്ള എംആർഎ കരാർ ഡിസംബറിൽ അവസാനിക്കുന്നതും പുതിയ കരാർ വ്യവസ്ഥകളെ സംബന്ധിച്ചുള്ള തർക്കങ്ങളുമാണ്‌ ഐഎസ്‌എല്ലിന്റെ പുതിയ സീസൺ അനിശ്ചിതത്വത്തിലാക്കിയത്‌. എഐഎഫ്‌എഫ്‌ ഭരണഘടനയിൽ ഉത്തരവ്‌ വരുംവരെ എഫ്എസ്ഡിഎല്ലടക്കം ആരുമായും കരാർ പാടില്ലെന്ന്‌ ഏപ്രിലിൽ സുപ്രീംകോടതി നിർദേശം നൽകിയത്‌ 13 ഐഎസ്‌എൽ ക്ലബ്ബുകളെയും പ്രതിസന്ധിയിലാക്കിയിരുന്നു.


ഐഎസ്‌എൽ നടത്തിയില്ലെങ്കിൽ ക്ലബ്ബുകൾ പിരിച്ചുവിടേണ്ടിവരുമെന്ന സൂചന നൽകി അമിക്കസ്‌ക്യൂറി ഗോപാൽ ശങ്കരനാരായണന്‌ ഈസ്‌റ്റ്‌ ബംഗാൾ, മോഹൻ ബഗാൻ ഒഴികെയുള്ള 11 ക്ലബ്ബുകളും കത്തുനൽകിയിരുന്നു. ദേശീയ ടീം തയ്യാറെടുപ്പും വരുമാനമില്ലാത്തതും ക്ലബ്ബുകളെ ബാധിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടി. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ക്ലബ് ലൈസൻസിങ് നിയന്ത്രണങ്ങളും സ്‌പോൺസർമാർ പിന്മാറിയതും തിരിച്ചടിയായി. തർക്കത്തിൽ അടിയന്തരമായി ഉത്തരവ്‌ പുറപ്പെടുവിക്കണമെന്ന്‌ സുപ്രീംകോടതിയോട്‌ അഭ്യർഥിക്കണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം. തുടർന്നാണ്‌ വെള്ളിയാഴ്‌ച കേസ്‌ പരിഗണിച്ചത്‌. ക്ലബ്ബുകളുടെ യോഗം വിളിച്ചുചേർത്ത എഐഎഫ്‌എഫ്‌ ആദ്യം സൂപ്പർകപ്പ്‌ നടത്താമെന്ന നിർദേശം മുന്നോട്ടുവച്ചിരുന്നു. ഐഎസ്‌എൽ നടത്തുമെന്ന ഉറപ്പിൽ സൂപ്പർകപ്പ്‌ കളിക്കാൻ നിലവിൽ ക്ലബ്ബുകൾ സമ്മതിച്ചിട്ടുണ്ട്‌.


എഐഎഫ്‌എഫ്‌ ഭരണഘടന സംബന്ധിച്ച തർക്കത്തിൽ ഉത്തരവ്‌ തയ്യാറാക്കിക്കഴിഞ്ഞതായും ബെഞ്ച്‌ അറിയിച്ചു. എന്നാൽ കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ പുതിയ ദേശീയ കായിക ഭരണ നിയമത്തിലെ വ്യവസ്ഥകൾകൂടി പരിശോധിച്ചുമാത്രമാകും ഉത്തരവ്‌ പുറപ്പെടുവിക്കുക.



Tags
deshabhimani section

Related News

View More
0 comments
Sort by

Home