ഹാട്രിക് ഹാലണ്ട്; നോർവേ മുന്നോട്ട്

ഓസ്‌ലോ : ഇസ്രയേലിനെ അഞ്ച് ഗോളിന് തകർത്ത് എർലിങ് ഹാലണ്ടിന്റെ നോർവേ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതയ്‌ക്കരികെ. ഹാട്രിക്കുമായി ഹാലണ്ട് തിളങ്ങി. യൂറോപ്പിലെ മറ്റ് മത്സരങ്ങളിൽ പോർച്ചുഗൽ ഒരു ഗോളിന് അയർലൻഡിനെയും സ്‌പെയ്‌ൻ രണ്ട് ഗോളിന് ജോർജിയയെയും തോൽപ്പിച്ചു. എസ്‌റ്റോണിയയെ 3–1ന് തകർത്ത് ഇറ്റലി പ്രതീക്ഷ നിലനിർത്തി. നോർവെയ്‌ക്കും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്‌റ്റർ സിറ്റിക്കുമായി തുടർച്ചയായ പത്താം മത്സരത്തിലാണ് ഹാലണ്ട് ഗോൾ നേടുന്നത്.
നോർവെയ്‌ക്ക് 46 കളിയിൽ 51 ഗോളായി ഇരുപത്തഞ്ചുകാരന്. രണ്ടാംസ്ഥാനക്കാരായ ഇറ്റലിക്ക് എസ്‌റ്റോണിയക്കെതിരായ ജയം ഉൗർജംപകർന്നു.
റൊണാൾഡോ പെനൽറ്റി പാഴാക്കിയിട്ടും അവസാന നിമിഷം റൂബെൻ നെവെസ് നേടിയ ഗോളിലാണ് പോർച്ചുഗൽ അയർലൻഡിനെ കീഴടക്കിയത്. റൊണാൾഡോയുടെ പെനൽറ്റി അയർലൻഡ് ഗോൾ കീപ്പർ കയോമിൻ കെല്ലെഹെർ തകർപ്പൻ ചാട്ടത്തിലൂടെ തട്ടിയകറ്റുകയായിരുന്നു. മൂന്ന് കളിയിൽ ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് എഫ-ിൽ ഒന്നാമതാണ് പോർച്ചുഗൽ. ഗ്രൂപ്പ് ഇയിൽ ജോർജിയയെ തോൽപ്പിച്ച സ്‌പെയ്‌ൻ മൂന്നും ജയിച്ച് ഒന്നാമതാണ്.
ഇസ്രയേലിന് ‘ചുവപ്പ് കാർഡ് ’
ഉള്ളെവാൾ സ്‌റ്റേഡിയത്തിൽ ലോകകപ്പ് യോഗ്യതാമത്സരത്തിനിറങ്ങിയ ഇസ്രയേൽ ഫുട്‌ബോൾ ടീം ആർത്തിരന്പിയ നോർവേ ആരോധകരുടെ രോഷമറിഞ്ഞു. ഗാസയിൽ വംശഹത്യക്ക് നേതൃത്വം നൽകുന്ന ഇസ്രയേലുമായി കളിക്കരുതെന്നാവശ്യപ്പെട്ട് നോർവേയിൽ ശക്തമായ പ്രചാരണം നടന്നിരുന്നു. എന്നാൽ കളത്തിലിറങ്ങാനാണ് നോർവീജിയൻ ഫുട്‌ബോൾ അസോസിയേഷൻ തീരുമാനിച്ചത്.

ഇതോടെ പ്രതിഷേധം ഗ്യാലറിയിലേക്ക് പടർന്നു. ‘നിങ്ങൾ ജയിക്കില്ല’ എന്നെഴുതിയ ചുവപ്പ്‌കാർഡ് ഉയർത്തിക്കാട്ടിയ നോർവേ ആരാധകർ പലസ്തീൻ പതാകകളുമേന്തിയാണ് കളികണ്ടത്. ഇസ്രയേൽ ടീമിനേറ്റ ഓരോ പ്രഹരവും പലസ്‌തീൻ അനുകൂല മുദ്രാവാക്യങ്ങളുമായി അവർ ആഘോഷമാക്കി. സ്‌റ്റേഡിയത്തിനു പുറത്തും പ്രതിഷേധമിരന്പി.









0 comments