ഐഎസ്‌എൽ ഡിസംബറിൽ

isl
avatar
റിതിൻ പൗലോസ്‌

Published on Aug 29, 2025, 01:10 AM | 2 min read

ന്യൂഡൽഹി: ഐഎസ്‌എൽ ഫുട്‌ബോൾ പ്രതിസന്ധി അവസാനിക്കുന്നു. പുതിയ കരാറിലൂടെ വാണിജ്യപങ്കാളിയെ കണ്ടെത്തി ഐഎസ്‌എൽ പുതിയ സീസൺ ഡിസംബറിൽ തുടങ്ങാൻ ധാരണയായതായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും (എഐഎഫ്‌എഫ്‌) നടത്തിപ്പുകാരായ ഫുട്ബോൾ സ്​പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) സുപ്രീംകോടതിയെ അറിയിച്ചു. ആദ്യഘട്ടത്തിൽ സൂപ്പർ കപ്പായിരിക്കും നടക്കുക. സെപ്‌തംബറിലായിരിക്കും സൂപ്പർ കപ്പ്‌. പുതിയ കരാറിനായുള്ള ആഗോള ടെൻഡർ ഒക്‌ടോബറിൽ വിളിക്കും. നിലവിൽ എഫ്എസ്ഡിഎല്ലുമായുള്ള കരാർ ഡിസംബറിലാണ്‌ അവസാനിക്കുക.


അതേസമയം, എഐഎഫ്‌എഫിന്റെ പുതിയ ഭരണഘടനയുമായുള്ള ബന്ധപ്പെട്ട വിധി കോടതി സെപ്‌തംബർ ഒന്നിന്‌ പുറപ്പെടുവിക്കും. വിലക്കുമെന്ന്‌ കാട്ടി ഫിഫ അയച്ച കത്തിനെ കേവലം ഭീഷണിയെന്ന്‌ കേസിലെ അമിക്കസ്‌ക്യൂറി ഗോപാൽ ശങ്കരനാരായണൻ വിശേഷിപ്പിച്ചു.

ഇന്ത്യൻ ഫുട്‌ബോളിലെ നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ഒരുമിച്ചിരുന്ന്‌ പരിഹാരം കാണാൻ എഐഎഫ്‌എഫിനോടും എഫ്‌എസ്‌ഡിഎല്ലിനോടും കോടതി നിർദേശിച്ചിരുന്നു. ഇതുപ്രകാരം ഇ‍ൗമാസം 22ന്‌ ബംഗളൂരുവിൽ ഇരുപക്ഷവും യോഗം ചേർന്നു. കേസ്‌ പരിഗണിച്ച ജസ്‌റ്റിസുമാരായ പി എസ്‌ നരസിംഹ, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചിലാണ്‌ എഫ്എസ്‌ഡിഎൽ ഇക്കാര്യം അറിയിച്ചത്‌. നിലവിലുള്ള കരാറിലെ സവിശേഷ അധികാരങ്ങൾ ഉൾപ്പെടെ എഫ്എസ്ഡിഎൽ വിട്ടുനൽകും. അവസാന ഗഡുവായ 12.5 കോടി രൂപയും നൽകും.


പുതിയ വാണിജ്യ പങ്കാളിയെ കണ്ടെത്താമെന്ന് എഫ്എസ്ഡിഎൽ അറിയിച്ചു. ആര്‌ കരാർ നേടിയാലും ഡിസംബറിൽതന്നെ ഐഎസ്‌എൽ തുടങ്ങണം. ആർക്കുവേണമെങ്കിലും തുറന്ന ലേലത്തിൽ പങ്കെടുക്കാം. അവസാനിക്കുന്നതിന്‌ 180 ദിവസം മുമ്പ്‌ പുതിയ കരാർ സംബന്ധിച്ച ചർച്ച തുടങ്ങണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും കോടതി ഇടപെടൽമൂലം അത്‌ സാധിച്ചില്ലെന്ന്‌ എഫ്എസ്ഡിഎൽ അറിയിച്ചു. തൊണ്ണൂറ്റിയഞ്ച്‌ ശതമാനം വരുമാനവും സംപ്രേക്ഷണാവകാശത്തിൽനിന്നാണ്‌. കൂടുതൽ പ്രതിസന്ധി ഒഴിവാക്കുന്നതിനായി അവകാശങ്ങൾ വിട്ടുനൽകുകയാണെന്ന്‌ അവർ പറഞ്ഞു. ഇടക്കാല പരിഹാര നിർദേശങ്ങളിൽ ബെഞ്ച്‌ തൃപ്‌തി അറിയിച്ചു.


​ഭരണഘടന സംബന്ധിച്ച തർക്കത്തിൽ എല്ലാവരെയും വീണ്ടും കേട്ടശേഷം മാത്രമേ ഉത്തരവിടുവെന്ന്‌ കോടതി ദേഭഗതി പറഞ്ഞു. പുതിയ കായിക ഭരണ നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും ഉത്തരവിൽ ഉൾപ്പെടുത്താമെന്നും ബെഞ്ച്‌ ഉറപ്പുനൽകി. പുതിയ ഭരണഘടന നടപ്പാക്കുന്നതിലെ കാലതാമസവും കോടതി ഇടപെടലും ചൂണ്ടിക്കാട്ടിയാണ്‌ കഴിഞ്ഞ ദിവസം ഫിഫയും ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനും ഇന്ത്യൻ ഫുട്‌ബോളിന്‌ മുന്നിയിപ്പ്‌ നൽകിയത്‌. ഒക്‌ടോബർ 30ന്‌ മുമ്പ്‌ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ വിലക്ക്‌ ഏർപ്പെടുത്തുമെന്നായിരുന്നു ഭീഷണി.



deshabhimani section

Related News

View More
0 comments
Sort by

Home