യൂറോപ്പ ലീഗ്: ഫൈനലിലേക്ക് അടുത്ത് മാഞ്ചസ്റ്ററും ടോട്ടനവും; ആദ്യപാദ സെമിയിൽ ജയം

ബാസ്‌ക് കൺട്രി: യൂറോപ്പ ലീഗ് ആദ്യപാദ സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ടോട്ടനം ഹോട്‌സ്പറിനും തകര്‍പ്പന്‍ ജയം. അത്‌ലറ്റിക് ക്ലബ്ബിനെ ഏതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ തകര്‍ത്തത്. നോര്‍വീജിയന്‍ ടീമായ ബോഡോ/ഗ്ലിംറ്റിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ടോട്ടനം വീഴ്ത്തിയത്.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പത്തുപേരായി ചുരുങ്ങിയ അത്‌ലറ്റികോ ക്ലബ്ബിന് മാഞ്ചസ്റ്ററിന്റെ മുന്നേറ്റം തടത്തുനിര്‍ത്താനായില്ല. കളിയുടെ 30-ാം മിനിറ്റില്‍ കസെമിറോയിലൂടെയാണ് മാഞ്ചസ്റ്റര്‍ ആദ്യ ഗോള്‍ നേടിയത്. ഹാരി മഗ്വയറിന്റെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഗോള്‍ വഴങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞും മുമ്പ് യുവതാരം റാസ്മസ് ഹൊയ്‌ലുണ്ടിനെ ബോക്‌സില്‍ വീഴത്തിയ അത്‌ലറ്റികോ പ്രതിരോധ താരം വിവയന് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി . ടീമിന്ല അനുകൂലമായി ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് വലയിലെത്തിച്ച് ലീഡ് രണ്ടായി ഉയര്‍ത്തി. ആദ്യപകുതി അവസാനിക്കാനിരിക്കെ 45-ാം മിനിറ്റില്‍ ബ്രൂണോ വീണ്ടും ഗോള്‍ കണ്ടെത്തിയതോടെ മാഞ്ചസ്റ്റർ 3-0ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടന്നെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.
അതേസമയം സ്വന്തം തട്ടകത്തില്‍ ബോഡോ/ഗ്ലിംറ്റിനെതിരെ മികച്ച പ്രകടനാണ് ടോട്ടനം കാഴ്ചവെച്ചത്. കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ഗോള്‍ നേടി ടോട്ടനം കളി വരുതിയിലാക്കി. ബ്രെനര്‍ ജോണ്‍സണന്‍ നേടിയ ഹെഡര്‍ ഗോളാണ് ടോട്ടനത്തിന് സ്വപ്‌ന തുല്യമായ തുടക്കം നല്‍കിയത്. 34-ാം മിനിറ്റില്‍ ജെയിസ് മാഡിസണും 61-ാം മിനിറ്റില്‍ ഡൊമിനിക് സോലങ്കെയും ടീമിനായി ഗോള്‍ കണ്ടെത്തി. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ക്യാപ്റ്റന്‍ ഉല്‍റിക് സാള്‍ട്ട്‌നെസിലൂടെയാണ് ബോഡോ/ഗ്ലിംറ്റ് ആശ്വാസ ഗോള്‍ മടക്കിയത്. മെയ് ഒമ്പതിനാണ് രാണ്ടാം പാദ സെമി.









0 comments