സ്‌പാനിഷ് സൂപ്പർ കപ്പിൽ ബാഴ്‌സലോണ; ഫൈനലിൽ റയലിനെ തകർത്തത് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്

PHOTO: Facebook/FC Barcelona
ജിദ്ദ: വീണ്ടും റയൽ മാഡ്രിഡിനെതിരെ വൻ വിജയം കൊയ്‌ത് എഫ് സി ബാഴ്‌സലോണ. സ്‌പാനിഷ് സൂപ്പർ കപ്പ് ഫൈനലിലാണ് റയൽ മാഡ്രിഡിനെതിരെ ബാഴ്‌സലോണയുടെ വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സ റയലിനെ തകർത്തത്. സീസണിൽ രണ്ടാം തവണയാണ് എൽ ക്ലാസികോയിൽ ബാഴ്‌സ വൻ വിജയം കൊയ്യുന്നത്. നേരത്തെ ലാലിഗയിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് കറ്റാലൻമാർ റയലിനെ പരാജയപ്പെടുത്തിയിരുന്നു.
ഹാൻസി ഫ്ലിക്കിന്റെ നേതൃത്വത്തിൽ എഫ് സി ബാഴ്‌സലോണ നേടുന്ന ആദ്യ കിരീടമാണ് സ്‌പാനിഷ് സൂപ്പർ കപ്പ്. ടൂർണമെന്റിന്റെ സെമി ഫൈനലിൽ അത്‌ലറ്റികോ ബിൽബാവോയെ തോൽപ്പിച്ചായിരുന്നു ബാഴ്‌സലോണയുടെ ഫൈനലിലേക്കുള്ള വരവ്. മയ്യോർക്കയെയാണ് റയൽ മാഡ്രിഡ് സെമിയിൽ മറികടന്നത്. ലീഗിന്റെ തുടക്കം മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാമതാണ് ബാഴ്‌സലോണ. സൂപ്പർ കപ്പ് കിരീടനേട്ടം ടീമിന് ലാലിഗയിലുണ്ടായ തിരിച്ചടി മറികടക്കാൻ സഹായമാകും.
റയൽ മാഡ്രിഡാണ് മത്സരത്തിൽ ആദ്യം അക്കൗണ്ട് തുറന്നത്. അഞ്ചാം മിനുട്ടിൽ കിലിയൻ എംബാപ്പെയിലൂടെ റയൽ മുന്നിലെത്തുകയായിരുന്നു. എന്നാൽ ലാമിൻ യമാലിലൂടെ 22–-ാം മിനുട്ടിൽ ബാഴ്‌സലോണ തിരിച്ചടിച്ചു. തുടർന്ന് മത്സരത്തിലുടനീളം ബാഴ്‌സാേലണയുടെ അപ്രമാദിത്വമായിരുന്നു. ആദ്യ പകുതി തികയുന്നതിന് മുന്നേ റാഫീന്യ, റോബർട്ടോ ലെവൻഡോസ്‌കി, അലാസാന്ദ്രോ ബാൽദെ എന്നിവർ കൂടി ഗോളുകൾ നേടിയതോടെ ബാഴ്‌സലോണ ഒന്നിനെതിരെ നാല് ഗോളുകൾക്ക് മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ റാഫീന്യ അഞ്ചാം ഗോളും നേടി.
അഞ്ചാം ഗോളിന് പിന്നാലെ ബാഴ്‌സലോണയുടെ ഗോൾകീപ്പർ ഷെസ്‌നി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. അതിന് പിന്നാലെ റയൽ അവരുടെ രണ്ടാം ഗോൾ നേടുകയും ചെയ്തു. പത്ത് പേരായി ചുരുങ്ങിയെങ്കിലും ബാഴ്‌സലോണ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിച്ചതോടെ മത്സരത്തിലേക്ക് തിരിച്ച് വരാനുള്ള റയലിന്റെ വാതിലുകൾ അടയുകയും ചെയ്തു. രണ്ട് ഗോളും ഒരു അസിസ്റ്റും നേടിയ റാഫീന്യയാണ് മത്സരത്തിലെ താരം.









0 comments