ലയണൽ മെസിയുടെ ഇന്റർ മയാമിക്ക് അൽ അഹ് ലിയോട് ഗോളില്ലാ സമനില
ഫിഫ ക്ലബ് ലോകകപ്പ് : മയാമിയെ പൂട്ടി അഹ്‌ലി

ഫ്ലോറിഡ
ലയണൽ മെസിയുടെ ഇന്റർ മയാമിക്ക് ക്ലബ് ഫുട്‌ബോൾ ലോകകപ്പിൽ സമനിലപൂട്ട്. ഈജിപ്‌ത്യൻ ക്ലബ് അൽ അഹ്‌ലിയാണ് മയാമിയെ ഗോളടിക്കാതെ തളച്ചത്. തോൽവി അഭിമുഖീകരിച്ച മെസിയെയും കൂട്ടരെയും മയാമി ഗോൾകീപ്പർ ഓസ്‌കാർ ഉസ്‌താരിയാണ് രക്ഷപ്പെടുത്തിയത്. ഒരു പെനൽറ്റി ഉൾപ്പെടെ തകർപ്പൻ രക്ഷപ്പെടുത്തലുകൾ നടത്തി ഈ മുപ്പത്തെട്ടുകാരൻ. 32 ടീമുകൾ പങ്കെടുക്കുന്ന പരിഷ്‌കരിച്ച ഫിഫ ക്ലബ് ലോകകപ്പാണ് ഇത്തവണ. വർണാഭമായ ചടങ്ങുകളോട് കൂടിയാണ് മയാമിയുടെ തട്ടകമായ ഹാർഡ് റോക്ക് സ്‌റ്റേഡിയത്തിൽ ലോകകപ്പിന് തുടക്കമായത്. ഉദ്‌ഘാടനച്ചടങ്ങുകൾ നീണ്ടതിനാൽ നിശ്ചയിച്ച സമയത്തിന് എട്ട് മിനിറ്റ് കഴിഞ്ഞാണ് കളി തുടങ്ങിയത്.
ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻമാരായ അൽ അഹ്‌ലിക്കായിരുന്നു മയാമിക്കെതിരെ ആധിപത്യം. തുടക്കം മുതൽ ആക്രമിച്ചു കളിച്ചു അവർ. വെസാം അബു അലിയുടെയും ഇമാം അഷൂറിന്റെയും ഷോട്ടുകൾ വലകുലുക്കിയെന്ന് തോന്നിച്ചുവെങ്കിലും ഉസ്‌താരി തട്ടിയകറ്റി. മുൻ അർജന്റീന ഗോൾകീപ്പർക്ക് വിശ്രമിക്കാൻ നേരമുണ്ടായില്ല. മയാമിയുടെ പാളിയ പ്രതിരോധം ഭേദിച്ച് അഹ്‌ലി മുന്നേറ്റം നിരന്തരം ഗോളിനായി ശ്രമിച്ചു.
അപകടകരമായ അബു അലിയുടെ ഫ്രീകിക്ക് രക്ഷപ്പെടുത്തിയ ഉസ്‌താരി പിന്നാലെ അഷ്‌റഫ് ദാരിയുടെ ഹെഡ്ഡറും അകറ്റി. ഇടവേളയ്‌ക്ക് മുമ്പായിരുന്നു പെനൽറ്റി കിട്ടിയത്. മയാമി പ്രതിരോധക്കാരൻ മാക്‌സിമില്ലിയാനോ മഹമൂദ് ട്രെസഗറ്റിനെ വീഴ്‌ത്തി. ആസ്റ്റൺ വില്ല മുൻ മുന്നേറ്റക്കാരനായ ട്രെസഗറ്റ് തന്നെ കിക്കെടുക്കാനെത്തി. എന്നാൽ ഉജ്വല പ്രകടനത്തിലൂടെ ഇതും മയാമി ഗോളി വലകടത്തിയില്ല.
മറുവശത്ത് മെസിയിൽ കേന്ദ്രീകരിച്ചായിരുന്നു മയാമിയുടെ നീക്കങ്ങളെല്ലാം. മുൻ പതിപ്പിൽ ബാഴ്‌സലോണയ്‌ക്കായി അഞ്ച് കളിയിൽ അഞ്ച് ഗോളടിച്ച സൂപ്പർ താരത്തിന് ഇത്തവണ ലക്ഷ്യം കാണാനായില്ല. മൂന്ന് തവണ എതിർ പോസ്റ്റിലേക്ക് പന്തയച്ചെങ്കിലും സന്തോഷിക്കാനുള്ള വകയൊന്നുമുണ്ടായില്ല. അഹ്‌ലി ഗോളി മുഹമ്മദ് എൽ ഷെനവി മെസിയെ തടഞ്ഞു. 19ന് പോർട്ടോയുമായാണ് മയാമിയുടെ അടുത്ത മത്സരം. അഹ്‌ലി അന്നുതന്നെ പാൽമെയ്‌റാസിനെ നേരിടും.
ഇന്ന് മുൻചാമ്പ്യൻമാരായ ചെൽസി അമേരിക്കൻ ക്ലബ് ലൊസ് ഏഞ്ചൽസ് എഫ്‌സിയെ നേരിടും. അർജന്റീനയുടെ ബൊക്ക ജൂനിയേഴ്‌സ്–-ബെൻഫിക്ക പോരാട്ടം നാളെ പുലർച്ചെ നടക്കും.









0 comments