ഫെെനലിൽ ഉത്തരാഖണ്ഡ് സ്കൂളിനെ രണ്ട് ഗോളിന് തോൽപ്പിച്ചു

മധുരകേരളം ; കേരളത്തിന്റേത് ചരിത്രനേട്ടം

farook hss

മികച്ച പരിശീലകനുള്ള പുരസ്--കാരം ഏറ്റുവാങ്ങാൻ പോകുന്ന കേരള കോച്ച് വി പി സുനീറിനെ (വലത്ത്) കളിക്കാർ കെെയടിച്ച് ആനയിക്കുന്നു

avatar
റിതിൻ പൗലോസ്‌

Published on Sep 26, 2025, 03:55 AM | 2 min read


ന്യൂഡൽഹി

അറുപത്തിനാല്‌ വർഷത്തിനുശേഷം ആദ്യമായി സുബ്രതോ കപ്പിൽ മലയാളി മുത്തം. രാജ്യത്തെ പ്രമുഖ സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ അണ്ടർ 17 കിരീടം കേരളം സ്വന്തമാക്കി. ഫാറൂഖ് ഹയർ സെക്കൻഡറി സ്‌കൂളാണ്‌ കേരളത്തിനായി ബൂട്ട്‌ കെട്ടിയത്‌. ന്യൂഡൽഹി അംബേദ്‌കർ ‌സ്‌റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഉത്തരാഖണ്ഡ്‌ അമിനിറ്റി സിബിഎസ്ഇ പബ്ലിക് സ്‌കൂളിനെ രണ്ട്‌ ഗോളിന്‌ വി പി സുനീർ പരിശീലിപ്പിച്ച ചുണക്കുട്ടികൾ ചുരുട്ടിക്കെട്ടി. ആദികൃഷ്‌ണയും മണിപ്പൂരിൽനിന്നുള്ള കേരളതാരം ജോൺ സെനയും വിജയഗോൾ നേടി.


പ്രതിരോധത്തിലൂന്നിയാണ്‌ കേരളം തുടങ്ങിയത്‌. പി പി മുഹമ്മദ് ജസീം അലി നയിച്ച സംഘം അവസരത്തിനായി കാത്തിരുന്നു. ആദ്യ ഇരുപത്‌ മിനിറ്റിൽ ഭൂരിഭാഗം പന്ത്‌ ഉത്തരാഖണ്ഡ്‌ താരങ്ങളുടെ ബൂട്ടിലായിരുന്നു. ഗോളെന്നുറപ്പിച്ച രണ്ടവസരങ്ങൾ ഗോളി ആദിൽ അബ്‌ദു തട്ടിയകറ്റി.


വീണുകിട്ടിയ അവസരത്തിൽ കുതിച്ചുകയറിയ കേരളം ആദ്യ പ്രഹരമേൽപ്പിച്ചു. ഉയർത്തിയടിച്ച പന്തിന്‌ കൃത്യമായി തലവെച്ച ആദികൃഷ്‌ണ മണിപ്പൂരിൽനിന്നുള്ള കേരളതാരം ജോൺ സെനയുടെ കാലുകളിലെത്തിച്ചു. കണ്ണടച്ചുതുറക്കുംമുന്പ്‌ പന്ത്‌ വലയിലേക്ക്‌ പറന്നിറങ്ങി. ഇരുപതാം മിനിറ്റിലായിരുന്നു ഗോൾ.


രണ്ടാംപകുതിയുടെ തുടക്കംമുതൽ ഉത്തരാഖണ്ഡ്‌ പരുക്കൻ കളി പുറത്തെടുത്തു. പ്രതിരോധനിരയിൽനിന്ന്‌ പന്ത്‌ പിടിച്ചെടുത്ത്‌ മുന്നേറിയ ആദികൃഷ്‌ണ അറുപതാം മിനിറ്റിൽ എതിരാളിയുടെ വലകുലുക്കി വിജയമുറപ്പിച്ചു. ഗോൾ മടക്കാനുള്ള ഉത്തരാഖണ്ഡിന്റെ നിരവധി ശ്രമങ്ങൾ ഗോളിയും പ്രതിരോധനിരയും തട്ടിയകറ്റി.

11 വർഷത്തെ ഇടവേളക്കുശേഷമാണ്‌ കേരളം ഫൈനലിലെത്തിയത്‌. 2012ലും 2014ലും മലപ്പുറം എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂൾ ടീം ഫൈനലിൽ പൊരുതിത്തോറ്റിരുന്നു. അന്ന്‌ ബ്രസീൽ, ഉക്രെയ്‌ൻ ടീമുകളാണ്‌ കേരളത്തിന്റെ കിരീടമോഹം തകർത്തത്‌.


കോച്ച്‌ വി പി സുനീറിന്റെ തന്ത്രങ്ങൾ വിജയത്തിൽ നിർണായകമായി. മികച്ച കോച്ചിനുള്ള പുരസ്‌കാരം നേടി. ടൂർണമെന്റിൽ മൂന്ന്‌ ഗോളടിച്ച ആദികൃഷ്‌ണ മികച്ച കളിക്കാരനായി. മണിപ്പൂരുകാരായ നാല്‌ താരങ്ങൾ കേരള ടീമിന്‌ കരുത്തായി.


മികച്ച താരം 
ആദികൃഷ്‌ണ

മികച്ച പ്രകടനവുമായി ആദികൃഷ്‌ണ ടൂർണമെന്റിലെ താരമായി. ഫൈനലിൽ ഉൾപ്പെടെ മൂന്ന്‌ ഗോൾ നേടി. മൂന്ന്‌ വർഷമായി ഗോകുലം ജൂനിയർ ടീമിലുണ്ട്‌. ഏഴാം ക്ലാസുമുതൽ പന്ത്‌ തട്ടിത്തുടങ്ങി. കണ്ണൂർ വേങ്ങാട്‌ വി ബാബുവിന്റെയും വി രമ്യയുടെയും മകനാണ്‌.


അതിയായ സന്തോഷം : കോച്ച്‌ വി പി സുനീർ

കേരളത്തിന്റെ ചരിത്ര നേട്ടമാണിത്‌. എതിരാളിയുടെ കളി മനസ്സിലാക്കി തന്ത്രങ്ങൾ മെനഞ്ഞു. പ്രതിരോധത്തിലൂന്നി അവസരങ്ങൾക്കായി കാത്തിരുന്നു. വീണുകിട്ടിയ രണ്ടവസരങ്ങളിലും കൃത്യമായി ലക്ഷ്യംകാണാനായി.




deshabhimani section

Related News

View More
0 comments
Sort by

Home