നാടകീയം ഇന്റർ; ഫ്‌ളുമിനെൻസിനും ഡോർട്ട്മുണ്ടിനും മിന്നും ജയം

ന്യൂയോർക്ക്: ഫിഫ ക്ലബ് വേൾഡ് കപ്പിൽ കരുത്തരായ ഇന്റർ മിലാന് നാടകീയ ജയം. ജപ്പാൻ ക്ലബ്ബ് ഉർവ റെഡ് ഡയമണ്ട്‌സിനോട് കളിയുടെ അവസാന നിമിഷം നേടിയ ഗോളിലാണ് ചാമ്പ്യൻസ് ലീഗ് റണ്ണറപ്പുകൾ ജയിച്ചു കയറിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ജയം. തുടർച്ചയായ രണ്ട് തോൽവികളോടെ ഉർവ റെഡ് ഡയമണ്ട്‌സ് ടൂർണമെന്റിൽ നിന്ന് പുറത്തായി.
ആദ്യ കളിയിൽ സിഎഫ് മോണ്ടെറിയോട് സമനില വഴങ്ങിയ ഇന്ററിന് ജയം അനിവാര്യമായിരുന്നു. എന്നാൽ കളി തുടങ്ങി 11-ാം മിനിറ്റിൽ റിയോമ വതനെബ ഉർവ റെഡ് ഡയമണ്ട്‌സിനായി ഗോൾ നേടി. കളിയിൽ 82 ശതമാനം പന്തടക്കമുണ്ടായിട്ടും ആദ്യപകുതിയിൽ ഇന്ററിനെ ഗോളടിക്കാൻ സമ്മതിക്കാതെ ജപ്പാൻ ക്ലബ് തളച്ചു. രണ്ടാം പകുതിയിൽ 78-ാം മിനിറ്റിൽ ക്യാപ്റ്റൻ ലൗട്ടാരോ മാർട്ടിനെസാണ് ടീമിന് സമനില നേടി കൊടുത്തത്.
മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച നിമിഷം 20കാൻ കാർബോണി 92-ാം മിനിറ്റിൽ വിജയ ഗോൾ നേടുകയായിരുന്നു. ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ ഗ്രൂപ്പ് ഇയിൽ ഇന്റർ രണ്ടാമതായി. അത്രതന്നെ പോയിന്റുള്ള അർജന്റീൻ ക്ലബ് റിവർ പ്ലേറ്റ് ആണ് ഒന്നാമത്. റിവർപ്ലേറ്റും മോൺറ്റെറിയും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.
ഗ്രൂപ്പ് എഫിൽ ബ്രസീലിയൻ ക്ലബ് ഫ്‌ളുമിനെൻസും ജർമനിയുടെ ബൊറൂസിയ ഡോർട്ട്‌മുണ്ടും തകർപ്പൻ ജയം നേടി. ദക്ഷിണ കൊറിയൻ ക്ലബ് ഉൽസൻ എച്ച്‌ഡിയെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മുൻ ബ്രസീൽ ക്യാപ്റ്റൻ തിയാഗോ സിൽവയുടെ ഫ്‌ളുമിനെൻസ് തകർത്തത്. ദക്ഷിണാഫ്രിക്കൻ ക്ലബ് മമലോഡി സൺഡൗൺസിനോട് ഡോർട്ട്‌മുണ്ട് പൊരുതി ജയിക്കുകയായിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജയം.
ഉൽസൻ എച്ച്‌ഡിയുമായുള്ള മത്സരത്തിൽ ഫ്‌ളുമിനെൻസാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ ഒന്നാം പകുതിയിൽ തന്നെ രണ്ടു ഗോൾ തിരിച്ചടച്ച് ഉൽസൻ കരുത്ത് കാട്ടി. 27-ാം മിനിറ്റിൽ ജോൺ ഏരിയാസാണ് ഫ്‌ളുമിനെൻസിനായി ആദ്യ ഗോൾ നേടിയത്. എന്നാൽ 37-ാം മിനിറ്റിൽ ലീ ജിൻ-ഹ്യുനും 45+3 -ാം മിനിറ്റിൽ ഉം വോൺ സാങും ഉൽസൻ എച്ച്‌ഡിയ്ക്കായി ഗോൾ നേടി. നൊനാറ്റോ (66), ജുവാൻ പാബ്ലോ ഫ്രെയ്റ്റ്സ് (83), കെനോ (90+2) എന്നിവർ നിശ്ചിത ഇടവേളകളിലായി ഫ്‌ളുമിനെൻസിനായി ഗോൾ നേടി. ഇതോടെ നാലുപോയന്റുമായി ഗ്രൂപ്പ് എഫിൽ ടീം ഒന്നാമതെത്തി. അത്രയും പോയന്റുള്ള ബൊറൂസിയ രണ്ടാം സ്ഥാനത്താണ്.
0 comments