ആൻഫീൽഡ് ചുവന്നു


Sports Desk
Published on Apr 29, 2025, 12:00 AM | 2 min read
ലണ്ടൻ : ആൻഫീൽഡിന് ഇത് ആഘോഷരാവുകളാണ്. 1990നുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടനേട്ടം ആഘോഷിക്കാൻ ലിവർപൂൾ ആരാധകർക്ക് കഴിഞ്ഞിരുന്നില്ല. അഞ്ച് വർഷംമുമ്പ് ജേതാക്കളായെങ്കിലും കോവിഡ് കാലമായതിനാൽ അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. അന്ന് തെരുവുകൾ ശൂന്യമായിരുന്നു. ഇക്കുറി നഗരം ചുവപ്പിൽ മുങ്ങി.
ടോട്ടനം ഹോട്‌സ്‌പറിനെ 5–-1ന് തകർത്തായിരുന്നു ലിവർപൂളിന്റെ നേട്ടം. നാല് മത്സരം ബാക്കിയുണ്ട്. ആധികാരിക നേട്ടം. രണ്ടാമതുള്ള അഴ്‌സണലിനേക്കാൾ 15 പോയിന്റ് ലീഡ്. പരിശീലകൻ ആർണെ സ്ലോട്ടിന്റെ വിജയമാണിത്. ലിവർപൂളിനെ നേട്ടങ്ങളിലേക്ക് നയിച്ച യുർഗൻ ക്ലോപ്പിൽനിന്ന് സ്ലോട്ട് പരിശീലക സ്ഥാനം ഏറ്റുവാങ്ങുമ്പോൾ നെറ്റിചുളിച്ചവർക്കുള്ള മറുപടി. ക്ലോപ്പിനുകീഴിൽ അവസാന മത്സരം കളിക്കുമ്പോൾ മൈതാനത്ത് മുഴങ്ങിയത് ‘സ്ലോട്ട് വേണ്ടേ വേണ്ട’ എന്ന പാട്ടായിരുന്നു. അതേ കാണികളെകൊണ്ട് ഡച്ചുകാരൻ കൈയടിപ്പിച്ചു. കിരീടം നേടിയശേഷം സ്ലോട്ട് നന്ദിപറഞ്ഞത് ക്ലോപ്പിനോടായിരുന്നു. കളത്തിൽമാത്രമല്ല, ക്ലബ്ബിന്റെ അന്തരീക്ഷംവരെ ക്ലോപ്പ് മാറ്റി. ബന്ധങ്ങൾ ദൃഢമാക്കി. സ്ലോട്ടിന് ക്ലോപ്പിന്റെ രീതിയായിരുന്നില്ല. പക്ഷേ, കളിക്കാരോടുള്ള ബന്ധം എപ്പോഴും ഊഷ്‌മളമായിരുന്നു. കൂടുതൽ സമയം പരിശീലനം അതായിരുന്നു ഡച്ചുകാരന്റെ നയം.
കടിഞ്ഞാൺ ഏറ്റെടുത്ത ആദ്യ സീസണിൽതന്നെ ലീഗ് ചാമ്പ്യൻമാരാക്കി. സീസൺ തുടങ്ങുമ്പോൾ വലുതായൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ക്ലോപ്പ് നൽകിയ സംഘത്തെ ഒന്നുകൂടി മിനുക്കിയെടുക്കുകയായിരുന്നു സ്ലോട്ട്. 34 കളിയിൽ 25ലും ജയം. രണ്ട് തോൽവിമാത്രം. നവംബർ രണ്ടിനുശേഷം ഒന്നാംസ്ഥാനം വിട്ടുകൊടുത്തില്ല.
ഇറ്റലിക്കാരൻ ഫെഡറികോ കിയേസമാത്രമാണ് ഈ സീസണിൽ സ്ലോട്ട് കൊണ്ടുവന്ന കളിക്കാരൻ. ടീമിൽ അവസരം കിട്ടാത്ത മറ്റ് കളിക്കാരെ രാകിയെടുത്തു. മധ്യനിരയിൽ റ്യാൻ ഗ്രാവെൻബെർഷിന് കൂടുതൽ അവസരം നൽകി. റയൽ സോസിഡാഡിൽനിന്ന് മാർടിൻ സുബിമെൻഡിയെ കിട്ടാത്തതിന്റെ ക്ഷീണം ഗ്രാവെൻബെർഷിനെകൊണ്ട് മായ്‌ച്ചു.
മുഹമ്മദ് സലായെന്ന ലിവർപൂളിന്റെ എക്കാലത്തെയും മികച്ച താരത്തെ കൃത്യമായി ഉപയോഗിച്ചു. 34 കളിയിൽ 28 ഗോളടിച്ചപ്പോൾ 18 എണ്ണത്തിനാണ് ഈജിപ്‌തുകാരൻ അവസരമൊരുക്കിയത്. ക്ലബ് വിട്ടേക്കുമെന്ന സന്ദേഹങ്ങൾക്കിടെ കരാർ പുതുക്കിക്കാനും പരിശീലകന് കഴിഞ്ഞു. ക്ലോപ്പിന്റെ അവസാന സീസണിൽ സലാ 32 കളിയിൽ 18 ഗോളാണ് നേടിയത്. 10 എണ്ണത്തിന് അവസരമൊരുക്കി. കോഡി ഗാക്‌പോ സീസണിൽ 17 ഗോളുകളിൽ പങ്കാളിയായി. ക്യാപ്‌റ്റനും പ്രതിരോധക്കാരനുമായ വിർജിൽ വാൻ ഡിക്ക് കരാർ പുതുക്കിയതും സ്ലോട്ടുമായുള്ള വിശ്വാസത്തിന്റെ പുറത്താണ്.









0 comments