സ്‌പെയ്‌നിൽ ത്രികോണ പോരാട്ടം
യൂറോപ്പിൽ കിക്കോഫ് ; ഇംഗ്ലീഷ് പ്രീമിയർ ലീഗിനും സ്‌പാനിഷ് ലീഗിനും ഇന്ന് തുടക്കം

ലിവൾപൂൾ താരങ്ങൾ പരിശീലനത്തിൽ

Sports Desk
Published on Aug 15, 2025, 12:00 AM | 2 min read
ലണ്ടൻ
യൂറോപ്പിൽ വീണ്ടും ഫുട്‌ബോൾ കാലം. ഇംഗ്ലീഷ് പ്രീമിയർ ലീഗും സ്‌പാനിഷ് ലീഗും ഇന്ന് തുടങ്ങുകയാണ്. ഇംഗ്ലണ്ടിലാണ് തീപിടിപ്പിക്കുന്ന കളികൾ. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളും ബോണിമൗത്തും തമ്മിലാണ് ആദ്യ പോരാട്ടം. ഇന്ത്യൻ സമയം രാത്രി 12.30നാണ് കളി.
ഇരുപതാം കിരീടം ചൂടിയ ലിവർപൂൾ തന്നെയാണ് സാധ്യതയിൽ മുന്നിൽ. കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായി തകർന്നടിഞ്ഞ മാഞ്ചസ്‌റ്റർ സിറ്റി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ രണ്ട് തവണയും കൈവിട്ട കിരീടം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് അഴ്‌സണൽ. ചെൽസിക്ക് യുവനിരയുടെ കരുത്തുന്നുണ്ട്. തകർച്ചകളിൽനിന്ന് കരകയറാനുള്ള ശ്രമത്തിലാണ് മാഞ്ചസ്‌റ്റർ യുണൈറ്റഡ്. ടോട്ടനം ഹോട്‌സ്‌പർ, ആസ്‌റ്റൺ വില്ല, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ടീമുകൾ വമ്പൻമാർക്ക് വെല്ലുവിളി ഉയർത്തും.
ആർണെ സ്ലോട്ടിനുകീഴിൽ ഗംഭീര തുടക്കമായിരുന്നു കഴിഞ്ഞ സീസണിൽ ലിവർപൂളിന്റേത്. ഇക്കുറിയും മികച്ചനിരയാണ്. കമ്യൂണിറ്റി ഷീൽഡിൽ ക്രിസ്‌റ്റൽ പാലസിനോട് തോറ്റെങ്കിലും സ്ലോട്ടിന്റെ സംഘം ആത്മവിശ്വാസത്തോടെയാണ് തുടങ്ങുന്നത്.
മുഹമ്മദ് സലാ തന്നെയാണ് ഇൗ സീസണിലും കുന്തമുന. പുതുതായെത്തിയ ഒരുപിടി മികച്ച കളിക്കാരുമുണ്ട്. -ഫ്‌ളോറിയൻ വിറ്റ്‌സ്, ഹ്യൂഗോ എകിടികെ എന്നിവരാണ് ആക്രമണനിരയിലെ പുതിയ താരങ്ങൾ. അതേസമയം, പ്രതിരോധത്തിൽ ലിവർപൂളിന് ആശങ്കയുണ്ട്.
കഴിഞ്ഞ സീസണിൽ സംഭവിച്ച പിഴവുകൾ തിരുത്താനാണ് പെപ് ഗ്വാർഡിയോളയുടെ സിറ്റി ഇറങ്ങുന്നത്. ഗ്വാർഡിയോളയ്‌ക്ക് കീഴിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ആദ്യമായാണ് ഒരു കിരീടവുമില്ലാതെ അവസാനിപ്പിക്കേണ്ടിവന്നത്. മധ്യനിരക്കാരൻ റോഡ്രിയുടെ പരിക്കാണ് തളർത്തിയത്. ഒമർ മർമൗഷ്, റയാൻ ചെർക്കി എന്നിവരെയെത്തിച്ച് മധ്യനിര ശക്തമാക്കാൻ സിറ്റി ശ്രമിച്ചിട്ടുണ്ട്. ഗോളടിക്കാൻ എർലിങ് ഹാലണ്ട് മികവ് വീണ്ടെടുത്താൽ കാര്യങ്ങൾ അനുകൂലമാകും.
