ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ ചാവി ചർച്ച നടത്തിയിട്ടില്ലെന്ന്‌ റൊമാനോ; എഐഎഫ്‌എഫ്‌ പ്രചരിപ്പിച്ച വാർത്ത വ്യാജം

xavi hernandez.png

PHOTO: Instagram/@xavi

avatar
Sports Desk

Published on Jul 26, 2025, 12:57 PM | 1 min read

ബാഴ്‌സലോണ: ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകനാകാൻ ബാഴ്‌സലോണയുടേയും സ്‌പെയ്‌നിന്റെയും ഇതിഹാസ താരമായ ചാവി ഹെർണാണ്ടസ്‌ എഐഎഫ്‌എഫിനെ സമീപിച്ചതായുള്ള വാർത്തകൾ നിഷേധിച്ച്‌ പ്രമുഖ ഫുട്‌ബോൾ ജേർണലിസ്റ്റ്‌ ഫാബ്രീസിയോ റൊമാനോ. ടീമിന്റെ പരിശീലകനാകാൻ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനെ (എഐഎഫ്‌എഫ്‌) ചാവി സമീപിച്ചിരുന്നുവെന്നും, എന്നാൽ ശമ്പളം അധികമായതിനാലാണ്‌ ഇത്‌ നടക്കാതിരുന്നത്‌ എന്നുമായിരുന്നു റിപ്പോർട്ട്‌.


എഐഎഫ്‌എഫിനെ ഉദ്ധരിച്ച്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയായിരുന്നു ഇതുസംബന്ധിച്ച വാർത്തകൾ ആദ്യം പുറത്തുവിട്ടത്‌. ഈ വാർത്തകൾ തെറ്റാണ്‌ എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഇപ്പോൾ റൊമാനോ രംഗത്തെത്തിയിരിക്കുന്നത്‌. ഇതേ റൊമാനോ തന്നെ ചാവി ഫെഡറേഷനുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ട് ചെയ്തിരുന്നു.


ചാവിയും ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷനും തമ്മിൽ ചർച്ചകളൊന്നും നടന്നില്ല എന്നാണ്‌ ഫാബ്രീസിയോ റൊമാനോയുടെ റിപ്പോർട്ട്‌. സോഷ്യൽ മീഡിയ വഴി തന്നെയാണ്‌ ഫാബ്രീസിയോ റൊമാനോ വിവരം പുറത്തുവിട്ടത്‌.


സ്‌പാനിഷ്‌ മാധ്യമ പ്രവർത്തകനായ ഫെറാൻ കൊറെയാസ്‌ പുറത്തുവിടുന്ന വിവരമനുസരിച്ച്‌ എഐഎഫ്‌എഫ്‌ മനപൂർവം ചാവിയുടെ പേര്‌ ഉപയോഗിക്കുകയായിരുന്നു. ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലക വേഷത്തിലേക്ക്‌ സംഘടന തേടുന്നത്‌ മികച്ച മാനേജർമാരെയാണ്‌ എന്ന്‌ വരുത്തിത്തീർക്കുന്നതിനായിരുന്നു ഇതെന്നും റിപ്പോർട്ടിലുണ്ട്.


2019ൽ കളിയവസാനിപ്പിച്ച ചാവി ആ വർഷം തന്നെ പരിശീലകന്റെ വേഷവും അണിയുന്നുണ്ട്‌. ഖത്തറിലെ അൽ സാദാണ്‌ ചാവി അവസാനമായി കളിച്ച ക്ലബ്ബും ആദ്യമായി പരിശീലിപ്പിച്ച ക്ലബ്ബും. അൽ സാദിനെ പരിശീലിപ്പിച്ച ശേഷം 2021ൽ തന്റെ പഴയ ക്ലബ്ബായ എഫ്‌ സി ബാഴ്‌സലോണയിലേക്കെത്തിയ ചാവി ടീമിനോടൊപ്പം ലാലിഗ, സൂപ്പർ കോപ്പ കിരീടങ്ങൾ നേടി. എന്നാൽ ക്ലബ്ബിന്റെ മോശം പ്രകടനത്തെത്തുടർന്ന്‌ 2023ഓടെ ചാവി ടീം വിടുകയായിരുന്നു. നിലവിൽ ചാവി ടീമുകളെയൊന്നും പരിശീലിപ്പിക്കുന്നില്ല.


2015ലാണ്‌ ബാഴ്‌സലോണയിൽ നിന്നും ചാവി അൽ സാദിലെത്തുന്നത്‌. ബാഴ്‌സയോടൊപ്പം നാല്‌ ചാമ്പ്യൻസ്‌ ലീഗുകളും എട്ട്‌ ലാലിഗയുമുൾപ്പെടെ നിരവധി കിരീടങ്ങളാണ്‌ മധ്യനിരക്കാരൻ നേടിയത്‌. സ്‌പെയ്‌ൻ ദേശീയ ടീമിനൊപ്പം 2010 ലോകകപ്പും രണ്ട്‌ യൂറോ കപ്പുകളും താരം നേടിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home