ക്ലബ് ലോകകപ്പ്: പ്രീക്വാർട്ടറിൽ മെസി പിഎസ്ജിക്കെതിരെ; പോർടോയും അത്‌ലറ്റിക്കോയും പുറത്ത്

ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ ലയണൽ മെസിയുടെ ഇന്റർ മയാമി ചാമ്പ്യൻസ് ലീഗ് ജേതാക്കളായി പിഎസ്ജിയെ നേരിടും. സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡും പോർച്ചുഗൽ ക്ലബ് പോർടോയും പ്രീക്വാർട്ടർ കാണാതെ പുറത്തായി. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള സുവർണാവസരം നഷ്ടമാക്കിയാണ് ഇന്റർ മയാമി നോക്കൗട്ടിലേക്കെത്തുന്നത്. അവസാന മത്സരത്തിൽ രണ്ട് ഗോളിന് ലീഡ് ചെയ്ത മയാമി അവസാന പത്ത് മിനിറ്റിൽ ബ്രസീലിയൻ ക്ലബ് പൽമിറാസിനോട് രണ്ട് ഗോൾ വഴങ്ങി സമനിലയിലാവുകയായിരുന്നു. ഇതോടെ പ്രീക്വാർട്ടറിൽ പൽമിറാസ് ബ്രസീലിയൻ ക്ലബായ ബോട്ടാഫെഗോയെ നേരിടും.
കരുത്തരായ പോർച്ചുഗൽ ക്ലബ് പോർടോയെ പരാജയപ്പെടുത്തിയ കരുത്തുമായാണ് ഇന്റർ മയാമി അവസാന മത്സരത്തിലും പന്തു തട്ടിയത്. കളിയുടെ തുടക്കത്തിൽ തന്നെ ടീം ലീഡ് നേടി. 16-ാം മിനിററിൽ ടി അലൻഡെയാണ് ടീമിനായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 65-ാം മിനിറ്റിൽ ലുയിസ് സുവാരസിലൂടെ മയാമി ലീഡ് ഉയർത്തി. എന്നാൽ അവസാന നിമിഷത്തെ ബ്രസീലിയൻ കരുത്തിന് മുന്നിൽ മയാമിക്ക് അടിയറവ് പറയേണ്ടി വന്നു. 80-ാം മിനിറ്റിൽ പൗളിഞ്ഞോയും 87-ാം മിനിറ്റിൽ മൗറീസിയോയും പാൽമിറാസിന് വേണ്ടി ഗോൾ നേടി. ഈ സമനിലയോടെ പാൽമെറാസിനും ഇന്റർ മയാമിക്കും അഞ്ചു പോയിന്റ് വീതമായി. എന്നാൽ ഗോൾ വ്യത്യാസത്തിൽ പാൽമെറാസ് ഗ്രൂപ്പിൽ ഒന്നാമതെത്തുകയായിരുന്നു. ഗ്രൂപ്പ് എയിലെ ഈജിപ്‌ത്യൻ ക്ലബ് അൽ അഹ്‌ലാൽ അവസാന മത്സരത്തിൽ യൂറോപ്യൻ ചാമ്പ്യൻമാരായ പോർടോയെ സമനിലയിൽ പൂട്ടി. ഇരു ടീമുകളും നാലു ഗോളുകൾ വീതം നേടി.
ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ അമേരിക്കൻ ക്ലബ് സ്‌റ്റീൽ സൗണ്ടേഴ്‌സിനെ 2-0 ന് പരാജയപ്പെടുത്തിയാണ് പിഎസ്ജിയുടെ പ്രീക്വാർട്ടർ പ്രവേശനം. മത്സരത്തിന്റെ 35-ാം മിനിറ്റിൽ കവിച കവാറസ്‌ഹെലിയ ടീമിനെ മുന്നിലെത്തിച്ചു. 66-ാം മിനിറ്റിൽ ഹക്കിമിയുടെ വകയായിരുന്നു രണ്ടാം ഗോൾ. മറ്റൊരു മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ബോട്ടാഫെഗോയെ ഒരു ഗോളിന് പരാജയപ്പെടുത്തിയെങ്കിലും അത്‍ലറ്റികോ മാഡ്രിഡിന് രക്ഷയുണ്ടായില്ല. ഇരുടീമുകൾക്കും ആറു വീതം പോയന്റായപ്പോൾ ഗോൾവ്യത്യാസത്തിലാണ് ഡിയഗോ സിമിയോണിയുടെ സംഘം പ്രീക്വാർട്ടർ കാണാതെ പുറത്തായത്.









0 comments