'യമാൽ നന്നായി കളിക്കുന്നു'; വളരാൻ അനുവദിക്കൂ- റൊണാൾഡോ

ലമീൻ യമാൽ, ക്രിസ്‌റ്റ്യാനോ റൊണാൾഡോ Selección Española de Fútbol (SeFutbol), Seleções de Portugal facebook.com/photo
സ്‌റ്റുട്ട്‌ഗർട്ട്: ലമീൻ യമാലിനെ സമ്മർദ്ദമില്ലാതെ വളരാൻ അനുവദിക്കണമെന്ന് ആരാധകരോടും മാധ്യമങ്ങളോടും അഭ്യർഥിച്ച് സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ. നേഷൻസ് കപ്പ് ഫൈനലിൽ പോർച്ചുഗലും സ്‌പെയ്‌നും നാളെ ഏറ്റുമുട്ടുന്നതിന് മുമ്പാണ് യുവതാരത്തെ റൊണാൾഡോ പ്രശംസിച്ചത്. 'ലാമിന് പ്രതിഭയ്ക്ക് ഒരു കുറവുമില്ല. വളരെ നന്നായി കളിക്കുന്നു. അവന്റെ കഴിവ് മുതലെടുക്കുന്നു.കുട്ടിയെ വളരാൻ അനുവദിക്കൂ. അവനിൽ കൂടുതൽ സമ്മർദ്ദം ചെലുത്തരുത്. അവനെ സ്വതന്ത്രനായി വളരാൻ അനുവദിക്കൂ'- എന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞത്.
പതിനേഴുകാരന്റെ മികവിലാണ് നേഷൻസ് കപ്പ് ഫുട്‌ബോൾ സെമയിൽ സ്പെയ്ൻ ഫ്രാൻസിനെ തകർത്തത്. ഒമ്പത് ഗോൾ ത്രില്ലറിൽ ഫ്രാൻസിനെ 5–4നാണ് സ്പെയിൻ തോൽപ്പിച്ചത്. കളിയിൽ ഇരട്ടഗോളുമായി യമാൽ തിളങ്ങി. പെനൽറ്റിയിലൂടെയായിരുന്നു ആദ്യഗോൾ. ഒരുഘട്ടത്തിൽ 4-0ന് മുന്നിലായിരുന്നു സ്‌പെയ്‌ൻ. 67–-ാം മിനിറ്റിൽ 5–1 ആയിരുന്നു സ്‌കോർ. എന്നാൽ അവസാന 11 മിനിറ്റിൽ മൂന്ന് ഗോളടിച്ച് ഫ്രാൻസ് ഇരമ്പിയെത്തി. പക്ഷേ, സ്‌പെയ്‌ൻ പിടിച്ചുനിന്നു. നേഷൻസ് ലീഗ് ഫുട്‌ബോൾ സെമിയിൽ ജർമനിയെ 2-1ന് വീഴ്ത്തിയാണ് പോർച്ചുഗലിന്റെ ഫൈനലിൽ പ്രവേശനം. കാൽനൂറ്റാണ്ടിനുശേഷമാണ് ജർമനിയെ പോർച്ചുഗൽ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലായിരുന്നു ജയം.
ഞായറാഴ്‌ച സ്‌റ്റുറ്റ്‌ഗർട്ടിലാണ് കിരീടപ്പോരാട്ടം. സ്‌പെയ്‌ൻ നിലവിലെ ചാമ്പ്യൻമാരാണ്. 2019ലെ പ്രഥമ നേഷൻസ് ലീഗിലെ ജേതാക്കളാണ് പോർച്ചുഗൽ.









0 comments