കഴിഞ്ഞ മൂന്ന് സീസണിലും ഏറ്റവും കൂടുതൽ സ്ഥിരത പുലർത്തിയ സംഘമാണ് മൈക്കേൽ അർടേറ്റയുടെ അഴ്‌സണൽ. പക്ഷേ, കിരീടത്തിലേക്ക് മാത്രമെത്തിയില്ല. സ്വീഡിഷ് ഗോളടിക്കാരൻ വിക്ടർ ഗ്രൊയ്‌ക്കേഴ്‌സാണ് പ്രധാന ആകർഷണം. ബുക്കായോ സാക്ക, ഡെക്ലൻ റൈസ് എന്നിവരും അഴ്‌സണലിന് സന്തുലിത നൽകുന്നു.
കഴിഞ്ഞ സീസണിൽ 15–ാം സ്ഥാനത്തേക്ക് വീണതിന്റെ ഞെട്ടൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് ഇതുവരെ മാറിയിട്ടില്ല. ചരിത്രത്തിൽ ഏറ്റവും കൂടുതൽ തോൽവി വഴങ്ങിയതും കഴിഞ്ഞ സീസണിലാണ് 18 എണ്ണം. റൂബെൻ അമോറിമാണ് പരിശീലകൻ. താരകൈമാറ്റ ജാലകത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കാനായിട്ടുണ്ട്. മത്തിയാസ് കുന്യ, ബ്രയാൻ എംബ്യൂമോ, ബെഞ്ചമിൻ സെസ്‌കോ എന്നിവർ യുണൈറ്റഡിന്റെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ബ്രൂണോ ഫെർണാണ്ടസിന്റെ പ്രകടനമായിരിക്കും ഗതി നിർണയിക്കുക.
കഴിഞ്ഞ സീസണിൽ യുവേഫ കോൺഫറൻസ് ലീഗും പിന്നാലെ ക്ലബ് ലോകകപ്പും നേടിയാണ് ചെൽസി വിമർശകരുടെ വായടിപ്പിച്ചത്. എൺസോ മറെസ്‌കയ്‌ക്ക് കീഴിൽ തുടക്കം മികച്ചതായിരുന്നില്ല ചെൽസിക്ക്. പക്ഷേ, ഇന്നങ്ങനെയല്ല കാര്യങ്ങൾ. കരുത്തരായ പിഎസ്‌ജിയെ തകർത്തായിരുന്നു ക്ലബ് ലോകകപ്പ് നേടിയത്. ബ്രസീലുകാരൻ ജോയോ പെഡ്രോയുടെ ഗോളടിയിലാണ് പ്രതീക്ഷകൾ.
സ്‌പെയ്‌നിൽ ത്രികോണ പോരാട്ടം
സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ ഇത്തവണയും ത്രികോണ പോരാട്ടം. റയൽ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ് ടീമുകളാണ് കിരീടത്തിനായി മുന്നിലുള്ളത്. ബാഴ്‌സയാണ് നിലവിലെ ജേതാക്കൾ. കഴിഞ്ഞ സീസണിൽ ഹാൻസി ഫ്ലിക്കിന് കീഴിൽ തകർപ്പൻ പ്രകടനമായിരുന്നു. റയലാകട്ടെ നഷ്ടപ്പെട്ട ആധിപത്യം വീണ്ടെടുക്കാൻ പുതിയ കോച്ച് സാബി അലോൺസോയുടെ നേതൃത്വത്തിലാണ് വരവ്. ഇന്ന് ജിറോണയും റയോ വല്ലെക്കാനോയും തമ്മിലാണ് ലീഗിലെ ആദ്യ കളി. ബാഴ്‌സ നാളെ മയ്യോർക്കയെയും അത്‌ലറ്റികോ ഞായറാഴ്‌ച എസ്‌പാന്യോളിനെയും നേരിടും. റയലിന് 19ന് ഒസാസുനയാണ് എതിരാളി.









0 comments