നാലാം നിരയിലും തോൽവി: യുണൈറ്റഡ് ലീഗ് കപ്പിൽനിന്ന് പുറത്ത്

ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ സീസണിലും മാറ്റമില്ല. ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളിൽ നാലാം നിര ടീമായ ഗ്രിംബ്‌സി ടൗണിനോട് ഷൂട്ടൗട്ടിൽ തോറ്റു പുറത്തായി (12–11). ഇരുപത് തവണ ഇംഗ്ലണ്ടിലെ ചാമ്പ്യൻ ക്ലബ്ബായ യുണെറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം തോൽവികളിലൊന്നാണിത്.
പുതിയ സീസൺ ആരംഭിച്ച് മൂന്നാമത്തെ കളിയിലാണ് ദയനീയ പ്രകടനം. പ്രാദേശിക താരങ്ങൾ അണിനിരന്ന ഗ്രിംബ്‌സി ആദ്യപകുതിയിൽ രണ്ട് ഗോളിന് മുന്നിലായിരുന്നു. യുണൈറ്റഡ് ഇടവേളക്കുശേഷം സമനില പിടിച്ചു. സ്‌കോർ 2–2ആയതോടെ കളി നേരിട്ട് ഷൂട്ടൗട്ടിലേക്ക് കടന്നു. മാരത്തൺ ഷൂട്ടൗട്ടിൽ ബ്രയാൻ എംബെയ്‌മോ യുണൈറ്റഡിന്റെ 13–ാം കിക്ക് പാഴാക്കി.
ഇംഗ്ലീഷ് -ഫുട്‌ബോളിൽ ഒരിക്കൽപോലും ഒന്നാംനിര ലീഗിൽ കളിച്ചിട്ടില്ല ഗ്രിംബ്‌സി. 9,500 പേർക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയമാണ്. ടീമിന്റെ താരമൂല്യമാകട്ടെ 36 കോടി രൂപയും. യുണൈറ്റഡിന്റേത് 9053 കോടി രൂപയും. ടീമിൽ ലോകോത്തര താരങ്ങളും. കടലാസിലെ കണക്ക് പക്ഷേ കളത്തിൽ പാളി. അസാമാന്യ വീര്യത്തോടെ പന്തുതട്ടിയ ഗ്രിംബ്‌സി സ്വന്തംതട്ടകത്തിൽ കത്തിക്കയറി. ചാൾസ് വെർണം, ടൈറെൽ വാറെൻ എന്നിവരിലൂടെയാണ് ലീഡ് നേടിയത്. എംബെയ്‌മോയും 89–ാം മിനിറ്റിൽ ഹാരി മഗ്വയറുമാണ് തിരിച്ചടിച്ചത്.
ഷൂട്ടൗട്ടിൽ ഇരുടീമുകളും തുടരെ കിക്കുകൾ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇരു സംഘത്തിലെയും 11 താരങ്ങളും പെനൽറ്റി വലയിലാക്കി. പതിമൂന്നാം ശ്രമത്തിൽ എംബെയ്‌മോയുടെ ഷോട്ട് ബാറിൽ തട്ടി മടങ്ങുകയായിരുന്നു.









0 comments