ബൊട്ടഫോഗോ മുന്നേറി ; ജയിച്ചിട്ടും അത്‌ലറ്റികോ പുറത്ത്


Sports Desk
Published on Jun 25, 2025, 01:55 AM | 1 min read
ഫ്‌ളോറിഡ
സ്‌പാനിഷ് വമ്പൻമാരായ അത്‌ലറ്റികോ മാഡ്രിഡ് ക്ലബ് ഫുട്‌ബോൾ ലോകകപ്പ് ആദ്യ റൗണ്ടിൽ പുറത്ത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ബൊട്ടഫോഗോയെ ഒരുഗോളിന് തോൽപ്പിച്ചിട്ടും അത്‌ലറ്റികോയ്‌ക്ക് മുന്നേറാനായില്ല. ഗ്രൂപ്പ് ബിയിൽ മൂന്നാമതായി. പിഎസ്‌ജി ഒന്നാംസ്ഥാനക്കാരായി മുന്നേറിയപ്പോൾ ബൊട്ടഫോഗോ രണ്ടാമതായി കയറി. ആറുവീതം പോയിന്റായിരുന്നു അത്‌ലറ്റികോയ്‌ക്കും ബൊട്ടഫോഗോയ്‌ക്കും. ഗോൾ വ്യത്യാസത്തിൽ ബ്രസീൽ ക്ലബ് രണ്ടാംറൗണ്ടിൽ കടന്നു.
ആദ്യകളിയിൽ പിഎസ്‌ജിയെ ഞെട്ടിച്ച ബൊട്ടഫോഗോ അത്‌ലറ്റികോയ്‌ക്കതിരെയും കടുത്ത പ്രതിരോധക്കളി പുറത്തെടുത്തു. കിട്ടുന്ന അവസരങ്ങളിൽ മികച്ച പ്രത്യാക്രമണങ്ങളും നടത്തി. ആദ്യ റൗണ്ട് കടക്കാൻ രണ്ട് ഗോൾ ജയമെങ്കിലുംവേണ്ടിയിരുന്ന അത്‌ലറ്റികോ നിരവധിതവണ ഗോൾമുഖം ആക്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ആദ്യപകുതിയിൽ ബ്രസീലിയൻ ക്ലബ്ബിന്റെ പ്രതിരോധം അത്‌ലറ്റികോയുടെ അവസരങ്ങളെ ചുരുക്കി.
ഇടവേളയ്‌ക്കുശേഷം ദ്യേഗോ സിമിയോണി മുന്നേറ്റക്കാരൻ ഒൺടോയ്‌ൻ ഗ്രീസ്‌മാനെ കളത്തിലിറക്കി. അതിന്റെ മാറ്റവും കളിയിലുണ്ടായി. കളത്തിലെത്തി നിമിഷങ്ങൾക്കുള്ളിൽ ലക്ഷ്യത്തിലേക്ക് ഷോട്ട് തൊടുത്തു. എന്നാൽ, നേരിയ വ്യത്യാസത്തിൽ പുറത്തായി. അലെക്‌സാണ്ടർ സൊർലോതിന്റെ ഹെഡ്ഡറും ലക്ഷ്യംകണ്ടില്ല. കളിയുടെ അവസാന നിമിഷമാണ് ഗോൾ വന്നത്. ഗ്രീസ്‌മാനാണ് വല കുലുക്കിയത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു.
തുടക്കത്തിൽ ജൂലിയൻ അൽവാരെസ് നിരവധി അവസരങ്ങൾ പാഴാക്കിയത് അത്‌ലറ്റികോയ്‌ക്ക് തിരിച്ചടിയായി. ഇതിനിടെ ഒരുതവണ അൽവാരെസിനെ ഫൗൾ ചെയ്‌തതിന് അത്‌ലറ്റികോ പെനൽറ്റിക്കായി വാദിച്ചു. വീഡിയോ അസിസ്‌റ്റന്റ് റഫറി (വാർ) പരിശോധനയും നടത്തി. പെനൽറ്റിക്കാണ് റഫറി ആദ്യം വിരൽ ചൂണ്ടിയത്. എന്നാൽ, സൊർലോത് ബൊട്ടഫോഗോ താരങ്ങളെ തള്ളിയിട്ടതിനാൽ ബ്രസീൽ ക്ലബ്ബിന് അനുകൂലമായി ഫ്രീകിക്ക് നൽകുകയായിരുന്നു. ആദ്യ കളിയിൽ പിഎസ്‌ജിയോട് കൂറ്റൻ തോൽവി വഴങ്ങിയതാണ് അത്‌ലറ്റികോയ്‌ക്ക് തിരിച്ചടിയായത്.









0 comments