മെസിക്ക് ഡബിൾ; തിരിച്ചുവരവ് പൂർത്തിയാക്കി ഇന്റർ മയാമി

PHOTO: Facebook/Inter Miami
മയാമി: കോൺകകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ലോസ് ആഞ്ചലസ് എഫ് സിക്കെതിരെ (എൽഎഎഫ്‌സി) തിരിച്ചുവരവുമായി എംഎൽഎസ് ക്ലബ്ബ് ഇന്റർ മയാമി. ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട മയാമി രണ്ടാം പാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾ നേടിയാണ് തിരിച്ചുവരവ് പൂർത്തിയാക്കിയത്. ഇരട്ട ഗോൾ നേടിയ ക്യാപ്‌റ്റൻ മെസിയുടെ ചിറകിലായിരുന്നു മയാമിയുടെ തിരിച്ചുവരവ്.
ആദ്യ പാദത്തിന്റെ തുടർച്ചയെന്നോണം ലോസ് ആഞ്ചലസിന്റെ ഗോളോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. ഒൻപതാം മിനുട്ടിൽ ആരോൺ ലോങ് ആണ് എൽ എ എഫ് സിക്ക് വേണ്ടി വല കുലുക്കിയത്. തുടർന്ന് 35–ാം മിനുട്ടിൽ മെസി മയാമിക്കായി ആദ്യ ഗോൾ നേടി. 61–ാം മിനുട്ടിൽ ഫെഡറികോ റെഡൻഡോയിലൂടെയായിരുന്നു മയാമിയുടെ രണ്ടാം ഗോൾ. ഒടുവിൽ 85–ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ മെസി മയാമിക്ക് വേണ്ടി തിരിച്ചുവരവ് പൂർത്തിയാക്കി.
ചാമ്പ്യൻസ് കപ്പിന്റെ സെമി ഫൈനലിന്റെ ഫിക്‌സ്‌ചർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്റർ മയാമിയെക്കൂടാതെ ടീഗ്രെസ് യുഎഎൻഎൽ, ക്രൂസ് എയ്‌സൽ ടീമുകളും ടൂർണമെന്റിന്റെ സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.









0 comments