പൊരുതി വീണു ; കാഫ നേഷൻസ് കപ്പ് ഫുട്ബോളിൽ ഇറാനോട്‌ മൂന്ന്‌ ഗോളിന്‌ തോറ്റു

india at Cafa Nations Cup Football
avatar
Sports Desk

Published on Sep 02, 2025, 12:43 AM | 1 min read

ഹിസോർ (തജികിസ്ഥാൻ)

ഖാലിദ്‌ ജമീലിന്റെ കീഴിൽ ഇന്ത്യൻ ഫുട്‌ബോളിന്‌ ആദ്യ തോൽവി. കാഫ നേഷൻസ്‌ കപ്പിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ഇറാനോട്‌ പൊരുതി കീഴടങ്ങി. മൂന്ന്‌ ഗോളിനാണ്‌ തോറ്റത്‌. രണ്ടാംജയത്തോടെ ഇറാൻ ഫൈനലിലെത്തി. മൂന്ന്‌ പോയിന്റുള്ള ഇന്ത്യ പട്ടികയിൽ രണ്ടാമതാണ്‌. അവസാന കളിയിൽ വ്യാഴാഴ്‌ച അഫ്‌ഗാനിസ്ഥാനെ നേരിടും.


ആദ്യ കളിയിൽ ആതിഥേയരായ തജികിസ്ഥാനെ കീഴടക്കിയ ഇന്ത്യ ഇരുപതാം റാങ്കുകാരായ ഇറാനെ ഒരുമണിക്കൂറോളം ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടി. രണ്ട്‌ മാറ്റങ്ങളായിരുന്നു ടീമിൽ. ലല്ലിയാൻസുവാല ചാങ്തെയ്‌--ക്കും ജീക്‌സൺ സിങ്ങിനും പകരം ഡാനിഷ് ഫറൂഖും നിഖിൽ പ്രഭുവുമെത്തി. ഉജ്വല പ്രതിരോധം പടുത്തുയർത്തിയാണ്‌ വമ്പൻമാരായ ഇറാനെതിരെ പൊരുതിയത്‌. സന്ദേശ്‌ ജിങ്കനും രാഹുൽ ബെക്കെയും അൻവർ അലിയും മലയാളി താരം മുഹമ്മദ്‌ ഉവൈസും അണിനിരന്ന പ്രതിരോധം തുടക്കം വിട്ടുകൊടുത്തില്ല. യൂറോപ്യൻ ലീഗിലുൾപ്പെടെ കളിച്ച്‌ പരിചയമുള്ള എതിർമുന്നേറ്റത്തെ സമർഥമായി തളച്ചു. റാങ്കിങ്ങിൽ 113 പടി മുന്നിലുള്ള ടീമിനെതിരെ സമ്മർദമില്ലാതെ പന്തുതട്ടി. വ്യക്തമായ പദ്ധതികളോടെയാണ്‌ ഖാലിദ്‌ ഇന്ത്യയെ കളത്തിലെത്തിച്ചത്‌. എന്ത്‌ വന്നാലും ഗോൾവഴങ്ങരുതെന്നായിരുന്നു നിർദേശം. ആദ്യപകുതിയിൽ ഗോൾകീപ്പർ ഗുർപ്രീത്‌ സിങ്‌ സന്ധുവിന്റെ രക്ഷപ്പെടുത്തലും തുണച്ചു.


ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം ഇറാൻ ശ‍ൗര്യംകാട്ടി. അമീർഹുസൈൻ ഹുസൈൻസാദിലൂടെ 60–ാം മിനിറ്റിൽ അവർ ലീഡ്‌ നേടി. കളിയവസാനം അലി അലിപൊർഗറയും സൂപ്പർതാരം മെഹ്‌ദി തരേമിയും ലീഡുയർത്തി.


കളിയിൽ ഇന്ത്യ രണ്ട്‌ ഷോട്ടുതിർക്കുകയും ചെയ്‌തു. നിഖിൽ പ്രഭുവും വിക്രംപ്രതാപ്‌ സിങ്ങുമാണ്‌ എതിർവല ലക്ഷ്യമാക്കി പന്തയച്ചത്‌. രണ്ടാംപകുതിയിൽ പകരക്കാരനായെത്തിയ മലയാളി വിങ്ങർ എം എസ്‌ ജിതിന്റെ മിന്നൽനീക്കങ്ങൾ ഇറാൻ പ്രതിരോധത്തെ വെള്ളം കുടിപ്പിച്ചെങ്കിലും ലക്ഷ്യംകാണാനായില്ല. അടുത്ത കളിയിൽ അഫ്‌ഗാനിസ്ഥാനെതിരെ ജയിച്ചാൽ മൂന്നാം സ്ഥാനക്കാർക്കുള്ള പോരാട്ടത്തിന്‌ യോഗ്യത നേടാനുള്ള സാധ്യതയുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Home