ഐഎസ്​എൽ നടത്തുമെന്ന്​ കല്യാൺ ച‍ൗബെ

ആദ്യം സൂപ്പർകപ്പ്‌ ; ഐഎസ്‌എൽ വൈകും

Indian Super League
avatar
Sports Desk

Published on Aug 08, 2025, 12:25 AM | 2 min read


ന്യൂഡൽഹി

രാജ്യത്തെ ഒന്നാമത്തെ ഫുട്‌ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ്‌ (ഐഎസ്​എൽ) നടത്തുന്നതിൽ അനിശ്ചിതത്വം തുടരും. ഐഎസ്‌എല്ലിന്​ പകരം സൂപ്പർകപ്പ്‌ ആദ്യം നടത്താൻ ഡൽഹിയിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ‌ഐ‌എഫ്‌എഫ്) വിളിച്ചുചേർത്ത ക്ലബ്ബുകളുടെ യോഗത്തിൽ ധാരണയായി.


ഐഎസ്‌എൽ പിന്നീട്​ നടത്തുമെന്ന ഉറപ്പിലാണ്‌ സൂപ്പർ കപ്പ്‌ കളിക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ അടക്കമുള്ള 13 ക്ലബ്ബുകളുടെയും തലവന്മാർ പ്രാഥമിക സമ്മതമറിയിച്ചത്‌. സെപ്​തംബർ രണ്ടാംവാരത്തോടെ സൂപ്പർ കപ്പിന്​ കിക്കോഫാകും. പത്തുദിവസത്തിനകം അടുത്ത യോഗം ചേരുമെന്നും അന്ന്​ തീയതി പ്രഖ്യാപിക്കുമെന്നും എ‌ഐ‌എഫ്‌എഫ് പ്രസിഡന്റ്‌ കല്യാൺ ചൗബെ മാധ്യമങ്ങളോട്‌ പറഞ്ഞു. ക്ലബ്ബുകളുടെ ആശങ്ക കണക്കിലെടുത്ത്‌ സൂപ്പർ കപ്പ്‌ ഉടൻ നടത്തുമെന്നും ഐഎസ്‌എൽ ഈ വർഷം നടത്താനാകുമെന്നും ചൗബെ അവകാശപ്പെട്ടു. പ്രത്യേകസാഹചര്യം പരിഗണിച്ച്‌ ടൂർണമെന്റിന്റെ മത്സരക്രമത്തിൽ ഇത്തവണ മാറ്റമുണ്ടാകും. കൂടുതൽ മത്സരങ്ങൾ ഉൾപ്പെടുത്തും.


മോഹൻ ബഗാൻ, ഒഡിഷ എഫ്‌സി ക്ലബ്ബുകൾ ഓൺലൈനായും ബാക്കിയുള്ള ക്ലബ്ബുകൾ നേരിട്ടും ഡൽഹിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. ഐഎസ്​എൽ സംഘാടകരായ ഫുട്ബോൾ സ്​പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ (എഫ്എസ്ഡിഎൽ) പ്രതിനിധികളും യോഗത്തിനെത്തി.


തയ്യാറെടുപ്പ്‌ പൂർത്തിയാക്കി കളിക്കാരെയും സ്‌റ്റാഫിനെയും സൂപ്പർ കപ്പിനായി ഒരുക്കാൻ ആറുമുതൽ എട്ടാഴ്‌ചവരെ സമയമാണ്‌ ക്ലബ്ബുകൾ ആവശ്യപ്പെട്ടത്‌. പ്രാഥമിക വരുമാനം ഐഎസ്‌എല്ലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ബംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ഒഡിഷ എഫ്‌സി തുടങ്ങിയ ക്ലബ്ബുകൾ സാമ്പത്തിക പ്രയാസം യോഗത്തിൽ ഉന്നയിച്ചു. കളിക്കാരുമായുള്ള കരാർ പോലും താൽക്കാലികമായി മരവിപ്പിക്കേണ്ടി വന്നുവെന്ന്‌ ക്ലബ്‌ മേധാവികൾ പറഞ്ഞു. കേരള ബാസ്റ്റേഴ്‌സും ഐഎസ്‌എൽ അനിശ്ചിതത്വമായി നീട്ടരുതെന്ന്‌ ആവശ്യപ്പെട്ടു. അതേസമയം കളിക്കാരുടെയും സ്‌റ്റാഫിന്റെയും ശമ്പളം നിർത്തലാക്കുകയോ വെട്ടിക്കുറയ്‌ക്കുകയോ ചെയ്‌തതിൽ എ‌ഐ‌എഫ്‌എഫിന്‌ ഇടപെടാനാവില്ലന്നാണ്‌ ചൗബെ പറഞ്ഞത്‌.


സാമ്പത്തിക പ്രതിസന്ധി കുറക്കുന്നതിനുള്ള പോംവഴിയെന്ന നിലയിലാണ്‌ ക്ലബ്ബുകൾ തൽക്കാലം സൂപ്പർ കപ്പിൽ പങ്കെടുക്കാൻ സമ്മതമറിയിച്ചിരിക്കുന്നത്‌. എഐഎഫ്എഫും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡുമായുള്ള (എഫ്എസ്ഡിഎൽ) കരാർ ഡിസംബറിൽ അവസാനിക്കുന്നതും വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ തുടരുന്നതുമാണ്‌ ഐഎസ്‌എല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്‌. സൂപ്പർ കപ്പ്‌ സംഘാടനത്തിൽ എഫ്എസ്ഡിഎൽ പ്രതിനിധികൾ ഒന്നും പറഞ്ഞില്ല.

ക്ലബ്ബുകളുടെ നിലപാടുകൾ

സുപ്രീംകോടതിയിൽ കേസ്‌ നടപടികൾ വേഗത്തിലാക്കണം.

ഐഎസ്‌എൽ ഈ വർഷം നടത്തുമെന്ന ഉറപ്പ്‌ നൽകണം.

 സൂപ്പർ കപ്പിന്‌ സമ്മതിച്ചത്​ നിയമോപദേശം തേടാമെന്ന ഉറപ്പിൽ.

 കടുത്ത തീരുമാനങ്ങൾ പിൻവലിക്കാം.

വരുമാനം പങ്കുവയ്‌ക്കൽ അടക്കമുള്ള വിഷയങ്ങളിലും ചർച്ച വേണം.




deshabhimani section

Related News

View More
0 comments
Sort by

Home