അതിവേഗം ഗോൾ 'സെഞ്ചുറി'; ക്ലബ്ബിനായി 100 ഗോളടിച്ച് കെയ്ൻ

മ്യൂണിക്: ജർമനിയിൽ ഹാരി കെയ്‌ൻ വലനിറയ്‌ക്കുന്നു. ഇൗ നൂറ്റാണ്ടിൽ ഒരു ഫുട്‌ബോൾ ക്ലബ്ബിനായി അതിവേഗം 100 ഗോളടിക്കുന്ന താരമായി ബയേൺ മ്യൂണിക് മുന്നേറ്റക്കാരൻ മാറി. 104 കളിയിലാണ് ഇംഗ്ലീഷ് ക്യാപ്‌റ്റന്റെ നേട്ടം. മറികടന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ്. റയൽ മാഡ്രിഡിനായി 105 മത്സരത്തിൽനിന്നായിരുന്നു പോർച്ചുഗൽ മുന്നേറ്റക്കാരൻ ‘സെഞ്ചുറി’ തികച്ചത്. ജർമൻ ലീഗിൽ വെർഡെർ ബ്രെമെനെതിരെ ഇരട്ടഗോളടിച്ചാണ് കെയ്‌ൻ അപൂർവ റെക്കോഡ് പേരിലാക്കിയത്. ഇൗ സീസണിൽ എട്ട് കളിയിൽ 15 ഗോളായി. ലീഗിൽ അഞ്ചിൽ പത്ത് ഗോളും. വെർഡെർ ബ്രെമെനെതിരെ നാല് ഗോളിന് ജയിച്ച് ബയേൺ 15 പോയിന്റുമായി ഒന്നാംസ്ഥാനത്ത് തുടർന്നു. രണ്ടാമതുള്ള ബൊറൂസിയ ഡോർട്ട്‌മുണ്ടിന് പത്ത്.
ടോട്ടനം ഹോട്‌സ്‌പർ വിട്ട് 2023ലാണ് കെയ്‌ൻ ബയേണിൽ കുടിയേറിയത്. കളിജീവിതത്തിൽ ആദ്യ കിരീടവും വ്യക്തിപരമായ നേട്ടങ്ങളുമായിരുന്നു ഉദ്ദേശ്യം. ടോട്ടനത്തിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോളടിച്ചുകൂട്ടിയെങ്കിലും ടീമിന്റെ മോശം പ്രകടനം തളർത്തി. ബയേണിൽ എത്തിയശേഷം മുപ്പത്തിരണ്ടുകാരൻ ഗോളടി ശീലമാക്കി. കഴിഞ്ഞ സീസണിൽ ജർമൻ ലീഗ് നേടി 15 വർഷത്തെ കളിജീവിതത്തിലെ ആദ്യ ട്രോഫി ഉയർത്തി. 26 ഗോളുമായി ഗോൾവേട്ടക്കാരനുമായി.









0 comments