ജോട്ട മറഞ്ഞു ; ഒപ്പം ജേഴ്‌സിയും

ആൻഫീൽഡിൽ ലിവർപൂൾ മുൻ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൺ ദ്യേഗോ ജോട്ടയ്‌ക്ക് ആദരാഞ്ജലി അർപ്പിക്കുന്നു

Sports Desk
Published on Jul 05, 2025, 04:07 AM | 1 min read
ലണ്ടൻ
ദ്യേഗോ ജോട്ടയ്‌ക്കൊപ്പം 20–-ാം നമ്പർ ജേഴ്‌സിയും വിടപറഞ്ഞു. പ്രിയ കളിക്കാരനോടുള്ള ആദരസൂചകമായി ലിവർപൂൾ ഫുട്‌ബോൾ ക്ലബ് ആ ജേഴ്‌സി എക്കാലത്തേക്കുമായി പിൻവലിച്ചു. കഴിഞ്ഞ ദിവസമാണ് ജോട്ടയും സഹോദരൻ ആന്ദ്രെ സിൽവയും സ്‌പെയ്‌നിൽ കാറപകടത്തിൽ കൊല്ലപ്പെട്ടത്. ലിവർപൂളിൽ ഇരുപതാം നമ്പർ കുപ്പായമാണ് പോർച്ചുഗൽ മുന്നേറ്റക്കാരൻ അണിഞ്ഞിരുന്നത്. കഴിഞ്ഞ സീസണിൽ ക്ലബ് 20–-ാം പ്രീമിയർ ലീഗ് കിരീടമുയർത്തിയിരുന്നു. ‘അവിസ്‌മരണീയ നിമിഷങ്ങൾ ബാക്കിവച്ചാണ് ജോട്ട യാത്രയായത്. 20 എന്നത് വെറുമൊരു അക്കമല്ല. ഇനിമുതൽ ക്ലബ്ബിന്റെ അനശ്വര അക്കമായി അത് മാറും’– ലിവർപൂൾ അറിയിച്ചു.
ഇതിനിടെ ജോട്ടയുടെയും സഹോദരന്റെയും സംസ്--കാരം പോർട്ടോയിലെ ഗോൻഡോമർ പള്ളിയിൽ നടക്കും. ലിവർപൂൾ, പോർച്ചുഗൽ ടീം അംഗങ്ങൾ ചടങ്ങിനെത്തി. ഇരുവരെയും അവസാനമായി കാണാൻ ആയിരങ്ങളാണെത്തിയത്.
‘തിരിച്ചുചെല്ലുമ്പോൾ ജോട്ട അവിടെയില്ലെന്നത് ഓർക്കാനാകുന്നില്ല. അംഗീകരിക്കാനാകാത്ത യാഥാർഥ്യമാണത്’–-ലിവർപൂൾ താരം മുഹമ്മദ് സലാ സമൂഹമാധ്യമത്തിൽ കുറിച്ചു. ഇംഗ്ലീഷ് ക്ലബ്ബിന്റെ പരിശീലന ക്യാമ്പ് ജോട്ടയുടെ വിയോഗത്തെ തുടർന്ന് നീട്ടിവച്ചു. ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് ലിവർപൂളിന്റെ ആൻഫീൽഡ് സ്‌റ്റേഡിയത്തിന് പുറത്തെത്തുന്നത്. പൂച്ചെണ്ടുകളും ജേഴ്‌സിയും സമർപ്പിച്ചാണ് മടക്കം.
വനിതാ യൂറോ കപ്പ് മത്സരങ്ങളിലും ക്ലബ് ലോകകപ്പിന്റെ ഭാഗമായുള്ള പരിശീലന വേളയിലും വിവിധ ടീമുകൾ ഇരുപത്തെട്ടുകാരനെ അനുസ്‌മരിച്ചു.
0 comments