കേരള പൊലീസിന്റെ സുവർണകാലത്തെ പ്രധാന താരമായിരുന്നു ഐ എം വിജയൻ
സുവർണനിരയിലെ അവസാന കണ്ണി

1991ൽ കണ്ണൂരിൽ നടന്ന ഫെഡറേഷൻ കപ്പിൽ ജേതാക്കളായ കേരള പൊലീസ് ടീം. നിൽക്കുന്നവരിൽ വലത്തുനിന്ന് രണ്ടാമത് ഐ എം വിജയൻ (ഫയൽ)
ജിജോ ജോർജ്
Published on Apr 02, 2025, 12:15 AM | 1 min read
മലപ്പുറം : വി പി സത്യൻ, യു ഷറഫലി, സി വി പാപ്പച്ചൻ, കെ ടി ചാക്കോ, കുരികേശ് മാത്യു, പി പി തോബിയാസ്, ഐ എം വിജയൻ – ഒരുകാലത്ത് ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ നിറഞ്ഞുനിന്ന സുവർണതാരങ്ങൾ. എല്ലാവരും കേരള പൊലീസിന്റെ കരുത്തർ. ഈ നിരയിലെ ഇളമുറക്കാരനും അവസാന കണ്ണിയുമാണ് ഐ എം വിജയൻ. പൊലീസ് കോൺസ്‌റ്റബിളായി പ്രവേശിച്ച അദ്ദേഹം എംഎസ്‌പി അസി. കമാൻഡന്റായാണ് വിരമിക്കുന്നത്. ബാക്കിയുള്ളവരിൽ വി പി സത്യൻ വിടപറഞ്ഞു. പിന്നെയുള്ള അഞ്ചുപേർ നേരത്തെ ജോലിയിൽനിന്ന് വിരമിച്ചു. 30ന് വിജയൻ പൊലീസ് കുപ്പായം അഴിക്കുന്നതോടെ എൺപതുകളിലെ സൂപ്പർ താരനിര അവസാനിക്കും.
കെ എ ആൻസൺ, സി ജാബിർ-, സി എ ലിസ്‌റ്റൺ, മെഹബൂബ്, സെബാസ്‌റ്റ്യൻ നെറ്റോ, അലക്‌സ് എബ്രഹാം, എം ബാബുരാജ്, പി എ സന്തോഷ്, പി ഹബീബുറഹ്മാൻ, രാജേന്ദ്രൻ, കലാധരൻ, ഹെൻട്രി സാജൻ, എ ശ്രീനിവാസൻ തുടങ്ങിയവരും പ്രതാപകാലത്ത് പൊലീസ് ടീമിലുണ്ടായിരുന്നു.
1984ൽ ഡിജിപിയായിരുന്ന എം കെ ജോസഫിന്റെയും ഡിഐജി ഗോപിനാഥന്റെയും നേതൃത്വത്തിലാണ് കേരള പൊലീസിൽ ഫുട്‌ബോൾ ടീം രൂപീകരിച്ചത്. 1986ൽ മാമ്മൻ മാപ്പിള ടൂർണമെന്റിൽ കപ്പുയർത്തിയ ടീമിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1990ൽ തൃശൂരിലും 1991ൽ കണ്ണൂരിലും നടന്ന ഫെഡറേഷൻ കപ്പിൽ കിരീടം ചൂടിയ ടീം, അക്കാലത്തെ ഒട്ടുമിക്ക ടൂർണമെന്റിലും തിളങ്ങി. ടി കെ ചാത്തുണ്ണി, ടി എ ജാഫർ, എ എം ശ്രീധരൻ, കുഞ്ഞികൃഷ്‌ണൻ എന്നിവരായിരുന്നു പരിശീലകർ. 1992ൽ വി പി സത്യന്റെയും 1993ൽ കുരികേശ് മാത്യുവിന്റെയും നേതൃത്വത്തിൽ കേരളം സന്തോഷ് ട്രോഫി കിരീടം നേടുമ്പോൾ പൊലീസ് താരങ്ങളുടെ വലിയനിര ഇരുടീമിലുമുണ്ടായിരുന്നു. പൊലീസിന്റെ ഫുട്‌ബോൾ ടീം ഇപ്പോഴുമുണ്ടെങ്കിലും പ്രതാപകാലത്തിന്റെ നിഴൽ മാത്രം.
സൗഹൃദ മത്സരം 28ന്
ഐ എം വിജയനുള്ള യാത്രയയപ്പിന്റെ ഭാഗമായി വിപുലമായി പരിപാടികൾ സംഘടിപ്പിക്കും. 28ന് വൈകിട്ട് നാലിന് മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം നടക്കും. പഴയകാല പൊലീസ് താരങ്ങളും മലപ്പുറം വെറ്ററൻസ് ഫുട്‌ബോൾ അസോസിയേഷൻ ടീമും ഏറ്റുമുട്ടും.









0 comments