മെസി ചരിത്രത്തിലെ മികച്ച താരം, താനുമായി താരതമ്യം ചെയ്യരുത്: ലമീൻ യമാൽ

ബാഴ്‌സലോണ: സൂപ്പർ താരം ലയണൽ മെസിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് യുവതാരം ലമീൻ യമാൽ. ഇന്റര്‍ മിലാനെതിരായ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ലമാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി ഞാന്‍ മെസിയെ ആരാധിക്കുന്നു. എന്നെ അദ്ദേഹവുമായി തരതമ്യം ചെയ്യുന്നില്ല. മെസി എന്നല്ല, ആരുമായും തന്നെ താരതമ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. മറ്റ് കളിക്കാരുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. ഞാനായിരിക്കാനും സ്വന്തം വഴി കണ്ടെത്താനുമാണ് ആഗ്രഹിക്കുന്നത്. കളി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു'- മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യമാൽ.
യൂറോയിൽ ശ്രദ്ധനേടിയ താരം
ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിൽ ലയണൽ മെസിയെ കണ്ടുവളർന്ന യമാൽ കഴിഞ്ഞ യൂറോയിലാണ് ശ്രദ്ധിക്കപ്പെട്ടത്. സ്‌പെയ്‌നിനെ ചാമ്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇത്തവണ ബാഴ്‌സ കുപ്പായത്തിലും ഫോം തുടർന്നു. പത്ത് വർഷത്തിനുശേഷം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തുന്നത് സ്വപ്നംകാണുന്ന ബാഴ്‌സയുടെ പ്രധാന ആയുധമാണ് സ്‌പാനിഷുകാരൻ.
ബാഴ്‌സയുടെ തട്ടകമായ ഒളിമ്പിക് സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30നാണ് ആദ്യപാദ സെമി. ആറുവർഷത്തിനുശേഷം അവസാന നാലിൽ ഇടംപിടിച്ച ബാഴ്‌സ ക്വാർട്ടറിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ 5-3ന് വീഴ്‌ത്തി. കരുത്തരായ ബയേൺ മ്യൂണിക്കിനെ 4-3ന് മറികടന്നാണ് ഇന്ററിന്റെ വരവ്.
ഹാൻസി ഫ്ലിക്കെന്ന ജർമൻ പരിശീലകന് കീഴിൽ ഈ സീസണിൽ തകർപ്പൻ കളിയാണ് ബാഴ്‌സയുടേത്. സ്ഥിരതയോടെ ആക്രമണ ഫുട്‌ബോൾ കളിച്ചു. മൂന്ന് ട്രോഫികളാണ് ലക്ഷ്യം. പരമ്പരാഗത എതിരാളിയായ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് കിങ്‌സ് കപ്പ് നേടിക്കഴിഞ്ഞു. സ്‌പാനിഷ് ലീഗിൽ അഞ്ച് കളി ശേഷിക്കെ നാല് പോയിന്റിന് മുന്നിലാണ്. ചാമ്പ്യൻസ് ലീഗിലാണ് അടുത്ത നോട്ടം. റഫീന്യ–-ലമീൻ യമാൽ–-റോബർട്ട് ലെവൻഡോവ്‌സ്‌കി ത്രയമാണ് കരുത്ത്. ചാമ്പ്യൻസ് ലീഗിൽ ടീമിന്റെ 37 ഗോളിൽ 27ഉം ഈ മൂവർ സഖ്യമാണ് നേടിയത്. എന്നാൽ പരിക്കേറ്റ ലെവൻഡോവ്‌സ്‌കി കളിക്കാത്തത് ബാഴ്‌സയ്‌ക്ക് തിരിച്ചടിയാകും.
2023ലെ റണ്ണറപ്പുകളായ ഇന്ററിന് മികച്ച തുടക്കമായിരുന്നു സീസണിൽ. സെമി ഉറപ്പിക്കുംവരെ കാര്യങ്ങൾ ശരിയായ ദിശയിലായിരുന്നു. എന്നാൽ പിന്നീട് ഇറ്റലിയിൽ അടിപതറി. തുടർച്ചയായി മൂന്ന് കളി തോറ്റാണ് ബാഴ്‌സലോണയിൽ എത്തുന്നത്. ഇറ്റാലിയൻ ലീഗിൽ ഒന്നാംസ്ഥാനവും നഷ്ടമായി. ക്യാപ്‌റ്റൻ ലൗതാരോ മാർട്ടിനെസാണ് തുരുപ്പുചീട്ട്.









0 comments