രണ്ട് കിരീടത്തിന് പിന്നാലെ അന്ത്യം , ഗോളടിയിൽ മികവുള്ള മുന്നേറ്റക്കാരൻ
വിജയത്തേരിൽ വിലാപം ; ദ്യേഗോ ജോട്ട കണ്ണീർ ഓർമ

ദ്യേഗോ ജോട്ടയുടെ വിയോഗമറിഞ്ഞ് ലിവർപൂൾ ആരാധകർ ക്ലബ്ബിന്റെ സ്--റ്റേഡിയമായ ആൻഫീൽഡിന് മുന്നിൽ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ

Sports Desk
Published on Jul 04, 2025, 12:02 AM | 2 min read
സമോറ
ദ്യേഗോ ജോട്ട ഒരു മായാനക്ഷത്രമായി. അതിരറ്റ സന്തോഷത്തിന്റെ നാളുകൾക്കിടെ മരണം ഇരുപത്തെട്ടുകാരനുനേരെ ചുവപ്പ് കാർഡ് വീശി. കളിജീവിതത്തിന്റെ പാരമ്യത്തിൽ നിൽക്കെയാണ് അപ്രതീക്ഷിത വിടവാങ്ങൽ. കളത്തിലും പുറത്തും സന്തോഷ ദിവസങ്ങളായിരുന്നു. 11 ദിവസംമുമ്പാണ് വർഷങ്ങളായി കൂടെയുള്ള പങ്കാളി റൂറ്റെ കർഡോസോയെ ഭാര്യയാക്കിയത്. മൂന്ന് മക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
പോർച്ചുഗലിനൊപ്പം നേഷൻസ് ലീഗ് ഫുട്‌ബോൾ കിരീടവും ലിവർപൂളിനൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവും ഉയർത്തിയിട്ട് കഷ്ടി ഒരുമാസമായിട്ടേയുള്ളൂ. അവധിക്കാലം ആഘോഷിക്കുന്നതിനിടെയുണ്ടായ കാറപകടം എല്ലാം അവസാനിപ്പിച്ചു. അനുജനും ഫുട്‌ബോളറുമായ ആന്ദ്രെ സിൽവയും കൂടെയുണ്ടായിരുന്നു.
പോർച്ചുഗലിലെ ഫുട്‌ബോൾ നഗരമായ പോർട്ടോയിലാണ് ജോട്ട വളർന്നത്. പ്രാദേശിക ക്ലബ് ഗോൻഡോമാറിനായിരുന്നു ആദ്യം ബൂട്ടണിഞ്ഞത്. ഗോളടിച്ച് കൂട്ടുന്ന കുട്ടി പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. സ്വാഭാവിക സിദ്ധിയുള്ള കളിക്കാരനായിരുന്നു. നല്ല വേഗം, പാസ് ചെയ്യാൻ മടിയില്ല, മുന്നേറ്റക്കാരനാണെങ്കിലും പ്രതിരോധിക്കാനും മടിയില്ല. 16–-ാം വയസ്സിൽ രണ്ടാം ഡിവിഷൻ ക്ലബ്ബായ പാകോസ് ഡെ ഫെരെയ്‌രയിലെത്തി. തുടക്കം അനിശ്ചിതത്വങ്ങളുടേതായിരുന്നു. ആരോഗ്യ പരിശോധനകൾക്കിടെ ഹൃദയത്തിൽ തകരാർ കണ്ടെത്തി. എന്നന്നേക്കുമായി കളി അവസാനിപ്പിക്കേണ്ടിവരുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. പക്ഷേ ജോട്ട തളർന്നില്ല. നെഞ്ചൂക്കോടെ എല്ലാം നേരിട്ടു. വൈകാതെ തിരിച്ചെത്തി. ‘ചിലപ്പോൾ ഫുട്‌ബോൾ വിടേണ്ടി വരുമെന്ന് അറിയാമായിരുന്നു. പക്ഷേ, ഞാൻ അങ്ങനെ ചിന്തിച്ചില്ല. ഉറപ്പായും കളിക്കാനാകുമെന്ന വിശ്വാസമാണ് കാത്തത്’– -2021ൽ പഴയ കാര്യം ഓർത്ത് ജോട്ട പറഞ്ഞു.
രണ്ട് വർഷംകൊണ്ട് പാകോസ് സീനിയർ ടീമിൽ അരങ്ങേറി. ഇരുപതാം വയസ്സിൽ അത്‌ലറ്റികോ മാഡ്രിഡിലെത്തി. അവിടെനിന്ന് വായ്‌പാടിസ്ഥാനത്തിൽ പോർട്ടോയ്‌ക്കും വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സിലും കളിച്ചു. 2018ൽ വൂൾവ്‌സുമായി കരാറിലെത്തി. 67 കളിയിൽ 16 ഗോളടിച്ചു. പോർച്ചുഗീസുകാരന്റെ മികവ് മനസ്സിലാക്കിയ അന്നത്തെ ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ് യുവതാരത്തെ കൂടാരത്തിലെത്തിച്ചു. ഓൾ റൗണ്ടർ എന്നായിരുന്നു ക്ലോപ് വിശേഷിപ്പിച്ചത്. പ്രകടനംകൊണ്ട് അത് അടിവരയിടുകയുംചെയ്‌തു.
മുഹമ്മദ് സലാ നിറഞ്ഞാടുന്ന ലിവർപൂൾ മുന്നേറ്റത്തിൽ ജോട്ട സ്വന്തമായ സ്ഥാനമുണ്ടാക്കി. ഒറ്റയ്‌ക്ക് പല കളിയിലും ടീമിന് ജയം നൽകി. 182 കളിയിൽ 65 ഗോളും 26 അവസരങ്ങളും ഒരുക്കി. പ്രീമിയർ ലീഗ് ഉൾപ്പെടെ നാല് ട്രോഫികൾ നേടി. 2027വരെയാണ് കരാർ.
പോർച്ചുഗലിനായി 2019ലായിരുന്നു അരങ്ങേറ്റം. പിന്നീട് സ്ഥിരസാന്നിധ്യമായി. കഴിഞ്ഞ ലോകകപ്പ് പരിക്ക് കാരണം നഷ്ടമായി. രണ്ടുതവണ നേഷൻസ് ലീഗ് ചാമ്പ്യനുമായി.
0 comments