പരിക്ക് വില്ലനായി തുടരുന്നു; നെയ്മർ ബ്രസീൽ ടീമിൽനിന്ന് പുറത്ത്

റിയോ ഡി ജനീറോ: നീണ്ട ഇടവേളയ്‌ക്കുശേഷം ബ്രസീൽ ടീമിൽ തിരിച്ചെത്താനുള്ള നെയ്മറിന്റെ മോഹനങ്ങൾക്ക് വീണ്ടും തിരിച്ചടി. പരിക്കുമൂലം ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാമത്സരങ്ങൾക്കുള്ള ബ്രസീൽ സംഘത്തിൽ നിന്ന് താരത്തെ ഒഴിവാക്കി. പേശി പരിക്കിനെ തുടർന്നാണ് മുന്നേറ്റക്കാരനെ ടീമിൽ നിന്ന് ഒഴിവാക്കിയത്.
2023 ഒക്‌ടോബറിലാണ് നെയ്‌മർ അവസാനമായി ദേശീയ കുപ്പായമിട്ടത്. ഉറുഗ്വേക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് ഒരുവർഷത്തോളം പുറത്തിരുന്നു. കഴിഞ്ഞ ദിവസം പരിശീലകൻ ഡൊറിവാൾ ജൂനിയർ പ്രഖ്യാപിച്ച 23 അംഗ ടീമിൽ നെയ്മറും ഇടംപിടിച്ചിരുന്നു. നെയ്മറിന്റെ അഭാവത്തിൽ കൗമാരക്കാരൻ എൻഡ്രിക്കിനെ ടീമിലെടുത്തു. ബ്രസീൽ 21ന് കൊളംബിയയെയും 26ന് അർജന്റീനയെയും നേരിടും.
അതേസമയം സൗദി അറേബ്യൻ ഫുട്‌ബോൾ ക്ലബ് അൽ ഹിലാലുമായി വേർപിരിഞ്ഞ നെയ്മർ ബാല്യകാല ക്ലബ്ബായ സാന്റോസിലാണ് നിലവിൽ കളിക്കുന്നത്. ജൂലൈവരെ മുപ്പത്തിരണ്ടുകാരൻ സാന്റോസ് കുപ്പായമിടും. അക്കാദമി കാലം മുതൽ പത്തുവർഷം സാന്റോസിന്റെ ഭാഗമായിരുന്നു നെയ്‌മർ. 177 കളിയിൽ 107 ഗോളടിച്ചു. 2013ലാണ് ടീം വിട്ട് ബാഴ്‌സലോണയിൽ ചേർന്നത്. പിഎസ്‌ജിക്കായും അൽ ഹിലാലിനായും പിന്നീട് പന്ത് തട്ടി.









0 comments