വ്യാജ അപേക്ഷയിൽ പറ്റിക്കപ്പെട്ടെന്ന് എഐഎഫ്‌എഫ്
അത് സാവിയല്ല, ഗ്വാർഡിയോളയുമല്ല !

പെപ് ഗ്വാർഡിയോളയും (ഇടത്ത്) സാവിയും

Sports Desk
Published on Jul 27, 2025, 12:00 AM | 1 min read
ന്യൂഡൽഹി
ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകനാകാൻ സ്‌പാനിഷ് ഇതിഹാസം സാവിയുടെ പേരിൽ അപേക്ഷ നൽകിയത് വ്യാജൻ. മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയുടെ പേരിലും വ്യാജ അപേക്ഷ വന്നുവെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) അറിയിച്ചു.
കഴിഞ്ഞ ദിവസം സാവി അപേക്ഷിച്ചെന്നും ഇ മെയിൽ വഴിയാണ് ഇത് വന്നതെന്നും ദേശീയ ടീം ഡയറക്ടർ സുബ്രതാ പോൾ പറഞ്ഞിരുന്നു. പിന്നാലെ സാമ്പത്തിക ബാധ്യത താങ്ങാനാകാത്തതിനാൽ സാവിയെ ഇന്ത്യ നിരസിച്ചെന്ന് വാർത്ത പരന്നു. സ്‌പാനിഷ് മാധ്യമ പ്രവർത്തകരാണ് ഇങ്ങനെയൊരു അപേക്ഷ സാവി നൽകിയില്ലെന്ന് വെളിപ്പെടുത്തിയത്. അമളി മനസ്സിലാക്കിയ എഐഎഫ്‌എഫ് ഉടൻ തിരുത്തി. അപേക്ഷയായി വന്ന പല മെയിലുകളും കബളിപ്പിക്കുന്നതായിരുന്നുവെന്ന് തുറന്നുപറഞ്ഞു.
സ്‌പെയ്‌നിനായി 133 കളിയിൽ ഇറങ്ങിയ സാവി 2010 ലോകകപ്പ് നേടിയിരുന്നു. ബാഴ്‌സലോണയ്‌ക്കായി കളിക്കുകയും പരിശീലിപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ വർഷം ബാഴ്‌സ വിട്ടശേഷം പരിശീലകരംഗത്തില്ല. ലോകഫുട്‌ബോളിൽ ഇത്രയും പ്രസിദ്ധനായ താരം ഇന്ത്യൻ ടീമിന്റെ കോച്ചാകാൻ അപേക്ഷിക്കുമോ എന്ന സംശയം ഉയർന്നിരുന്നു. എന്നാൽ എഐഎഫ്‌എഫ് ഇത് വാസ്തവമാണെന്ന് ആദ്യം അറിയിച്ചു. 170 പേരായിരുന്നു അപേക്ഷിച്ചത്. പരിശീലകനെ തെരഞ്ഞെടുക്കാൻ ചുമതലയുള്ള ഐ എം വിജയന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കൽ കമ്മിറ്റി ഇതിൽനിന്ന് മൂന്ന് പേരുടെ അന്തിമപട്ടികയുണ്ടാക്കി. ഇന്ത്യക്കാരനായ ഖാലിദ് ജമീൽ, സ്റ്റീഫൻ കോൺസ്റ്റന്റൈൻ (ബ്രിട്ടൻ), സ്‌റ്റെഫാൻ തർകോവിച്ച് (സ്ലൊവാക്യ) എന്നിവരായിരുന്നു പട്ടികയിൽ. ഖാലിദിനെ കോച്ചായി നിയമിച്ചുള്ള പ്രഖ്യാപനം ആഗസ്‌ത് ഒന്നിനുണ്ടാകും.









0 comments