പരിക്ക്‌; ഡിബാലയ്‌ക്ക്‌ ശേഷിക്കുന്ന സീസൺ നഷ്ടമാകും

Paulo Dybala

PHOTO: Instagram/paulodybala

വെബ് ഡെസ്ക്

Published on Mar 20, 2025, 07:15 PM | 1 min read

റോം: എ എസ് റോമയുടെ അർജന്റൈൻ താരം പൗലോ ഡിബാലയ്ക്ക് ശേഷിക്കുന്ന സീസൺ നഷ്ടമാകും. ഇടതു കാലിനേറ്റ ഗുരുതരമായ പരിക്കാണ്‌ താരത്തിന്‌ തിരിച്ചടിയായത്‌. പരിക്കിനെ തുടർന്ന്‌ താരം ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയമാകുമെന്ന കാര്യം ക്ലബ്ബ്‌ ഔദ്യോഗികമായി അറിയിച്ചു. ഞായറാഴ്‌ച കാഗ്ലിയാരിക്കെതിരായ മത്സരത്തിലാണ്‌ താരത്തിന്‌ പരിക്കേറ്റത്‌.


സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്‌ടമാവുമെന്ന വിവരം പൗലോ ഡിബാലയും ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ മുൻപത്തേക്കൾ ശക്തനായി എത്രയും പെട്ടന്ന്‌ തിരിച്ചുവരുമെന്ന്‌ താരം സോഷ്യൽ മീഡിയയിൽ എഴുതി.



ബ്രസീൽ, ഉറുഗ്വേ ടീമുകൾക്കെതിരെയുള്ള ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീനയുടെ ടീമിൽ പൗലോ ഡിബാല ഉൾപ്പെട്ടതായിരുന്നു. ഈ സാഹചര്യത്തിൽ പരിക്കേറ്റതിനാൽ താരത്തിന്‌ ദേശീയ ടീമിന് വേണ്ടിയുള്ള മത്സരങ്ങളും നഷ്ടമാവും. ലയണൽ മെസി, ലൗതാരോ മാർട്ടിനസ്, അലസാന്ദ്രോ ഗർനാച്ചോ എന്നീ താരങ്ങളും പരിക്ക് കാരണം അർജന്റീന ടീമിൽ നിന്ന് പുറത്തായിട്ടുണ്ട്.


ഇറ്റാലിയൻ ലീഗായ സീരി എയിൽ നിലവിൽ ഏഴാമതാണ്‌ റോമ. ക്ലോഡിയോ റെയ്‌നേരിയുടെ കീഴിൽ ആറ്‌ മത്സരങ്ങൾ തുടർച്ചയായി ജയിച്ച്‌ നിൽക്കുന്ന റോമയ്‌ക്ക്‌ ചാമ്പ്യൻസ്‌ ലീഗ്‌ സ്‌പോട്ട്‌ ഉറപ്പാക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്‌. ഈ സാഹചര്യത്തിൽ ടീമിലെ പ്രധാന താരത്തിന്‌ പരിക്കേറ്റത്‌ റോമയ്‌ക്ക്‌ കനത്ത തിരിച്ചടിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home