ഗോകുലം കേരള 2 സ്പോർട്ടിങ് ക്ലബ് ബംഗളൂരു 0
ജയത്തോടെ ഗോകുലം ; സ്പോർട്ടിങ് ക്ലബ് ബംഗളൂരുവിനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു

ഹർഷാദ് മാളിയേക്കൽ
Published on Jan 30, 2025, 12:00 AM | 1 min read
കോഴിക്കോട്
സ്വന്തം തട്ടകത്തിൽ വിജയത്തേരോട്ടം തുടർന്ന് ഗോകുലം കേരള. ഐ ലീഗ് ഫുട്ബോളിൽ സ്പോർട്ടിങ് ക്ലബ് ബംഗളൂരുവിനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. സ്പാനിഷ് താരം ഇഗ്‌നാസിയോ അബാലെദോയുടെ ഇരട്ടഗോളിലാണ് ജയം. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാമതായി.
കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ, എട്ടാംമിനിറ്റിൽ ബംഗളൂരുവിന്റെ വല കുലുങ്ങി. വി പി സുഹൈറിന്റെ പാസിൽ അബാലെദോ ലക്ഷ്യം കണ്ടു. 89–-ാംമിനിറ്റിൽ പ്രത്യാക്രമണത്തിന്റെ ഭാഗമായിരുന്നു രണ്ടാം ഗോൾ. കളിയവസാനം ഗോകുലത്തിന്റെ സലാം രഞ്ജൻ ചുവപ്പുകാർഡ് വാങ്ങി പുറത്തുപോയി.
ഗോകുലം 11 കളിയിൽനിന്ന് 19 പോയിന്റുമായി മൂന്നാമതായി. 10 കളിയിൽനിന്ന് 19 പോയിന്റുള്ള ചർച്ചിൽ ബ്രദേഴ്സ് രണ്ടാമതാണ്. 21 പോയിന്റ് ഉള്ള നാംധരിയാണ് ഒന്നാംസ്ഥാനത്ത്.
ഫെബ്രുവരി ഒന്നിന് രാത്രി ഏഴിന് ബംഗാൾ കല്യാണി സ്റ്റേഡിയത്തിലാണ് ഇനി ഗോകുലത്തിന്റെ മത്സരം. ഇന്റർ കാശിയെ നേരിടും.









0 comments