ബ്രസീലിന് സമനില പൂട്ട്; ആഞ്ചലോട്ടി എത്തിയിട്ടും രക്ഷയില്ല: അർജന്റീനക്ക് ജയം

Brazil fc

Confederação Brasileira de Futebol/facebook.com/photo

വെബ് ഡെസ്ക്

Published on Jun 06, 2025, 11:51 AM | 1 min read

ഗ്വായാകിൽ (ഇക്വഡോർ): ഫുട്‌ബോൾ ലോകകപ്പ്‌ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീലിന് സമനില പൂട്ട്. ഇക്വഡോറിനോട് ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു. തോൽവിയിൽനിന്നും ടീമിനെ കരകയറാനെത്തിയ പുതിയ പരിശീലകൻ കാർലോ ആൻസെലോട്ടിക്ക് കീഴിൽ ജയത്തോടെ തുടങ്ങമെന്ന ബ്രസീൽ മോഹമാണ് പൊലിഞ്ഞത്. 11ന്‌ പരാഗ്വേയോടാണ് ബ്രസീലിന്റെ അടുത്ത മത്സരം.


സമനിലയോടെ 15 മത്സരങ്ങളിൽ നിന്ന് 24 പോയിൻ്റുമായി ഇക്വഡോർ രണ്ടാം സ്ഥാനത്തായി. 15 മത്സരങ്ങളിൽ നിന്ന് 22 പോയിൻ്റുള്ള ബ്രസീൽ നാലാമതാണ്. പട്ടികയിൽ ഒന്നാമതുള്ള അർജൻ്റീനയ്ക്ക് 34 പോയിൻ്റുകളാണുള്ളത്. 24 പോയിൻ്റുള്ള പരാഗ്വേ മൂന്നാമതും 21 പോയിൻ്റുമായി ഉറുഗ്വായ് അഞ്ചാമതും 20 പോൻ്റുമായി കൊളംബിയ ആറാമതുമാണ്.


2002ൽ അഞ്ചാം ലോകകപ്പുയർത്തിയതിനുശേഷം ബ്രസീൽ ചിത്രത്തിലില്ല. 2007ലും 2019ലും കോപ അമേരിക്ക നേടിയതുമാത്രമാണ്‌ പ്രധാന നേട്ടം. മൂന്ന്‌ കോൺഫെഡറേഷൻസ്‌ കപ്പുമുണ്ട്‌. ലോകകപ്പുകളിൽ നിരാശമാത്രം. 2014ൽ സ്വന്തം നാട്ടിൽ സെമിയിൽ എത്തിയതാണ്‌ മികച്ച പ്രകടനം. അന്നാകട്ടെ ജർമനിയോട്‌ 7–-1ന്റെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ തോൽവി വഴങ്ങി. 2018ലും 2022ലും ക്വാർട്ടറിൽ വീണു. 2002നുശേഷം ലോകകപ്പിൽ തോറ്റ്‌ പുറത്തായതെല്ലാം യൂറോപ്യൻ ടീമുകളോടാണ്‌. ഇതിന്‌ പ്രതിവിധിയായാണ്‌ യൂറോപ്യൻകാരനായ കോച്ചിനെ തേടിയത്‌.


അതേസമയം ലോകകപ്പ് യോ​ഗ്യത നേടിയ അർജന്റീന ഏക പക്ഷീയമായ ഒരു ഗോളിന് ചിലിയെ (1-0) കീഴടക്കി. 16-ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് അർജന്റീനക്കായി ഗോൾ നേടിയത്. തിയാഗോ അൽമഡയുടെ പാസ് പിഴവുകളില്ലാതെ അൽവാരസ് ചിലിയുടെ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് ഗോളടിക്കാൻ അർജന്റീന ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. കളിയിൽ പകരക്കാരനായാണ് മെസി കളത്തിലെത്തിയത്.




deshabhimani section

Related News

View More
0 comments
Sort by

Home