പാലസിന് കമ്യൂണിറ്റി ഷീൽഡ് ; ലിവർപൂളിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചു

കമ്യൂണിറ്റി ഷീൽഡുമായി ക്രിസ്റ്റൽ പാലസ് ടീമിന്റെ ആഹ്ലാദം

Sports Desk
Published on Aug 11, 2025, 02:50 AM | 1 min read
ലണ്ടൻ
ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്‌സന്റെ തകർപ്പൻ പ്രകടനം ക്രിസ്‌റ്റൽ പാലസിന് കമ്യൂണിറ്റി ഷീൽഡ് സമ്മാനിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ചാമ്പ്യൻമാരായ ലിവർപൂളിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് പാലസ് ആദ്യമായി ഷീൽഡ് ജേതാക്കളായത്. ഷൂട്ടൗട്ടിൽ 3–2നായിരുന്നു പാലസിന്റെ ജയം. ഷൂട്ടൗട്ടിൽ ഹെൻഡേഴ്‌സൺ ലിവർപൂളിന്റെ രണ്ട് കിക്കുകൾ തടഞ്ഞിട്ടു. നിശ്‌ചിത സമയത്ത് 2–2ആയിരുന്നു ഫലം.
സീസണിൽ പുതുതായെത്തിയ ഹാറ്റോ എകിടികെ കളി തുടങ്ങി അഞ്ച് മിനിറ്റിൽ ലിവർപൂളിന് ലീഡൊരുക്കി. പിന്നാലെ പെനൽറ്റിയിലൂടെ ജീൻ ഫിലിപ്പെ പാലസിനായി ഒന്ന് മടക്കി. ജെറെമി ഫ്രിംപോങ്ങിന്റെ ഗോളിൽ 21–ാം മിനറ്റിൽ ലിവർപൂൾ വീണ്ടും മുന്നിലെത്തി. എന്നാൽ കളിയുടെ അവസാന ഘട്ടത്തിൽ ഇസ്‌മയ്‌ല സാർ ലക്ഷ്യം കണ്ടതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഷൂട്ടൗട്ടിൽ മുഹമ്മദ് സലായുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. അലെക്‌സിസ് മക് അല്ലിസ്‌റ്ററുടെയും ഹാർവി എല്ലിയട്ടിന്റെയും കിക്കുകൾ ഹെൻഡേഴ്‌സൺ തടഞ്ഞു. പാലസിന്റെ എബറേച്ചി എസെ, ബോർണ സോസ എന്നിവരുടെ കിക്കുകൾ പാഴായെങ്കിലും ജസ്‌റ്റിൻ ഡെവെന്നി പന്ത് വലയിൽ എത്തിച്ചതോടെ പാലസ് ജയംകുറിച്ചു.
കാറപകടത്തിൽ മരിച്ച ദ്യേഗോ ജോട്ടയെ അനുസ്‌മരിച്ചാണ് ലിവർപൂൾ താരങ്ങൾ പന്ത് തട്ടാനിറങ്ങിയത്.









0 comments