സ്‌പാനിഷ് വസന്തത്തിൽ മുങ്ങി ബാഴ്‌സ

ബാഴ്‌സലോണ
ബാഴ്‌സലോണ ഒരു സീസൺ ഇടവേളയ്‌ക്കുശേഷം സ്‌പാനിഷ് ലീഗ് ഫുട്‌ബോൾ കിരീടം വീണ്ടെടുത്തു. എസ്‌പാന്യോളിനെ 2–-0ന് തോൽപ്പിച്ച് രണ്ട് കളി ശേഷിക്കെ നേട്ടംകൊയ്‌തു. 36 കളിയിൽ 85 പോയിന്റാണ്. 27ലും ജയിച്ചു. അഞ്ച് തോൽവിയും നാല് സമനിലയുമുണ്ട്. 28–-ാം തവണയാണ് സ്‌പെയ്‌നിലെ ചാമ്പ്യൻ ക്ലബ്ബാവുന്നത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ റയൽ മാഡ്രിഡ് 36 തവണ കിരീടം നേടിയിട്ടുണ്ട്. ഇത്തവണ റയലുമായുള്ള ലീഗിലെ രണ്ട് ക്ലാസികോയിലും മിന്നുംജയം നേടി. ആകെ കളിച്ച നാലും തൂത്തുവാരി. ഈ സീസണിൽ മൂന്ന് ട്രോഫികളായി. സ്‌പാനിഷ് സൂപ്പർ കപ്പിനെ കൂടാതെ ഏപ്രിലിൽ റയലിനെ വീഴ്‌ത്തി കിങ്‌സ് കപ്പും നേടിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ സെമിയിൽ പുറത്തായി.
സാവിയുമായി വേർപിരിഞ്ഞ് ജർമൻകാരൻ ഹാൻസി ഫ്ലിക്കിനെ പരിശീലകനായി നിയമിച്ചായിരുന്നു ബാഴ്‌സ സീസണിന് തയ്യാറെടുത്തത്. ജർമനിയുടെയും ബയേൺ മ്യൂണിക്കിന്റെയും ചുമതല വഹിച്ച ഫ്ലിക്കിനെ പതിവുരീതി തെറ്റിച്ചാണ് കൊണ്ടുവന്നത്. ബാഴ്‌സയുടെ കളിരീതിയും പാരമ്പര്യവുമല്ല അറുപതുകാരന്. വർഷങ്ങളായി ബാഴ്‌സ തുടരുന്ന ‘ടികി ടാക’ ശൈലി ഉപക്ഷേിച്ചു. കൂടുതൽ ആക്രമണോത്സുക സ്വഭാവംകൊണ്ടുവന്നു. എതിരാളിക്കുമേൽ അധികസമ്മർദംചെലുത്തിയുമുള്ള ജർമൻ രീതി അവലംബിച്ചു. അധികനേരം പന്ത് കാലിൽവച്ച് സമയം കളയേണ്ടതില്ല എന്നായിരുന്നു കളിക്കാർക്കുള്ള പ്രധാന നിർദേശം. പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിച്ചു.
സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം ഉദ്ദേശിച്ച താരങ്ങളെ ടീമിലെത്തിക്കാൻ കഴിയാതെവന്ന ഫ്ലിക്ക് ബാഴ്‌സയുടെ യുവതാരങ്ങളെ നന്നായി ഉപയോഗിച്ചു. സാവി പിന്തുടർന്ന രീതി ഇക്കാര്യത്തിൽ മാത്രം തുടർന്നു. ലമീൻ യമാൽ (17 വയസ്സ്), പൗ കുർബാസി (18), ഗാവി (20), മാർക് കസാദോ (21), അലെഹാന്ദ്രോ ബാൽദെ (21), ഫെർമിൻ ലോപെസ് (22), പെഡ്രി (22) എന്നിവരെ പ്രധാന വേഷത്തിൽ ഒരുക്കി. കളിക്കാർക്ക് ആത്മവിശ്വാസവും അവസരവും നൽകിയതോടെ ബാഴ്‌സ തുടർജയങ്ങളുമായി കുതിച്ചു. ശരാശരി 25 വയസ്സാണ് ടീമിന്റെ പ്രായം. ക്ലബ് വിടാനൊരുങ്ങിയ റഫീന്യയെയും ഫ്രെങ്കി ഡി യോങ്ങിനെയും പുനരവതരിപ്പിച്ചു. റഫീന്യക്ക് ഇടതുവിങ്ങിൽ പൂർണ സ്വാതന്ത്ര്യം നൽകി.
ടീമിന്റെ മുന്നേറ്റത്തിൽ ഈ ബ്രസീലുകാരനുള്ള സ്വാധീനം ചെറുതല്ല. ലീഗിൽ 34 കളിയിൽ 18 ഗോളും 11 അവസരങ്ങളുമാണ് റഫീന്യ ഒരുക്കിയത്. മധ്യനിരയിൽ ഡി യോങ്ങിനെയും തുറന്നുവിട്ടു. പ്രതിരോധിക്കാനും ഈ ഡച്ചുകാരന് ചുമതലയേൽപ്പിച്ചു. മുന്നേറ്റക്കാരൻ റോബർട്ട് ലെവൻഡോവ്‌സ്‌കിയും ഫ്ലിക്കിന് കീഴിൽ പൂർണ പ്രകടനം പുറത്തെടുത്തു.
അടുത്ത തവണയും ഇതേ രീതി തുടരാനാണ് ബാഴ്‌സ ആഗ്രഹിക്കുന്നത്. അതിനാൽ പരിശീലകന്റെ കരാർ 2027വരെ പുതുക്കാനുള്ള നീക്കത്തിലാണ് ടീം. ഒപ്പം യമാൽ ഉൾപ്പെടെയുള്ള യുവതാരങ്ങളുടെ കരാറും ദീർഘകാലത്തേക്ക് നീട്ടും.









0 comments