Deshabhimani

ചരിത്രം, ഇന്ത്യ: വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യത

Indian Football Team
വെബ് ഡെസ്ക്

Published on Jul 06, 2025, 12:56 AM | 1 min read

ചിയാങ്‌ മായ്‌ (തായ്‌ലൻഡ്‌): വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ചരിത്ര യോഗ്യതയുമായി ഇന്ത്യൻ ടീം. തായ്‌ലൻഡിനെ 2–1ന്‌ തോൽപ്പിച്ച്‌ അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്‌ ടിക്കറ്റെടുത്തു. ആദ്യമായാണ്‌ ഇന്ത്യ യോഗ്യതാ റൗണ്ട്‌ ജയിച്ച്‌ മുന്നേറുന്നത്‌. നാല്‌ കളിയും ജയിച്ചാണ്‌ ക്രിസ്‌പിൻ ഛേത്രി പരിശീലിപ്പിക്കുന്ന ടീമിന്റെ മുന്നേറ്റം. 24 ഗോളടിച്ചപ്പോൾ വഴങ്ങിയത്‌ ഒന്ന്‌ മാത്രം. ചിയാങ്‌ മായ്‌ സ്‌റ്റേഡിയത്തിൽ ജയം അനിവാര്യമായ കളിയിൽ ഇരട്ടഗോളുമായി സംഗീത ബാർസ്‌ഫോറെ തിളങ്ങി. ചത്‌ചവാൻ റോഡ്‌തോങ്ങാണ്‌ ആതിഥേയർക്കായി ലക്ഷ്യം കണ്ടത്‌.


തായ്‌ലൻഡിൽ നടന്ന യോഗ്യതാ റൗണ്ടിൽ ആധികാരികമായാണ്‌ ഇന്ത്യയുടെ കുതിപ്പ്‌. പരിചയസമ്പത്തും യുവത്വവും ചേർന്നതാണ്‌ ടീം. 23.6 വയസ്സാണ്‌ ശരാശരി പ്രായം. മലയാളിയായ പി വി പ്രിയ സഹപരിശീലകയാണ്‌. കാസർകോട്‌ സ്വദേശിയായ പി മാളവികയാണ്‌ ടീമിലെ ഏക മലയാളി. 26 വർഷത്തെ ഇടവേളക്കുശേഷമാണ്‌ ദേശീയ സീനിയർ ടീമിൽ ഒരു മലയാളി കളിച്ചത്‌. കൊച്ചി സ്വദേശി ബെന്റില ഡിക്കോത്തയാണ്‌ അവസാനമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്‌.


റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ 24 പടി മുകളിലുള്ള തായ്‌ലൻഡിനെ ആക്രമണ ഫുട്‌ബോൾ കൊണ്ട്‌ മുറുക്കി ഇന്ത്യ. 46–-ാം സ്ഥാനത്താണവർ. ഇന്ത്യയാകട്ടെ എഴുപതും. എന്നാൽ കടലാസിലെ കണക്കുകൾ കളത്തിൽ ഏശിയില്ല. തുടക്കം തന്നെ സംഗീത നയംവ്യക്തമാക്കി. ഇടവേളയ്‌ക്കുശേഷം തായ്‌ലൻഡ്‌ സമനില പിടിച്ചെങ്കിലും സമ്മർദത്തിന്‌ അടിമപ്പെടാതെ ഇന്ത്യ കളിച്ചു. വൈകാതെ സംഗീത ജയമുറപ്പിക്കുകയും ചെയ്‌തു. ആദ്യ മത്സരങ്ങളിൽ മംഗോളിയയെ 13 ഗോളിനും തിമോർ ലെസ്‌റ്റെയെ 4–-0നും ഇറാഖിനെ അഞ്ച്‌ ഗോളിനും തരിപ്പണമാക്കിയിരുന്നു.

ഏഷ്യൻ കപ്പിൽ ഇന്ത്യക്ക്‌ രണ്ടുതവണ റണ്ണറപ്പായ ചരിത്രമുണ്ട്‌. 1980ലും 1983ലും റണ്ണറപ്പായി. 1981ൽ മൂന്നാംസ്ഥാനം. 2003ലാണ്‌ അവസാനമായി ഏഷ്യൻ കപ്പ്‌ കളിച്ചത്‌. 2022ൽ ആതിഥേയരായെങ്കിലും കോവിഡിനെത്തുടർന്ന്‌ മത്സരങ്ങൾ പൂർത്തിയാക്കാനായില്ല.

അന്നൊന്നും യോഗ്യത കളിക്കാതെ നേരിട്ട്‌ പ്രവേശിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home