ഉറുഗ്വേയും മൊറോക്കോയും ലോകകപ്പിന് ; കൊളംബിയ, പരാഗ്വേ ടീമുകളും യോഗ്യത നേടി

മൊണ്ടെവിഡോ
ലാറ്റിനമേരിക്കൻ മേഖലയിൽനിന്ന് ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ ചിത്രം തെളിഞ്ഞു. ആറ് ടീമുകൾ നേരിട്ട് യോഗ്യത നേടി. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന, ബ്രസീൽ, ഇക്വഡോർ, ഉറുഗ്വേ, കൊളംബിയ, പരാഗ്വേ ടീമുകളാണ് ഉറപ്പിച്ചത്. ഉറുഗ്വേ പെറുവിനെ മൂന്ന് ഗോളിന് തകർത്താണ് എത്തുന്നത്. പരാഗ്വേ ഇക്വഡോറുമായി ഗോളില്ലാസമനില പിടിച്ചു. 2010നുശേഷം ആദ്യമായാണ് പരാഗ്വേ ലോകകപ്പ് കളിക്കുന്നത്.
കൊളംബിയയാകട്ടെ ബൊളീവിയയെ 3–0ന് വീഴ്‌ത്തി. ഏഴും എട്ടും സ്ഥാനത്തുള്ള വെനസ്വേലയും ബൊളീവിയയും പ്ലേ ഓഫ് കളിക്കും. ഇതിൽ ജയിക്കുന്നവർ വൻകര പ്ലേ ഓഫിന് യോഗ്യത നേടും. അതിലും ജയിക്കുന്നവർ ലോകകപ്പിനെത്തും.
ആഫ്രിക്കയിൽനിന്ന് മൊറോക്കോയും ലോകകപ്പ് ഉറപ്പിച്ചു. നൈജറിനെ അഞ്ച് ഗോളിന് തോൽപ്പിച്ചാണ് നേട്ടം. ആഫ്രിക്കയിൽനിന്ന് ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാണ്. കഴിഞ്ഞ തവണ സെമി ഫൈനലിസ്റ്റുകളായിരുന്നു.
ഉറപ്പിച്ച് 17 ടീമുകൾ
ആദ്യമായി 48 ടീമുകൾ അണിനിരക്കുന്ന ലോകകപ്പിന് ഇതുവരെ 17 ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. ഇനി 31 ടീമുകൾക്കുകൂടി അവസരമുണ്ട്. അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, മെക്‌സിക്കോ, കനഡ രാജ്യങ്ങളിലാണ് 23–ാം ലോകകപ്പ്. മാർച്ചിനുള്ളിൽ യോഗ്യതാ മത്സരങ്ങൾ പൂർത്തിയാകും.
ലോകകപ്പ് ടീമുകൾ
അമേരിക്ക, കനഡ, മെക്‌സിക്കോ (ആതിഥേയർ), അർജന്റീന, ബ്രസീൽ, ജപ്പാൻ, ന്യൂസിലൻഡ്, ഇറാൻ, ഉസ്‌ബെക്കിസ്ഥാൻ, ദക്ഷിണ കൊറിയ, ജോർദാൻ, ഓസ്‌ട്രേലിയ, ഇക്വഡോർ, ഉറുഗ്വേ, പരാഗ്വേ, കൊളംബിയ, മൊറോക്കോ.









0 comments